അവിശ്വാസത്തിന്റെ കരിനിഴൽ
ചെറുകഥ
നെല്ലിയോട്ട് ബഷീർ
അബ്ദുള്ള ഏവർക്കുംസാധാരണക്കാരനായ ഒരു സർക്കാർ ജീവനക്കാരൻ മാത്രമായിരുന്നു.എന്നാൽഅവന്റെ ജീവിതത്തിൽ ഒരു വലിയ വിരോധാഭാസം ഉണ്ടായിരുന്നു.അവന്റെ ഭാര്യ ഫാത്തിമ ഒരു ഫാമിലി കൗൺസിലറും അധ്യാപികയും; സമൂഹത്തിലെ പ്രശ്നങ്ങൾ കേട്ട് പരിഹാരങ്ങൾ നൽകുന്ന ബഹുമാന്യയായ വ്യക്തിയുമായിരുന്നു.തന്റെ പ്രവർത്തന മേഖലയിൽ,അവളുടെ ക്ലാസ് കേട്ടാൽ, “ഒരു കുടുംബം വിശ്വാസത്തിൽ ആണ് വളരുന്നത്” എന്നാണ് പറയാറ്.പഠിതാക്കൾക്ക് ധൈര്യവും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ ക്ലാസ്സെടുക്കും. കൗൺസിലിംഗിൽ വരുന്നവരോട്, “അവിശ്വാസം നിജസ്ഥിതിയെ മറയ്ക്കുമെന്നാണ് പറയാറ് ”.എന്നാൽ അവർ തന്നെ തന്റെ വീട്ടിൽ അവിശ്വാസത്തിന്റെ കനലെരിക്കുന്ന സ്ത്രീയാണെന്ന കാര്യം ആർക്കും തന്നെ അറിയുമായിരുന്നില്ല.
അബ്ദുള്ളയുടെ ഫോൺ ബെല്ലടിയുമ്പോൾ പോലും ഫാത്തിമയുടെ കണ്ണിലെ കൃഷ്ണമണി ഉരുണ്ടു വരും.മറ്റുള്ളവരുടെ കുടുംബങ്ങൾ എങ്ങനെ തകരരുതെന്ന് പഠിപ്പിക്കുന്ന അവരാകട്ടെ, തന്റെ ഭർത്താവ് ആരുമായാണ് സംസാരിക്കുന്നത് എന്ന കാര്യം പോലും മനസ്സിലാക്കാൻ ശ്രമിക്കാറില്ല,എന്തിനും ഏതിനും സംശയം മാത്രം.ഒരിക്കൽ അബ്ദുള്ള ഫോൺ എടുക്കുന്നതിനായി ബെൽ കേട്ടപ്പോൾ പുഞ്ചിരിയോടെ “ഹലോ” എന്നു പറഞ്ഞതു മാത്രമേ ഓർമ്മയുള്ളൂ.അതിനു മുൻപ് തന്നെ ഫാത്തിമയുടെ ദൃഷ്ടി മാറി. “ആരായിരുന്നു? നിങ്ങൾ എന്താ ഇങ്ങനെ? ഇവിടെ വന്നതിനു ശേഷവും വേണമോ?ഇതു പറച്ചിലല്ലായിരുന്നു,ചൂടായിട്ടുള്ള പ്രതിഫലനം.
