രാഗാർദ്രമായി റിദ മോളുടെ ഗാനം....
തന്റെ പ്രിയ ഗാനം കേട്ട് ചേർത്തുപിടിച്ച് സ്നേഹ മുത്തം നൽകി മിൻമിനി.
കാക്കനാട്: വർഷങ്ങൾക്കു മുൻപ് പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക മിൻമിനി ആലപിച്ച ഗാനം പരിമിതികളെ കരുത്താക്കി സംഗീതത്തിൽ ആദ്യമായി ബിരുദം നേടിയ റിദ മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ സന്തോഷം അടക്കാൻ കഴിയാതെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അശ്രു കണങ്ങൾ പൊഴിച്ച് ചേർത്തു പിടിച്ച് റിദ മോൾക്ക് മിന്‍ മിനി സ്നേഹ ചുംബനങ്ങൾ സമ്മാനിച്ചു.
വിവിധങ്ങളായ തീവ്ര ശാരീരിക കാഴ്ച ബൗദ്ധിക വെല്ലുവിളികളെ മറികടന്ന് രാജ്യത്ത് ആദ്യമായി ഉന്നത സർവകലാശാലയായ "കാലടി സംസ്കൃത സർവകലാശാലയിൽ" നിന്നും സംഗീതത്തിൽ ബിരുദം നേടി, തൻ്റ ഗാനം ശുദ്ധമായി ആലപിച്ചു കേൾപ്പിച്ച റിദമോൾ സംഗീത ലോകത്ത് അത്ഭുതം സൃഷ്ടിക്കുമെന്ന് അനുഗ്രഹ ആശംസകൾ നേർന്നുകൊണ്ട് മിൻമിനി പറഞ്ഞു. ഒരു ഗായിക എന്ന നിലക്ക് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് റിദ കുട്ടിയുടെ ശബ്ദത്തിലൂടെ തനിക്ക് ലഭിച്ചതെന്ന് അഭിമാനത്തോടെ പറഞ്ഞു.
കുടുംബസമേതം എന്ന ചിത്രത്തിൽ മിൻ മിനി പാടിയ ഊഞ്ഞാലുറങ്ങി രാഗം മയങ്ങി... നോവുന്നതെന്നലിൽ ആദി താളമെങ്ങോ തേങ്ങി... കണ്ണീർ തുമ്പിയും താനേ കേണു പോയ് എന്ന ഗാനമാണ് റിദ മോൾ മിൻമിനിക്ക് പാടി സമ്മാനിച്ചത്. പാട്ട് കേട്ട് ഗായിക മിൻമിനി വാചാലയായി... സാധാരണ റെക്കോർഡിങ്ങിനായി പോകുമ്പോൾ അപ്പച്ചനാണ് കൂടെ വരാറൊന്നും ഈ ഗാനം ആലപിക്കുന്ന സമയത്ത് തൻ്റെ അമ്മയാണ് കൂടെ ഉണ്ടായിരുന്നതെന്നും മിന്‍ മിനി തൻ്റെ കണ്ണുകളിൽ നിന്ന് നിറഞ്ഞൊഴുകിയ സന്തോഷത്തിന്റെ അശ്രുകണങ്ങൾ തുടച്ചുകൊണ്ട് സദസ്സുമായി പങ്കുവച്ചു. ഒരുപാട് പുരസ്കാരങ്ങളും അനുഗ്രഹങ്ങളും ഇനിയും റിദ മോൾക്ക് ലഭിക്കട്ടെയെന്ന് ശിരസ്സിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.
ഓണാഘോഷങ്ങളുടെ ഭാഗമായി (ആർട്ട് കൾച്ചർ ആൻഡ് തീയേറ്റർ ) ആക്ട് കേരള തൃക്കാക്കര മാവേലിപുരം റസിഡൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി സംഗീത പ്രതിഭ എന്ന നിലക്കുള്ള ആദരവ് ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു റിദ മോൾ കെ എൻ. പ്രമുഖ ചലചിത്ര പിന്നണി ഗായിക മലയാളത്തിൻ്റെ പ്രിയപ്പെട്ട മിൻ മിനിയെ അകക്കണ്ണിന്റെ വെളിച്ചത്തിൽ കണ്ടുകൊണ്ട് സ്പർശിച്ചും ചേർത്തു പിടിച്ചും തൻ്റെ ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലാണ് രാജ്യാന്തര സർവ്വകലാശാലയായ കാലടി സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ ഇപ്പോൾ ബിരുദാനന്തര ബിരുദ സംഗീത വിദ്യാർത്ഥിനി കൂടിയായ റിദ മോൾ. നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമപഞ്ചായത്ത് മുടിക്കൽ അഞ്ചാം വാർഡിൽ കുമ്പശേരി കെ എം നാസറിന്റെയും ലൈല ബീവിയുടെയും ഇളയ മകളാണ് സംഗീതത്തിലൂടെ പരിമിതികളെ മറികടക്കുന്ന റിദ മോൾ. ആക്ട് കേരള രക്ഷാധികാരി അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു പ്രമുഖ ആർട്ടിസ്റ്റ് അഞ്ജലി നായർ ഉദ്ഘാടനം ചെയ്തു. ആക്ട് കേരള ചെയർമാൻ ജോഷി ജോർജ്, രക്ഷാധികാരി അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ശിവദാസ് വൈക്കം ,ചീഫ് കോഡിനേറ്റർ ജലീൽ താനത്ത് എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന സംഗീതാർച്ചനയിൽ ഫാദർ ജോസഫ് തട്ടാശ്ശേരിയുടെ കീർത്തനവും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:
Kerala News