അറബി വാക്കുകളുച്ചരിക്കാതെ മലയാളിക്ക് ജീവിക്കാനാവില്ലെന്ന് രാജ്യാന്തര സെമിനാറിൽ ഡോ. ഹുസൈൻ മടവൂർ
തിരുവനന്തപുരം :
നമ്മുടെ നിത്യജീവിതത്തിലുപയോഗിക്കുന്ന നൂറ് കണക്കിന്ന് വാക്കുകൾ അറബി ഭാഷയിൽ നിന്ന് വന്നതാണെന്നും അറബി വാക്കുകൾ ഉച്ചരിക്കാതെ മലയാളിക്ക് ഒരു ദിവസം പോലും ജീവിക്കാനാവില്ലെന്നും പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഡൽഹിയിലെ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ( എഛ് ആർ ഡി എഫ് ) ചെയർമാനുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
കേരള യൂണിവേഴ്സിറ്റിയിൽ "ദക്ഷിണേന്ത്യയിലെ അറബി പഠനത്തിൻ്റെ ചരിത്രവും പരിണാമവും" എന്ന വിഷയത്തിൽ നടന്ന് വരുന്ന രാജ്യാന്തര സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന ഇന്ത്യൻ സാഹിത്യങ്ങൾ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് പോലെ പ്രമുഖ അറബി സാഹിത്യങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ മലയാളത്തിൻ്റെ സ്ഥാനം വളരെ വലുതാണ്.
തൊഴിൽ മേഖകലകളിൽ ആധുനിക അറബി ഭാഷ പഠിച്ചവർക്ക് അനന്തസാദ്ധ്യതകളാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
അറിവ് ഒരിടത്തുമാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമല്ലെന്നും, ദേശങ്ങൾ താണ്ടി പുതിയ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും സമ്പന്നമാക്കിക്കൊണ്ടിരിക്കുമെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ അഭിപ്രായപ്പെട്ടു. അറിവിൻ്റെ സഞ്ചാരങ്ങൾ പുതിയ വിജ്ഞാന ശാഖകൾക്ക് ജന്മം നൽകുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്നും വൈജ്ഞാനിക വിനിമയങ്ങൾ, സാംസ്‌കാരിക ഇടപെടലുകൾ, ബൗദ്ധിക പാരമ്പര്യങ്ങൾ എന്നിവയിലൂടെ രൂപപ്പെട്ട വിപുലമായ ചരിത്രമാണ്
ദക്ഷിണേന്ത്യയിൽ അറബി ഭാഷക്കുള്ളതെന്നും സെമിനാർ വിലയിരുത്തി.
വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും പണ്ഡിതരും പങ്കെടുത്ത ചടങ്ങിൽ ദക്ഷിണേന്ത്യയിലെ അറബിക് സാഹിത്യം, വൈദ്യശാസ്ത്രം, കർമ്മശാസ്ത്രം തുടങ്ങിയ മേഖലകളിലെ സംഭാവനകളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അക്കാദമിക് രംഗത്തും സാംസ്‌കാരിക രംഗത്തും ഈ പഠനങ്ങൾ ഇന്നും പ്രസക്തമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
വകുപ്പ് മേധാവി ഡോ. ഇ സുഹൈൽ ആദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. രാധാമണി, പ്രൊഫ. ഇ ഷാജി, ഡോ. താജുദ്ദീൻ എ.എസ്, ഡോ. നൗഷാദ് വി . തുടങ്ങിയവർ സംസാരിച്ചു.
Tags:
Kerala News