ഓഫീസിൽ സ്ത്രീകളെ കാണുന്നത് പോലും പ്രശ്‌നമായിരുന്നു. കൗൺസിലിംഗിൽ വരുന്നവരോട് ‘ഭാര്യ-ഭർത്താവ് തമ്മിൽ ആശയവിനിമയം വേണം’ എന്ന് മനസ്സിലാക്കി കൊടുക്കുന്ന ഫാത്തിമ, അബ്ദുള്ളയുടെ ഒരു ദിവസത്തെ ചെറിയ കാര്യങ്ങൾ പോലും സങ്കീർണമാക്കികൊണ്ടിരുന്നു. ചോദിക്കാനുള്ള അവകാശം അവൾക്കു മാത്രമാണെന്ന് കരുതി, ഇങ്ങനെയുണ്ട?അബ്ദുള്ള ഒരു ദിവസം പുതിയ ഓഫീസ് സ്റ്റാഫായ രേഷ്മയോടു “ആ ഫയൽ എനിക്ക് തരാമോ?” എന്നു ചോദിച്ചത് വലിയ പൊല്ലാപ്പയിപ്പോയി. വീട്ടിലെത്തുന്നതും കാത്ത് ചോദ്യം ഉമ്മറപ്പടിയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. “ആ സ്റ്റാഫ് തന്നെ മതിയായിരുന്നില്ലേ?എന്തോരു വിധി,പുതിയ പുതിയ ആളുകൾ വന്നു കൊണ്ടിരിക്കും.എന്നെ ആര് ശ്രദ്ധിക്കാൻ” എന്നൊക്കെ പുലമ്പകൊണ്ടിരിക്കും അവളുടെ ശബ്ദം നൈരാശ്യം നിറഞ്ഞതായിരുന്നു; കോപവും ഭയവും ചേർന്ന അവസ്ഥ.
ഫാത്തിമയുടെ സംശയം ക്രമേണ ക്രമേണ വളർന്ന വേരുകളുള്ള മരമായി മാറിയിരിക്കുന്നു. പിതാവ് കുടുംബത്തെ വിട്ടുപോയ ബാല്യകാല മുറിവ് അവളുടെ മനസ്സിൽ ഇന്നും പൊള്ളിക്കൊണ്ടിരിക്കുന്നു.കണ്ടതും കേട്ടതും തന്റെ ജീവിതത്തിലും നടന്നേക്കുമെന്ന് അവൾ ഭയപ്പെടുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാനും അവരെ ഉപദേശിക്കാനും അവൾക്കു കഴിയുന്നുവെങ്കിലും, തനിക്കുള്ള ഇത്തരം പ്രശ്നങ്ങളെ നേരിടാൻ അവൾക്ക് കഴിയുന്നില്ല. തന്റെ പഠിതാക്കൾക്ക് “ചിന്തകൾ പങ്കുവെക്കുക” എന്ന് പഠിപ്പിക്കുന്ന അവൾ, സ്വന്തം ഭർത്താവിനോടു പറയുന്ന ഒരോ വാക്കുകളും അയാളുടെ ഹൃദയത്തെ എത്ര കണ്ട് മുറിവേൽപ്പിക്കുന്നതായി അവൾ അറിയുന്നില്ല.
വൈകിവന്നാൽ വീട്ടിലെ അന്തരീക്ഷം കാർമേഘമാകും.ഒരു ദിവസം മീറ്റിംഗ് നീണ്ടുപോയി. വീട്ടിലെത്തിയപ്പോൾ അബ്ദുള്ള കണ്ടത് ഫാത്തിമയുടെ കരുവാളിച്ച മുഖമാണ്,കണ്ണുകളിൽ നിസംഗതഭാവം. “നിങ്ങൾ വന്ന വഴികൾ നിങ്ങൾക്കൊന്നും പരിചിതമല്ലാതായോ?” എന്നായിരുന്നു അവൾ ചോദിച്ചത്. അവളുടെ ശബ്ദത്തിൽ അരിശം തുളുമ്പുന്നുണ്ടായിരുന്നു.ഭൂമി തന്നെ പിളർന്നുപോകുന്ന പോലെ.അബ്ദുല്ലയുടെ മനസ്സിൽ എന്തെല്ലാമോ തോന്നി.അവൾ തന്നെ ദിവസവും,ഭീഷണിപെടുത്തുന്നു,അല്ല, 'വിശ്വാസത്തെപ്പറ്റി’മറ്റുള്ളവരോട് പഠിപ്പിക്കുന്ന ഒരുത്തി.
