കുന്ദമംഗലത്ത് യുവജന സംഗമം: നവമാധ്യമങ്ങൾ, നാടിന്റെ വികസനം- സ്ഥാനാർത്ഥി മുഖാമുഖ സംഭാഷണം ശ്രദ്ധേയമായി.
കുന്ദമംഗലം: സോഷ്യൽ മീഡിയയുടെ സ്വാധീനം ദിവസേന ഉയരുന്ന സാഹചര്യത്തിൽ, നവമാധ്യമങ്ങളിലൂടെ അറിവും ആശയങ്ങളും പങ്കുവയ്ക്കുന്ന യുവാക്കളെ ഒരുമിപ്പിച്ച് ഐക്യ ജനാധിപത്യമുന്നണിയുടെ യുവജന വിഭാഗം കുന്ദമംഗലം നിയോജകമണ്ഡലത്തിൽ വ്യത്യസ്തമായൊരു യുവജന സംഗമം സംഘടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി എം.എ. റസാഖ് മാസ്റ്ററുമായി യുവജനങ്ങൾ നേരിട്ട് സംവദിച്ച ഈ പരിപാടി വലിയ യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ചെറുപ്പയിൽ നടന്ന ഈ സംഗമത്തിൽ, നാടിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ യുവജനങ്ങളുടെ ആശങ്കകളും സ്ഥാനാർത്ഥിയുടെ ഓരോ വിഷയത്തിലുമുള്ള നിലപാടുകളും വികസന ദർശനവും പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചും വിലയിരുത്തിയും ചർച്ചകൾ നടത്തി. “കുന്ദമംഗലത്തിന്റെ മാസ്റ്റർ പ്ലാൻ” എന്ന ആശയത്തിന് യുവജനങ്ങളുടെ സ്വപ്നങ്ങളും നിർദേശങ്ങളും സമം ചേർത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ കൂടിച്ചേരൽ ശക്തിപകരുമെന്ന് എം എ റസാഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയുടെ സദുപയോഗവും ദുരുപയോഗവും സംബന്ധിച്ച് ശരീഫ് സാഗർ, അജ്മൽ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.നവതലമുറയുടെ ആശയങ്ങളും ഊർജ്ജവും വികസനത്തിലേക്ക് തിരിച്ചു വിടേണ്ടതിന്റെ ആവശ്യകതയും, സമൂഹമാധ്യമങ്ങളെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ ആവർത്തിച്ച് ഉയർന്നു. യുവജനങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ഉജ്ജ്വലമാക്കി.
കുന്ദമംഗലം നിയോജകമണ്ഡലം സോഷ്യൽ മീഡിയ വിഭാഗം ഭാരവാഹികളായ യാസീൻ, ജിയാദ് കൂളിമാട്, വിഷ്ണു തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Tags:
kunnamangalam News
