കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ബ്രെയിൽ പാഠപുസ്തകങ്ങൾ ലഭ്യമല്ല; അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് രക്ഷിതാക്കൾ
കോഴിക്കോട്: പുതിയ അധ്യയന വർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഹയർസെക്കൻഡറി വിദ്യാഭ്യാസം നേടുന്ന കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ബ്രെയിൽ പാഠപുസ്തകങ്ങൾ ലഭിക്കാത്തത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. കോഴിക്കോട് സ്വദേശിനിയായ 15 വയസ്സുകാരി ആയിഷ സമീഹയുടെ രക്ഷിതാക്കളാണ് തങ്ങളുടെ മകൾ നേരിടുന്ന പഠന പ്രതിസന്ധി ചൂണ്ടിക്കാട്ടി അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനമായ CHSS-ൽ +1 വിദ്യാർത്ഥിനിയാണ് 100% കാഴ്ച പരിമിതിയുള്ള ആയിഷ. ജൂൺ 18-ന് പഠനം ആരംഭിച്ചിട്ടും, സ്വതന്ത്രമായി പഠിക്കാൻ അത്യാവശ്യമായ ബ്രെയിൽ പാഠപുസ്തകങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
"പത്താം ക്ലാസ് വരെ വൈകിയാണെങ്കിലും പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഹയർസെക്കൻഡറി തലത്തിൽ ബ്രെയിൽ പുസ്തകങ്ങൾ ലഭിച്ചതായി മുൻപ് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് പോലും അറിവില്ല," ആയിഷയുടെ രക്ഷിതാവ് പറയുന്നു. ഇങ്ങനെയൊരു സംവിധാനം സർക്കാർ തലത്തിൽ നിലവിലുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ആകെ വളരെ കുറഞ്ഞ കാഴ്ച പരിമിതരായ വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പഠനം നടത്തുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിരവധി സംഘടനകളും സർക്കാർ സംവിധാനങ്ങളും കോടിക്കണക്കിന് ഫണ്ടുകളും നിലവിലുണ്ടായിട്ടും, ഈ വിഭാഗം വിദ്യാർത്ഥികളോട് സമൂഹം കാണിക്കുന്ന ഈ ഉദാസീനത വലിയ അനീതിയാണെന്നും ഇത് അവരുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും പഠനോപകരണങ്ങൾ ലഭിക്കാത്തത് ആയിഷയെപ്പോലുള്ള കുട്ടികൾക്ക് വലിയ മാനസിക പ്രയാസമാണുണ്ടാക്കുന്നത്. തുല്യതയും അവസരസമത്വവും ഉറപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടേണ്ടതുണ്ടെന്ന് അവർ അഭ്യർത്ഥിച്ചു.
ആയിഷയ്ക്കും മറ്റ് കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കും യഥാസമയം ബ്രെയിൽ പാഠപുസ്തകങ്ങൾ ലഭ്യമാക്കാനും ഭാവിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ സ്ഥിരമായ ഒരു സംവിധാനം ഏർപ്പെടുത്താനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എംഎൽഎ പി എ മുഹമ്മദ് റിയാസിനും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കും കത്ത് നൽകി കാത്തിരിക്കുകയാണെന്നും തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Tags:
Kozhikode News