അന്ന് രാത്രി, ഫാത്തിമ പൊട്ടി കരഞ്ഞു. “എനിക്ക് നിങ്ങളെ നഷ്ടമാകുമോ എന്ന ഭയം വിട്ടുപോകുന്നില്ല, നിങ്ങൾ ആരെയോ കണ്ടു വെച്ചിട്ടുണ്ട് അബ്ദൂ.…” അവളുടെ കരച്ചിലിൽ ഒരു കൗൺസിലറുടെ ആത്മവിശ്വാസമില്ല; ഒരു അധ്യാപികയുടെ ദൃഢതയുമില്ല.ജീവിതത്തിൽ ഏറ്റ ഏതോ മുറിവിന്റെ പ്രതീതിയാണ് അവളിൽ കാണുന്നത്.അബ്ദുള്ള അവളുടെ കൈ പിടിച്ചു, ആ സ്നേഹത്തിൽ ഒരു ഉറപ്പ് ഉണ്ടായിരുന്നു “നിനക്ക് ഇപ്പോഴും എന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല, ഞാൻ എന്തു ചെയ്യാനാണ് ”
അവർ തമ്മിൽ ദീർഘനേരം സംസാരിച്ചു.പലപ്പോഴും വാക്കുകളിൽ ആന്തരാർത്ഥം ഒളിച്ചിരുന്നിരുന്നു.ഓരോ വാക്കിലും കുരുങ്ങിക്കിടന്ന വേദനകൾ മുറുകുകയുക അഴിയുകയും ചെയ്തു. ഫാത്തിമക്ക് തിരിച്ചറിയണമെന്നുണ്ട്. അവളുടെ സംശയം അബ്ദുള്ളയുടെ തെറ്റല്ല,തെറ്റുണ്ടായിട്ടുണ്ടാകാം, അത് അബ്ദുള്ള തിരുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാം തന്റെ പഴയവേദനയുടെ പ്രതിബിംബമാണെന്ന് അവൾ തിരിച്ചറിയുന്നുണ്ട്."അതിനെ മറികടക്കുക തന്നെ വേണം" ഫാത്തിമ തീരുമാനിച്ചു. കൗൺസിലിംഗ് നൽകുന്ന അവൾ,ഈ തവണ സ്വന്തം ഉള്ളിലേക്ക് നോക്കാൻ തുടങ്ങി.അവളുടെ പെരുമാറ്റത്തിൽ മാറ്റംതുടങ്ങി.ഫോൺ മണിയടിയുമ്പോൾ കണ്ണുകളിൽ വേവലാതികൾ ഇല്ലാതായി. ഓഫീസിലെ കാര്യങ്ങൾ ചോദിക്കുമ്പോൾ സംശയം ഇല്ല; സ്നേഹപൂർവ്വമായ കേൾവിയാണ്. ജീവിതത്തിൽ ആദ്യമായി, അവൾ പഠിപ്പിച്ച പാഠം തന്നെയാണ് അനുഷ്ഠിച്ചുതുടങ്ങിയത്.
അബ്ദുള്ളയും ഫാത്തിമയും അവരുടെ ബന്ധം കൂടുതൽ സ്വരച്ചേർച്ചയോടെ മുന്നോട്ടു പോയി. അവർ മനസ്സിലാക്കി,അറിവ് മാത്രം ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകില്ല; വികാരങ്ങളെ തിരിച്ചറിയാനും പങ്കുവെക്കാനും സാവധാനം കേൾക്കാനുംകൂടി മനസ്സുണ്ടാകണം.ഒരാൾ ഒരു കൗൺസിലർ ആയാലും ഇല്ലെങ്കിലും,ഒരു മനുഷ്യന്റെ വികാരങ്ങൾ എത്രയോ തവണ,വീട്ടിലെ ചുമരുകളിൽ പ്രതിധ്വനിക്കും. അവയ്ക്ക് പരിഹാരം പഠനത്തിൽ അല്ല,തണലുള്ള സ്നേഹത്തിലാണ്.അത് കൊടുക്കുകയും വാങ്ങുകയും വേണം.
