ചെറൂപ്പ ആശുപത്രി സൗകര്യം വർദ്ധിപ്പിക്കൽ
നടപടികൾക്ക് തീരുമാനം
ചെറൂപ്പ ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൺവീനറായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ ചേർന്ന സബ് കമ്മിറ്റിക്ക് രൂപം നൽകി. ആശുപത്രി പ്രവർത്തനം രാത്രി 10 മണി വരെ ആക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുക, ആവശ്യമായ ഡോക്ടർമാർ, ഹൗസ് സർജന്മാർ, സ്റ്റാഫ് തുടങ്ങിയവരെ ലഭ്യമാക്കുക, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് സബ് കമ്മിറ്റിയെയും ആശുപത്രിയുടെ ഭാവി വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പി.ടി.എ റഹീം എംഎൽഎയുടെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടായത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എംഎൽഎ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി സജിത്കുമാർ, ഡി.എം.ഒ കെ.കെ രാജാറാം, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ, ബ്ലോക്ക് മെമ്പർ രജിത സത്യൻ, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, മെമ്പർ ടി രഞ്ജിത്ത്, മെഡിക്കൽ ഓഫീസർ ഡോ. എം മോഹൻ, ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു. ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. രജസി സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി നന്ദിയും പറഞ്ഞു.
Tags:
Mavoor News