Trending

വേഗത്തിന്റെ കൊമ്പന്മാർ കുതിച്ചുആവേശം വാനോളമുയർത്തി പെരുമണ്ണയിലെ കാളപൂട്ട് മത്സരം

വേഗത്തിന്റെ കൊമ്പന്മാർ കുതിച്ചു
ആവേശം വാനോളമുയർത്തി പെരുമണ്ണയിലെ കാളപൂട്ട് മത്സരം

പെരുമണ്ണ:
മണ്ണും മനവും ഒന്നായി പൂട്ടുകണ്ടത്തിലെ ആരവങ്ങൾക്കിടയിൽ കളം നിറഞ്ഞ് വേഗത്തിന്റെ  കൊമ്പന്മാർ കുതിച്ചപ്പോൾ പെരുമണ്ണ മുല്ലമണ്ണ കാളപൂട്ട് കണ്ടത്തിൽ കാർഷിക സമൃദ്ധിയെ വിളിച്ചോതി ഒരുക്കിയ കാളപൂട്ട് മത്സരം ഒരിക്കൽ കൂടി നാടിന്റെ ചരിത്രത്തിൽ ഇടം പിടിക്കുന്നതായി.
മലബാർ റിവൽ ഫെസ്റ്റിവലിന്റെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തും മുല്ലമണ്ണ ജനകീയ കാളപൂട്ട് കമ്മിറ്റിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
125 വർഷത്തിലധികം പഴക്കമുള്ള മുല്ലമണ്ണ കാളപൂട്ട് കണ്ടത്തിൽ ഉയർന്ന ആരവങ്ങൾക്കും വീറും വാശിയുമേറിയ മത്സരങ്ങൾക്കും സാക്ഷിയാകാൻ സ്ത്രീകളും കുട്ടികളുമടക്കം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ്  രാവിലെത്തന്നെ എത്തിച്ചേർന്നത്.
അതിരാവിലെ തന്നെ ട്രയൽ പൂട്ട് ആരംഭിച്ചിരുന്നു. സന്ധ്യയോടെയാണ് മത്സരം സമാപിച്ചത്.
രാവിലെ ആരംഭിച്ച മത്സരം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
മുല്ലമണ്ണ ജനകീയ കാളപൂട്ട് സമിതി ചെയർമാൻ കെ കെ ഷമീർ
അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, 
കാളപൂട്ട് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കൊളക്കാടൻ, ഷിറാസ് മുല്ലമണ്ണ, ഗുലാം ഹുസൈൻ കൊളക്കാടൻ, തട്ടൂർ നാരായണൻ ഷൈപു പയ്യടിമീത്തൽ, ശശി ചെനപ്പാറക്കുന്ന്,  നൗഷാദ് കൊളക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു.
മട്ടക്കാള,  മൈലൻകാള, കരിമ്പൻകാള,  വടക്കൻകാള, പുല്ലൻകാള, കണ്ണപ്പൻ കാള, പാണ്ടൻകാള, പുള്ളിക്കാള 
എന്നിങ്ങനെ വ്യത്യസ്തമായ ഇനങ്ങളിൽ പെട്ട ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നുമായി 74  ജോഡി കാളകളാണ് മൂന്ന് റൗണ്ടുകളായി നടന്ന മത്സരത്തിൽ മാറ്റുരച്ചത്.
മൂന്ന് റൗണ്ടുകളിലായി 39.60
സെക്കൻഡ് സമയമെടുത്ത്  സുലൈമാൻ കാവന്നൂരിന്റെ കാളകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
39.79 സെക്കൻഡ് സമയമെടുത്ത് മുണ്ടയിൽ കുഞ്ഞുമോന്റെ കാളകളും 39.96 സെക്കൻഡ് സമയമെടുത്ത് പി കെ മുഹമ്മദ് റാഫി ചീക്കോടിന്റെ കാളകളും 40.19 സെക്കൻഡ് സമയമെടുത്ത് എൻ സി വളാഞ്ചേരിയുടെ കാളകളും 40.95 
സെക്കൻഡ് സമയമെടുത്ത് സൈത് കരിങ്കല്ലത്താണിയുടെ കാളകളും 
യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി പെരുമണ്ണ ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനക്കാർക്കുള്ള തട്ടൂര് കണ്ടൻ കീരൻ സ്മാരക ട്രോഫി തട്ടൂർ ഫാമിലിയും മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാർക്കുള്ള ട്രോഫി യഥാക്രമം 
ജന്നത്ത് കോയമോൻ മായനാട്, പി ടി ഫാമിലി പെരിങ്ങളം, മുല്ലമണ്ണ ജനകീയ കാളപൂട്ട് സമിതി എന്നിവരാണ്  സ്പോൺസർ ചെയ്തത്.
സൂര്യ അബ്ദുൽ ഗഫൂർ, നാസർ കൊളക്കാടൻ, ഷിറാസ് മുല്ലമണ്ണ, ഷാജി പുത്തലത്ത്, സി ഉഷ, ദിനേശ് പെരുമണ്ണ, തട്ടൂർ നാരായണൻ, ടി സൈതുട്ടി, കെ കെ ഷമീർ, സുധീഷ് കൊളായി തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Post a Comment

Previous Post Next Post