കൂട്ടായ്മ വളരണമെങ്കിൽ ‘തല’ മാത്രം പോരാ, ഒരു ‘മനസ്സും’ വേണം!
നമ്മളൊക്കെ ഇന്ന് വാട്സപ്പിൽ നൂറുകൂട്ടം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ഒരു സംഘടന തുടങ്ങുമ്പോഴോ അല്ലെങ്കിൽ ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമ്പോഴോ അത് വെറുതെ ഒരു പേരിന് വേണ്ടിയാകരുത്. പ്രത്യേകിച്ചും ചാരിറ്റി, സന്നദ്ധ സേവനം എന്നൊക്കെ പറഞ്ഞ് നമ്മൾ ഇറങ്ങിത്തിരിക്കുമ്പോൾ അവിടെ ഏറ്റവും വലിയ മൂല്യം പരസ്പരമുള്ള സ്നേഹവും ബഹുമാനവുമാണ്.
ഗ്രൂപ്പ് തുടങ്ങിയാൽ മാത്രം പോര, അതിലുള്ള ഓരോ അംഗവുമായും ഒരു നല്ല ചങ്ങാത്തം സൂക്ഷിക്കാൻ അതിന്റെ തലപ്പത്തിരിക്കുന്നവർക്ക് കഴിയണം. ചാരിറ്റി ഗ്രൂപ്പുകളിൽ ആളുകൾ വരുന്നത് കാശ് ഉണ്ടാക്കാനോ പേരെടുക്കാനോ ഒന്നുമല്ല, മറിച്ച് മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് ഉള്ളതുകൊണ്ടാണ്. വെയിലത്തും മഴയത്തും കഷ്ടപ്പെട്ട് സമൂഹത്തിനിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഒരുപാട് പേർ ആ ഗ്രൂപ്പിലുണ്ടാകും.
ഇവിടെയാണ് പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കേണ്ടത്. ചിലപ്പോൾ സംഘടനയുടെ മുകളിൽ നിന്നോ അല്ലെങ്കിൽ ഗ്രൂപ്പ് അഡ്മിൻമാരുടെ ഭാഗത്തുനിന്നോ എന്തെങ്കിലും ചെറിയ തെറ്റുകൾ സംഭവിക്കാം. മനുഷ്യരല്ലേ, തെറ്റുകൾ സ്വാഭാവികമാണ്. പക്ഷേ, ഗ്രൂപ്പിലെ ഒരു മെമ്പർ ആ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ, "നീ ആരാടാ ഇത് പറയാൻ?" എന്ന ഭാവത്തിലല്ല അതിനെ നോക്കേണ്ടത്.
പകരം, "ശരിയാണ് ഭായ്, ആ പറഞ്ഞതിൽ കാര്യമുണ്ട്, നമുക്കിത് തിരുത്താം" എന്ന് പറയാനുള്ള ആർജ്ജവം നേതൃത്വത്തിന് വേണം. വിമർശനങ്ങളെ പോസിറ്റീവായി എടുക്കുമ്പോഴാണ് ആ വ്യക്തിക്ക് സംഘടനയോട് കൂടുതൽ അടുപ്പം തോന്നുന്നത്. ഞാനും ഈ കൂട്ടായ്മയുടെ ഭാഗമാണെന്ന തോന്നൽ ഓരോ മെമ്പർക്കും ഉണ്ടാകുമ്പോഴാണ് ഒരു സംഘടന ശരിക്കും വളരുന്നത്.
അഹങ്കാരമല്ല, വിനയമാണ് ഒരു നേതാവിനെ ജനകീയനാക്കുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവനെ ശത്രുവായി കാണാതെ, കൂടെ നിർത്താൻ പഠിച്ചാൽ ഏത് സംഘടനയും പടർന്നു പന്തലിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
സ്നേഹത്തോടെ.....
ആമിന ജിജു
മാനേജിംഗ് ഡയറക്ടർ
ട്രൂ ലൈവ് ഓൺലൈൻ മീഡിയ
Tags:
Articles
