മരണമുഖത്തുനിന്നും മിന്നൽവേഗത്തിൽ ഒരു ജീവൻ കാത്ത് ഷഫീഖ് വെട്ടത്തൂർ:
ഇരവഴിഞ്ഞിപ്പുഴ പാലത്തിൽ വിദ്യാർത്ഥിനിക്ക് രക്ഷകനായി യുവാവ്
ചെറുവാടി: പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ തുനിഞ്ഞ വിദ്യാർത്ഥിനിയെ സ്വന്തം ജീവൻ പണയപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റി യുവാവ് മാതൃകയായി. വെട്ടത്തൂർ സ്വദേശി മദീന മൻസിലിൽ ഷഫീഖ് (കുഞ്ഞാനു) ആണ് ഇരവഴിഞ്ഞിപ്പുഴ പാലത്തിൽ വെച്ച് നടന്ന ആത്മഹത്യാ ശ്രമം സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെടുത്തിയത്. ഇന്ന് രാവിലെ മൽസ്യം വാങ്ങി മടങ്ങുന്നതിനിടെ പാലത്തിൽ തനിച്ചുനിൽക്കുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ ഷഫീഖ്, വാഹനം ഒതുക്കി സൈഡ് മിററിലൂടെ നിരീക്ഷിക്കുകയായിരുന്നു. പെൺകുട്ടി കൈവരിയിൽ കയറി താഴേക്ക് ചാടാൻ ഒരുങ്ങുന്നത് കണ്ടയുടൻ മിന്നൽവേഗത്തിൽ ബൈക്ക് തിരിച്ച് പെൺകുട്ടിയുടെ അടുത്തേക്ക് കുതിച്ചെത്തുകയും വസ്ത്രത്തിൽ ബലമായി പിടുത്തമിടുകയുമായിരുന്നു. പിടിവലിക്കിടയിൽ വസ്ത്രം കീറിപ്പോയെങ്കിലും മുടിയിൽ പിടിമുറുക്കി പെൺകുട്ടിയെ തടഞ്ഞുനിർത്താൻ ഷഫീഖിനായി. ഈ സമയം യാത്രക്കാരായ മറ്റുള്ളവരും ഓടിയെത്തിയതോടെ വലിയൊരു ദുരന്തം ഒഴിവായി. വീട്ടുകാരുമായി വഴക്കിട്ടെത്തിയ പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനിടെ കൈക്ക് സാരമായി പരിക്കേറ്റ ഷഫീഖ് ചികിത്സ തേടിയ ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ചീക്കപ്പള്ളി ബഷീർ - ആമിന ദമ്പതികളുടെ മകനായ ഷഫീഖിന്റെ ഈ ധീരമായ ഇടപെടലിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്.
Tags:
Malappuram News
