കൊണ്ടോട്ടിയിൽ അഷ്റഫലിക്ക് റെക്കോർഡ് ഭൂരിപക്ഷം വാഴക്കാട് സമ്മാനിക്കും: പി.എ. ജബ്ബാർ ഹാജി
വാഴക്കാട്: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. അഷ്റഫലിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്നത് വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നായിരിക്കുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി പ്രസ്താവിച്ചു. വാഴക്കാട് എൽറിയോ ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻഗാമി ടി.വി. ഇബ്രാഹിം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം, നൂതനമായ ആശയങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ടോട്ടിയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകുമെന്ന് സ്ഥാനാർത്ഥി ടി.പി. അഷ്റഫലി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ജൈസൽ എളമരം അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടമ്മൽ മുജീബ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. നിയോജക മണ്ഡലത്തിലെയും ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലെയും ഭരണസാരഥികളും പ്രമുഖ യു.ഡി.എഫ് നേതാക്കളും യോഗത്തിൽ സംസാരിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.എ. ജബ്ബാർ ഹാജി (മുഖ്യ രക്ഷാധികാരികൾ), ജൈസൽ എളമരം (ചെയർമാൻ), മോട്ടമ്മൽ മുജീബ് മാസ്റ്റർ (കൺവീനർ), എം.സി. സിദ്ദീഖ് മാസ്റ്റർ (ട്രഷറർ), യു.കെ. നിസാർ (കോഡിനേറ്റർ), സി.എ. കരീം എളമരം (പ്രചരണ വിഭാഗം കൺവീനർ) എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
യോഗത്തിൽ എം.സി. സിദ്ദീഖ് മാസ്റ്റർ തെരഞ്ഞെടുപ്പ് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രചരണം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.
Tags:
Malappuram News