ഇരുവരും തിരിച്ചറിഞ്ഞു: വിശ്വാസം ഇല്ലാതെ പ്രണയം നിൽക്കില്ല. പക്ഷേ തുറന്ന സംസാരത്തിലൂടെ ദാമ്പത്യവും പ്രണയവും വീണ്ടും വിരിയും. ഒടുവിൽ, ഫാത്തിമ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഉൾകൊണ്ടു,
മറ്റുള്ളവരുടെ കുടുംബങ്ങൾ രക്ഷിക്കുന്നതിന് മുമ്പ്,സ്വന്തം ഹൃദയം തന്നെ വിശാലമാക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു.
അബ്ദുള്ളയും ഫാത്തിമയും തമ്മിലുള്ള ആ ശുഭരാത്രിക്കുശേഷം, രണ്ടു ദിവസം വരെ വീടിന്റെ അന്തരീക്ഷം ശാന്തമായിരുന്നു. ഫാത്തിമയുടെ മുഖത്ത് ഒരുതരം ഉറപ്പും മൃദുത്വവും ഉണ്ടായിരുന്നു. ഫോൺ മണിയടിയുമ്പോൾ അവൾ ചിരിച്ചുകൊണ്ട് നോക്കും; “എടുത്തോളൂ, ഓഫീസ്കാര്യമായിരിക്കുമല്ലോ” എന്ന് പറഞ്ഞു മാറിനിൽക്കും. അബ്ദുള്ളക്കത് അത് ഒരു പുതുഅനുഭവമായിരുന്നു. വർഷങ്ങളായി ശ്വാസം മുട്ടിയ ഒരു മനുഷ്യനു ശ്വാസം തിരിച്ചു കിട്ടിയ പോലെ,അദ്ദേഹം ആ രണ്ടു ദിനങ്ങൾ ആസ്വദിച്ചു.വേണ്ടാത്ത ചോദ്യങ്ങളും,കഠിനമായ കണ്ണുകളുടെയും സമ്മർദ്ദവുമില്ലാതിരുന്ന ആ നിമിഷങ്ങൾ അയാളുടെ മനസ്സിനെ സന്തോഷവാനാക്കി.
പക്ഷേ, സംശയം കുറുകെ നടന്ന് തിരികെ വരാറാണ് പതിവ്. മൂന്നാം ദിവസത്തെ വൈകുന്നേരം അബ്ദുള്ള ഓഫീസിൽ നിന്നു വീട്ടിലേക്കു വരുമ്പോൾ കുറച്ച് ട്രാഫിക് ഉണ്ടായതിനാൽ വൈകി. വീട്ടിലെത്തിയപ്പോൾ ഫാത്തിമയുടെ മുഖത്ത് ശാന്തതയുടെ ഒരു തൂവലുപോലും കാണാനായില്ല. “ഇതെവിടെ നിന്നാണ് വരുന്നത്?” എന്നായിരുന്നു ആദ്യ ചോദ്യം. അബ്ദുള്ള ശബ്ദം മൃദുവാക്കി മറുപടി നൽകി: “ട്രാഫിക്കിലായിരുന്നു, പാത്തൂ …”. പക്ഷേ അവളുടെ മനസിൽ പഴയ ഭയത്തിന്റെ വാതിൽ വീണ്ടും തുറന്നുകഴിഞ്ഞിരുന്നു. “ട്രാഫിക് ആയിരുന്നുവോ? അതോ…?” അവളോട് ശൃംഗരിച്ചു നേരം പോയതറിഞ്ഞില്ല അല്ലേ?കണ്ട അവിടെ ഇവിടെയും ചുറ്റിക്കറങ്ങിയിട്ട്.... അവൾ വാക്കുകൾ അവസാനിപ്പിച്ചില്ല.അവസാനിപ്പിക്കാതിരുന്നതിൽ തന്നെയിരുന്നു സംശയത്തിന്റെ മുഴുവൻ നിഴലും.
