നവീകരിച്ച പടനിലം ലൈബ്രറി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
നവീകരിച്ച പടനിലം കൾച്ചറൽ ലൈബ്രറി & റീഡിങ് റൂം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 3.34 ലക്ഷം രൂപ വിനിയോഗിച്ച് ലൈബ്രറി കെട്ടിടത്തിന്റെ ചുറ്റുമതിലും മുറ്റം ഇന്റർലോക്കും പ്രവൃത്തികളാണ് പുതുതായി നടത്തിയത്. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപയും കുന്നമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതവും ഉൾപ്പെടുത്തിയാണ് ലൈബ്രറിയുടെ കെട്ടിടം പ്രവൃത്തി നേരത്തെ പൂർത്തീകരിച്ചിരുന്നത്. വനിതാ-വയോജന-ശിശു വേദികളാൽ ശ്രദ്ധേയമായ ലൈബ്രറിയിൽ നിലവിൽ 5,240 പുസ്തകങ്ങളുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഇടപെടലുകൾ നടത്തുന്ന ലൈബ്രറി കേന്ദ്രീകരിച്ച് പുസ്തക ചർച്ചകളും സാംസ്കാരിക സമ്മേളനങ്ങളും പതിവാണ്. മികച്ച വിദ്യാർത്ഥികൾക്കുള്ള എം.കെ ഇസ്മായീൽ സ്മാരക ക്വാഷ് അവാർഡ് പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി സുരേന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർ യു.സി ബുഷ്റ, വി മുഹമ്മദ് കോയ, ഹിതേഷ് കുമാർ, വിജേഷ് പുതുക്കുടി, ടി.വി മുസക്കോയ, വിനോദ് പടനിലം,
എൻ കാദർ സംസാരിച്ചു.
പ്രസിഡണ്ട് എ.പി കുഞ്ഞാമു സ്വാഗതവും സെക്രട്ടറി ഫൈസൽ പടനിലം നന്ദിയും പറഞ്ഞു.
Tags:
Kunnamangalam News

