പയമ്പ്രയിലെ കാർബൺ ഗുരുകുലം സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യം കിണറുകളിൽ എത്തുന്നതായി ആരോപണം
നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു
കോഴിക്കോട് - പയമ്പ്ര: പുറ്റുമണ്ണിൽ താഴത്ത് പുതുതായി ആരംഭിച്ച കാർബൺ ഗുരുകുലം വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യവും മറ്റും സമീപത്തെ വീടുകളിലെ കിണറുകളിൽ എത്തുന്നതായും വെള്ളം ദുർഗന്ധം വമിച്ച് ഉപയോഗശൂന്യമാകുന്നുവെന്നുമുള്ള ആരോപണവുമായി നാട്ടുകാർ മുന്നോട്ടുവന്നു. മലിനജലം ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നതിനെ തുടർന്ന് പ്രദേശവാസികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി വാർഡ് മെമ്പർ ശശികല പുനപ്പോത്തിലിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളും, റെസിഡൻസ് അസോസിയേഷനുകളും, രാഷ്ട്രീയ പാർട്ടികളും ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.
യോഗത്തിൽ വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ അധ്യക്ഷയായി. വിവിധ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വായനശാല പ്രതിനിധികളും മലിനീകരണത്തിൽ ദുരിതമനുഭവിക്കുന്ന വീടുകളിലെ പ്രതിനിധികളും സംസാരിച്ചു.
ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നും, മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ & സേഫ്റ്റി വകുപ്പുകളിൽ നിന്നുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (NOC) മറ്റ് അനുമതികളും ലഭ്യമല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് യോഗം ആരോപിച്ചു.
ആക്ഷൻ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ്: കെ. വിജയൻ മാസ്റ്റർ, സെക്രട്ടറി: കെ. മനോജ് കുമാർ, വൈസ് പ്രസിഡന്റുമാർ: കെ. സി. ഭാസ്ക്കരൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, ജോയിന്റ് സെക്രട്ടറിമാർ: ശ്രീധര മേനോൻ, സൂരജ്, ട്രഷറർ: പി.ശ്രീനിവാസൻ നായർ, രക്ഷാധികാരികൾ: ഗ്രാമ പഞ്ചായത്ത് അംഗം പി. ശശികല, രാമചന്ദ്രൻ നായർ എന്നിവരെ ഉൾപ്പെടുത്തി കമ്മറ്റിക്ക് രൂപം നൽകി.
Tags:
Kozhikode News