അബ്ദുള്ളക്ക് വീണ്ടും തന്നെ തെളിയിക്കേണ്ടി വന്നു. അത് രണ്ടാം ദിവസം തന്നെ സംഭവിച്ചു. നാലാം ദിവസം, അഞ്ചാം ദിവസം… സംശയം മടങ്ങിവരുന്ന വേഗം ചുഴലിക്കാറ്റുപോലെയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ സമാധാനം ഒരു സ്വപ്നമായിരുന്നോ എന്ന് അബ്ദുല്ലക്ക് തോന്നി.ഒരിക്കൽ അബ്ദുള്ള ചിരിച്ചുകൊണ്ട് എന്തോ പറയാൻ ശ്രമിച്ചപ്പോൾ പോലും അവൾ ചോദിച്ചു: “എന്താണ് ഇത്ര സന്തോഷം? എന്തിനാണ്?” എനിക്ക് എല്ലാം അറിയാം ". അവൾ സ്വയം വേദനകൾ ക്ഷണിച്ചു വരുത്തി ആന്തരിക തളർച്ചയുണ്ടാക്കുകയാണ്. അവൾ തന്റെ സംശയം മറക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ ഉപബോധമനസ്സിനെക്കൊണ്ട് അതിനാകുന്നില്ല.പക്ഷേ അവളുടെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ അവൾക്ക് കഴിയുന്നില്ല.
ഒരു കൗൺസിലർ ആയിട്ടും,ഒരു അധ്യാപികയായിട്ടും, സമൂഹത്തിൽ ശക്തമായ രീതിയിൽ ഇടപെടുന്ന ഒരാളായിട്ടും, തനിക്കുള്ള ഈ വൈകാരിക അനുഭവത്തെ കൈകാര്യം ചെയ്യാൻ അവൾക്ക് കഴിയുന്നില്ല. “എനിക്കറിയാം, ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്… എന്നാൽ എനിക്കിത് നിയന്ത്രിക്കാൻ കഴിയുന്നില്ല,” എന്നായിരുന്നു അവൾ മനസ്സിൽ പറയുന്നത്.കിനാവിലും കണ്ണീരിലും അലിഞ്ഞു ചേരുകയാണവൾ. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ അവൾ കൂടുതൽ വാചാലയാകും രാവിലെ ശാന്തയാകുകയും ചെയ്യും,“നാളെ മുതൽ ഞാൻ മാറും, ഞാൻ സംശയിക്കില്ല,” എന്നൊക്കെ മനസ്സിൽ നിശ്ചയിക്കും.എന്നാൽ അടുത്ത ദിവസം എന്തെങ്കിലും ചെറിയ കാരണവുമായി അവൾ തുടങ്ങും.ഫോൺ ഒന്നു കൂടുതൽ സമയം റിങ് ചെയ്യുന്നത് കാത്തു നിൽക്കാതെ എടുക്കുന്നത്, അബ്ദുള്ളയുടെ മുഖത്ത് കൂടുതൽ തിളക്കം തോന്നുന്നത്,വസ്ത്രം മാറ്റുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്, ഫോൺ മെസേജിലെ ഓരോ ടിക് ടിക് ശബ്ദവും പോലും..… സംശയം ആ സൂക്ഷ്മ നിമിഷങ്ങൾക്കിടയിലെ പൊട്ടലിലൂടെയാണ് പ്രശ്നങ്ങൾ തിരിച്ചെത്തുന്നത്.
