അന്ന് ചോദിച്ചു, ഇന്ന് നൽകി ; കുട്ടികളിക്കാർക്ക് യൂത്ത് കോൺഗ്രസിന്റെ സ്നേഹസമ്മാനം
കൂരാച്ചുണ്ട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികൾക്ക് നൽകിയ ഒരു കൊച്ചു വാഗ്ദാനം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് കൂരാച്ചുണ്ടിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.ടി.സൂരജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യുഡിവൈഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘വാക്ക് ഫോർ സൂരജ്’ പരിപാടിയുടെ ഭാഗമായി കക്കയത്ത് ക്യാമ്പയിൻ നടക്കുന്നതിനിടെയാണ് അവിടെ പന്തുതട്ടിക്കൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികൾ പ്രവർത്തകരുമായി സൗഹൃദത്തിലേർപ്പെട്ടത്. തങ്ങൾക്ക് ഒരു ഫുട്ബോൾ വാങ്ങിത്തരുമോ എന്ന ചോദ്യം കുട്ടികൾ അന്ന് ഉയർത്തിയിരുന്നു. "തിരഞ്ഞെടുപ്പ് കഴിയട്ടെ, നമുക്ക് ശരിയാക്കാം" എന്ന സ്നേഹപൂർവ്വമായ മറുപടി നൽകിയാണ് അന്ന് സംഘം അവിടെ നിന്നും മടങ്ങിയത്.
തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ ആ വാക്ക് വെറും വാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി. മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ
ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ ഫുട്‌ബോളുകൾ കുട്ടികൾക്ക് കൈമാറി.
യൂത്ത് കോൺഗ്രസമണ്ഡലം പ്രസിഡന്റ് നിസാം കക്കയം, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബേബി തേക്കാനത്ത്, മുൻ ഗ്രാമപഞ്ചായത്തംഗം ആൻഡ്രൂസ് കട്ടിക്കാന, ജാക്സ് കരിമ്പനക്കുഴി, ജ്യോതിഷ് രാരപ്പൻകണ്ടി, അഭിനവ് ബാവോസ്, അമൽജിത്ത് തേക്കാനത്ത്, ബിബിൻ വെളിയംകുളം, ഷാരോൺ ചാലിക്കോട്ടയിൽ, മിഥുൻ വേലായുധൻ എന്നിവർ നേതൃത്വം നൽകി.
Tags:
Kozhikode News
