പെരുവയലിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു
പെരുവയൽ: പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റിയും കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ശ്രദ്ധേയമായി. പെരുവയൽ കൊണാറമ്പ് ദാറുസ്സലാം മദ്രസയിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്.
രാവിലെ 9:30-ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കായി എല്ലാവിധ നേത്രരോഗങ്ങൾക്കും സൗജന്യ പരിശോധന ലഭ്യമാക്കിയിരുന്നു. ആധുനിക രീതിയിലുള്ള തുന്നലില്ലാത്ത വേദനാരഹിത തിമിര ശസ്ത്രക്രിയകളും, ഐ.ഒ.എൽ ശസ്ത്രക്രിയകളും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രമേഹ രോഗികൾക്കുള്ള പ്രത്യേക നേത്ര പരിശോധനയും തുടർചികിത്സയും ക്യാമ്പിന്റെ ഭാഗമായി ഉറപ്പാക്കിയിരുന്നു.
കൂടാതെ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള 'മെഡിസെപ്പ്' ഇൻഷുറൻസ് ആനുകൂല്യങ്ങളും ഈ ക്യാമ്പിലൂടെ ലഭ്യമായിരുന്നു.
മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡന്റ് കെ.പി. മോയിൻ കുട്ടി, സെക്രട്ടറി കെ. അബ്ദുറഹിമാൻ, ഭാരവാഹികളായ പി.കെ. മുനീർ, ടി.കെ. സലിം, എൻ.ടി. ഹംസ, പി.കെ. മുഹമ്മദ്, പി.കെ. ശഹീദ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. നിരവധി നാട്ടുകാർ ക്യാമ്പിലെത്തി ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി.
നേത്ര പരിശോധനക്ക് റിഷാന, അൻഷിദ, റംഷിയ എന്നിവർ നേതൃത്വം നൽകി.
Tags:
Peruvayal News


