Trending

ആമിന ജിജു: ഒരു പ്രതിഭയല്ല പ്രതിഭാസമാണ് ​എഴുത്ത്: കരീം എളമരം

ആമിന ജിജു: ഒരു പ്രതിഭയല്ല, പ്രതിഭാസമാണ്
​എഴുത്ത്: കരീം എളമരം

ഒരു വർഷം മുമ്പ് 'സന്മനസ്സുള്ളവർക്ക് സന്നദ്ധരാവാം' എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒരു പരിപാടിയിൽ വെച്ചാണ് ഞാൻ ജിജുവിനെ ആദ്യമായി കാണുന്നത്. അന്ന് ആ പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്നു ഞാൻ. പേരിലെ ആ ഒരു വ്യതിരിക്തത കൊണ്ട് ആദ്യകാഴ്ചയിൽ തന്നെ അവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും ഒരു സാധാരണ വനിത എന്നതിൽ കവിഞ്ഞ്, സശ്രദ്ധമോ സുസൂക്ഷ്മമോ ആയ ഒരു വിലയിരുത്തലിന് അന്ന് സാഹചര്യമുണ്ടായിരുന്നില്ല.
​എന്നാൽ പിന്നീട് പല മീഡിയകളിലൂടെയും അവരുടെ ഭാഷാപരമായ കഴിവും അവതരണമികവും നേരിട്ടറിയാൻ അവസരമുണ്ടായി. അപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്, ഇവൾ ഒരു സാധാരണ ജിജു അല്ലെന്ന്. വേറിട്ട പേര് പോലെ തന്നെ തികച്ചും വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാണ് അവർ. അഹങ്കാരമോ ധിക്കാരമോ തലക്കനമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത പെരുമാറ്റം. എളിമയും ലാളിത്യവും സൗമ്യശീലവും എന്നും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വ്യക്തിത്വം.
​ജിജുവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് എന്നെ ഏറെ ആകർഷിച്ചത്. കേക്ക് മുറിച്ചും 'ഹാപ്പി ബർത്ത് ഡേ' പാടിയുമുള്ള ആഘോഷങ്ങൾ മാറ്റിവെച്ച്, തന്റെ ഉറ്റസുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തിക ശേഖരണത്തിനായി തന്റെ പിറന്നാൾ ദിനം നീക്കിവെച്ച ആ വലിയ മനസ്സ് നമ്മൾ കണ്ടതാണ്. "പിറന്നാൾ കേക്കിനേക്കാൾ മധുരം ഈ കാരുണ്യ പ്രവർത്തനത്തിലൂടെ ഞാൻ അനുഭവിക്കുന്നു" എന്ന ജിജുവിന്റെ വാക്കുകൾ, മനുഷ്യസ്നേഹത്തോടുള്ള അവരുടെ സമീപനം എത്രത്തോളം ആഴമുള്ളതാണെന്ന് വ്യക്തമാക്കുന്നു.
​കഷ്ടപ്പെടുന്നവരുടെയും പ്രയാസമനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പാൻ തന്റെ മീഡിയയും സമയവും കഴിവും സ്വാധീനവുമെല്ലാം അവർ പ്രയോജനപ്പെടുത്തുന്നു. ജിജുവിന്റെ ഇടപെടലുകളും പെരുമാറ്റവും കണ്ടപ്പോൾ സമ്പന്ന വർഗ്ഗത്തിൽ ജനിച്ചു വളർന്നവളാണെന്നാണ് ഞാൻ ആദ്യം ധരിച്ചിരുന്നത്. എന്നാൽ അവർ ഒരു സാധാരണ കുടുംബത്തിലെ അംഗമാണെന്ന് അടുത്തിടെയാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്.
​ഒരു 'മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റ്' എന്ന നിലയിൽ തന്റെ പ്രൊഫഷനിലൂടെ ഒട്ടനവധി ആളുകളുടെ മാനസിക പ്രയാസങ്ങൾക്ക് അറുതി വരുത്താൻ ജിജുവിന് സാധിച്ചിട്ടുണ്ട്. തകർന്നടിഞ്ഞ പലരെയും സാധാരണ ജീവിതത്തിലേക്കും സന്തുഷ്ട കുടുംബ ജീവിതത്തിലേക്കും തിരിച്ചു കൊണ്ടുവരാൻ അവർ നടത്തുന്ന പരിശ്രമങ്ങൾ ഒട്ടും ചെറുതല്ല.
​ചുരുക്കത്തിൽ, സർവ്വകലാവല്ലഭയായ ജിജു ഒരു പ്രതിഭയല്ല, മറിച്ച് ഒരു പ്രതിഭാസമാണ്. എഴുതിയതിനേക്കാൾ ഏറെ എഴുതാൻ ബാക്കിവെച്ചുകൊണ്ട്, പ്രിയപ്പെട്ട ജിജുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.

Post a Comment

Previous Post Next Post