ആത്മാവ് നഷ്ടപ്പെട്ടവൾ
[കവിത]
രചന : ലജ്ന യൂനുസ്
ആത്മാവ് നഷ്ടപ്പെട്ടവൾക്കൊപ്പം ഒരു യാത്ര പോവണം,
യാത്രയിലുടനീളം അവൾക്കൊരു കൂട്ടാവണം.
പുറപ്പെടും മുൻപൊരു ചുടു ചായ നുകരണം ,
ആത്മാവിനെ തിരഞ്ഞുള്ള യാത്രക്കുണർവ്വേകാൻ.
മനോഹരക്കാഴ്ചകൾ നൽകുന്ന കുന്നിൻ പുറത്തൽപനേരമി രിക്കണം ,
അവിടുത്തെ ഇളം കാറ്റിന് ചിലപ്പോ അവളുടെ നഷ്ടപ്പെട്ട ആത്മാവിനെ തിരികെ നൽകാൻ കഴിഞ്ഞെങ്കിലോ?
പോകുംവഴി അവളുടെ പഴയ വിദ്യാലയത്തിലൊന്ന് കേറണം,
ഒഴിഞ്ഞ ക്ലാസ്മുറികളിലെവിടെയെങ്കിലും ഒരു മിടുക്കിക്കുട്ടിയുടെ ആത്മാവ് ഒളിച്ചിരിപ്പുണ്ടെങ്കിലോ.
അവളുടെ ജന്മനാട്ടിലെ ഇടവഴികളിലെല്ലാം ഒന്ന് തിരയണം,
അവിടുത്തെ മാവിൻ ചുവട്ടിലെങ്ങാനും പഴയ കുസൃതി പ്പെണ്ണിൻ്റെ ആത്മാവ് വീണുകിടപ്പുണ്ടെങ്കിലോ.
പഴയ തറവാട് മുറ്റത്തൊന്ന് ചെല്ലണം ,
വീണുടഞ്ഞ അവളുടെ സ്വപ്നക്കൂടിൻ്റെ ബാക്കിച്ചില്ലുകൾ ആ മണ്ണിലെവിടെയെങ്കിലുമുണ്ടെങ്കിലോ.
അസ്തമയ സൂര്യനെ നോക്കി കടൽത്തീ രത്തങ്ങനെയിരിക്കണം.
ആർത്തിരമ്പുന്ന തിരമാലകൾക്കൊപ്പം അവളുടെ ആത്മാവും തീരത്തടിഞ്ഞെങ്കിലോ.
യാത്രക്കൊടുവിൽ അവൾ സ്വയം തിരിച്ചറിയണം ,
അവളുടെ ആത്മാവ് മറ്റെങ്ങും പോയിട്ടില്ലെന്ന്.
തീക്ഷ്ണമായ ചൂടേറ്റ്
അവളുടെ ആത്മാവ് അവൾക്കുള്ളിൽ തന്നെ എരിഞ്ഞടങ്ങിയതാണെന്ന്.
നനച്ചാൽ കിളിർക്കാൻ പറ്റാത്തവിധം അത് വെറും ചാരമായിത്തീർന്നെന്ന് .
രചന : ലജ്ന യൂനുസ്
Tags:
Articles
