മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ട ഓണനാളുകൾ
നെല്ലിയോട്ട് ബഷീർ
ചിങ്ങനിലാവ് തെളിയുമ്പോൾ,പൂവിളി ഉയരുമ്പോൾ കുട്ടിക്കാലത്തേക്ക് മനസ്സ് ഊളിയിടുകയാണ്. അരവയർ മുഴുവയറായി മാറുന്ന കാലമായിരുന്നു ഓണക്കാലം.പറമ്പിലും തൊടിയിലും പൂക്കൾ ധാരാളമുള്ള കാലം. പൂവും പറച്ചങ്ങ് അരുളാതെ പോകുമ്പോൾ..... പൂവേ പൊലി പൂവേ പൊലി പൂവേ... ഞങ്ങൾ മത്സരിച്ച് ഉറക്കെ പാടുമായിരുന്നു. കൈതോല കൊണ്ടുണ്ടാക്കിയ പൂക്കൊട്ടകൾ അഞ്ചെണ്ണം കഴുത്തിൽ തൂക്കി, തുമ്പപ്പൂ, മുക്കുറ്റി, അരിപ്പൂ, വേലിയരിപ്പൂ,കാക്കപ്പൂ.... വിവിധയിനം പൂക്കൾ കൊണ്ട് കൊട്ട നിറയ്ക്കും. എനിക്കു വേണ്ടിയല്ല ഞാൻ പൂ പറിക്കുന്നത്. കുഞ്ഞന്റെ വീട്ടിലെ പൂത്തറ പൂത്തുലയണം എന്നാലെ എന്റെ മനസ്സ് നിറയൂ.കുഞ്ഞന്റെ ശ്യാമള ചേച്ചി എന്റെയും ചേച്ചിയാണ്. പൂത്തറ ഒരുക്കൽ എന്റെയും ചേച്ചിയുടേയും ഡ്യൂട്ടിയാണ്.നാൽപതു വർഷം മുൻപേ തന്നെ മതസൗഹാർദ്ദം ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നതിന് ഉദാഹരണം കൂടിയാണിത്. തിരുവോണത്തിന് കുഞ്ഞന്റെ അച്ഛന്റെയും അമ്മയുടെയും വക ഓണക്കോടി ഉണ്ടാവും. അന്നത്തെ ദിവസം തിന്നും കുടിച്ചും കളിച്ചും രസിച്ചും അവിടങ്ങ് കൂടും. ഇമ്മച്ചി ഇടയ്ക്കിടെ വിളിച്ചു കൊണ്ടിരിക്കും" ഇപ്പച്ചി ഇപ്പം വരുംട്ടോ" എന്നൊരു താക്കീതും. ശ്യാമളേച്ചി ദീപവുമായി പൂമുഖത്തേക്ക് വരുമ്പോൾ ഇമ്മച്ചിയുടെ കടുപ്പിച്ചുള്ള വിളി" ബാങ്ക് കൊടുക്ക്ണത് കേൾക്കിണില്ലേ" ഇനി ചീത്തക്കുള്ള വഴിയാകും എന്ന് പറഞ്ഞ് ചേച്ചി എന്നെ വീട്ടിലേക്ക് പറഞ്ഞയക്കും. ഇമ്മച്ചിക്കുള്ള പായസവും തന്നയക്കും.
ഇപ്പോൾ എവിടെയുണ്ട് തുമ്പയും തെച്ചിയും..... ദൈവത്തിന്റെ സ്വന്തം നാട്ടിൽ പൂക്കളത്തിൽ ജെമന്തിയും മന്ദാരവും സൺഫ്ലവറും സ്ഥാനം പിടിച്ചിരിക്കല്ലേ? അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പൂക്കളേന്തിയ ലോറികളെ കാത്തിരിക്കുന്ന കേരള ജനതയെ കാണുമ്പോൾ സഹതാപം തോന്നുന്നില്ലേ? പൂത്തറയും പൂക്കുട്ടയും എവിടെപ്പോയൊളിച്ചു? പല കളറുകളുള്ള പ്ലാസ്റ്റിക്ക് പൂക്കളാൽ തീർക്കുന്ന പൂക്കളം അതിവിദൂരമല്ല. പറമ്പിലേക്കോ തൊടിയിലേക്കോ തന്റെ മക്കളെ വിടാതെ അവരെ ഡിജിറ്റൽ പൂക്കളം തീർക്കാൻ പ്രേരിപ്പിക്കുന്നഅച്ഛനമ്മമാർ.ഓണ സദ്യയും പാലട പ്രദമനും ദിവസങ്ങക്കു മുമ്പേ ബുക്കു ചെയ്യപ്പെടുന്നു. ഇന്ന് എവിടെ വറുതി, കാർഡുകളുടെ നിറവ്യത്യാസത്തിൽ തരം തിരിച്ച് എല്ലാർക്കും ഓണക്കിറ്റ് കൊടുത്ത് അന്നത്തെ പെടാപ്പാടുകളെല്ലാം പാടെ മറന്ന് കൈയിൽ കിട്ടിയ കാശുമായി ഓഫറുകൾക്ക് പിന്നാലെ പായുന്ന ജനസമൂഹത്തെ കാണുമ്പോൾ ആ വറുതിക്കാലത്ത് കൂട്ടുണ്ടായിരുന്ന സ്നേഹവും സന്തോഷവും നന്മയും സങ്കടവും നൊമ്പരവുമായിരുന്നില്ലേ സുഖശീതളമായിരുന്ന ജീവിതം എന്ന് തോന്നിപ്പോവുകയാണ്. കരുതലിനും പങ്കു വെക്കലിനുമായുള്ള ഒരു കാലത്തേക്ക് ഇനി എന്ന് തിരിച്ചു പോകാൻ പറ്റും! പരസ്പരം കച്ചവടക്കണ്ണോടെ സ്നേഹവും ദയാവായ്പും വിൽപ്പന ചരക്കായിരിക്കുന്നു. ഫേസ്ബുക്കിലേക്കും വാട്ട്സ് ആപ്പിലേക്കും വേണ്ടിയുള്ള ഓണം. അവനവന്റെ സ്റ്റാറ്റസ് കളയാതെ സ്റ്റാറ്റസാക്കി മാറ്റാൻ മാത്രം.
ഓണമുണ്ണാൻ വന്നവരൊക്കെ തിരക്കിലാണ്. ടിക്കറ്റ് കൺഫേം ആയോ എന്ന് നോക്കുന്ന തിരക്കിലാണ് എല്ലാരും. ആർക്കൊക്കെയോ ഓടി തളരുയല്ലേ നാം, ടാർജറ്റ് അച്ചീവ് ചെയ്യേണ്ട തിയതി അടുത്തു. ഓഫീസിലെ ഓണം സെലിബ്രേഷന് എത്തിയേ പറ്റൂ... നിരവധി കാരണങ്ങളാവാം, ആഡംബരങ്ങൾക്ക് നടുവിൽ കിട്ടാക്കടങ്ങൾ വാങ്ങി സൊസൈറ്റി സാറും മാഡവുമായി നാം മാറിയിരിക്കുന്നു. മരണത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ നാം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൈവനിയോഗമാണ് ഈ ഭൂമിയിലെ ജീവിതം,ആ നിയോഗത്തിന് അറുതി വരുത്തുന്നതും ആ അദൃശ്യശക്തി തന്നെയാണ്. എന്നും ഇതുപോലെത്തന്നെയുണ്ടാകണമെന്ന ചിന്ത, അഹങ്കാരവും അഹംഭാവവും ഭയാനകമായ കാഴ്ചപ്പാടുമാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Tags:
Articles