അബ്ദുള്ള തന്റെ മനസ്സിലുണ്ടായ ഒരു പുതിയ അറിവ് തിരിച്ചറിഞ്ഞു: പ്രശ്നം പരിഹരിക്കുന്നത് സംഭാഷണത്തിലോ കൗൺസിലിംഗിലോ മാത്രം അല്ല; അത് അവളുടെ മനസ്സിന്റെ അകത്തളത്തിലെ വേദനകളിലാണ് പതിഞ്ഞിരിക്കുന്നത്. അവൾക്ക് അറിയാം അവിശ്വാസം തെറ്റാണെന്ന്, എന്നാൽ അവളുടെ ഹൃദയം അതിനെ തന്നെ വീണ്ടും വീണ്ടും ഉയർത്തി കൊണ്ടുവരികയാണ്. ഓരോ രണ്ടു ദിവസം സമാധാനത്തിലാണെങ്കിലും, മൂന്നാം ദിവസം, നാലാം ദിവസം പഴയപടിയിലേക്ക് വീണ്ടും തിരിച്ചു വരുന്നു.ഒരു ഉരുണ്ട കല്ല് മലയുടെ മുകളിലേക്ക് തള്ളുന്നവനെപ്പോലെ, പിന്നെ അത് താഴേക്ക് തന്നെ തള്ളി വീഴ്ത്തും; അവൾ വീണ്ടും പഴയപടി.
അബ്ദുള്ളയ്ക്കും ഈ വർത്തമാനം അസഹ്യമായി തോന്നുമെങ്കിലും, അവൻ തിരിച്ചറിഞ്ഞു, ഫാത്തിമയുടെ സംശയം അവന്റെ നേരെയല്ല, അവളുടെ ഉള്ളിലുള്ള തകർന്ന ഓർമ്മകളോടാണ്. അവളെ ഇതിൽ നിന്നു മോചിപ്പിക്കുന്നതിന് പ്രണയമോ കാമമോ ഒരായുധമല്ല;ക്ഷമയും, നിലനിൽപ്പും, ആത്മാർത്ഥമായ അനുഭവങ്ങളും കൂടിയേ കഴിയൂ.പക്ഷേ അവൻ അവളെ വിട്ടുപോകാൻ തയ്യാറായില്ല.അവൻക്ക് അവളോട് അത്രക്കണ്ട് സ്നേഹമാണ്.അത് പ്രകടിപ്പിക്കുന്നതിൽ പിശുക്കുണ്ടാകാം.അവന്റെ നിലപാട് ഒരു ദിവസം അവളെ പൂർണ്ണമായി മാറ്റിയെടുക്കാമെന്നുതന്നെയായിരുന്നു. അവന്റെ വിശ്വാസവുമായി എല്ലാം അനുഭവിച്ച്,സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോകുന്നു.അവനും മനുഷ്യനല്ലേ, ചില സമയങ്ങളിൽ ക്ഷമയുടെ നെല്ലിപ്പടി കാണുമ്പോൾ കയ്യിൽ നിന്ന് എല്ലാം പിടുത്തം വിട്ടു പോകാറാണ് പതിവ്.ഓർമ്മകൾ സൂക്ഷിക്കാൻ ഹൃദയത്തിലിടമുണ്ടായിരുന്നു, പിടിച്ചു നിർത്താനും.
ചില ബന്ധങ്ങൾ ഏകദേശം ഇങ്ങനെ തന്നെയാണ്.
ഒരു ദിവസം സമാധാനം, രണ്ട് ദിവസം സംശയം,
പിന്നെ വീണ്ടും പ്രണയത്തിന്റെ ചെറിയ വെളിച്ചം…
അവയിലൂടെ മനുഷ്യർ ഒരുമിച്ച് നടക്കുന്നു, പിഴുതെടുക്കുന്നു,വീഴുന്നു, വീണ്ടും എഴുന്നേൽക്കുന്നു.ഫാത്തിമയും അബ്ദുള്ളയും അതിനൊരു ഉദാഹരണമാണ്.വേദനയിലൂടെ പ്രണയം പഠിക്കുന്ന രണ്ടു മനുഷ്യാത്മക്കൾ.
Tags:
Articles
