സുസ്ഥിര ശുചിത്വ പരിപാലനം : അംഗങ്ങളുടെ വീടുകൾ 'ഹരിത ഭവന ' ങ്ങളാക്കാൻ പരിഷത്ത് പദ്ധതി
കുന്നമംഗലം
സുസ്ഥിര ശുചിത്വ പരിപാലനത്തിൻ്റെ ഭാഗമായി പരിഷത്ത് അംഗങ്ങളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കാൻ ഒരുങ്ങുകയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് . ആദ്യ ഘട്ടം എന്ന നിലയിൽ ജില്ലയിൽ കുന്നമംഗലം മേഖലയിലെ 100 അംഗങ്ങളുടെ വീടുകളാണ് തെരഞ്ഞെടുക്കുന്നത്. പരിഷത്ത് അംഗങ്ങളുടെ മുഴുവൻ വീടുകളും ഹരിത ഭവനങ്ങളാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മേഖല ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നത് .വൃത്തിയുള്ള വീട്, വൃത്തിയുള്ള റോഡ്, വൃത്തിയുള്ള നാട് , വൃത്തിയുള്ള ജനത ഇതിലേക്കുള്ള കാൽവെപ്പാണ് ഹരിത ഭവനങ്ങൾ . ആദ്യഘട്ട പ്രവർത്തനം ആഗസ്റ്റ് 15 ന് തുടക്കം കുറിക്കും .100 വീടുകളെ നാല് ഗ്രൂപ്പുകളായി തിരിക്കും .ഓരോ ഗ്രൂപ്പിനും ഒരു കോ ഓർഡിനേറ്ററും ഒരു അസിസ്റ്റൻ്റ് കോ ഓർഡിനേറ്ററുമുണ്ടാകും. ഇവരായിരിക്കും 25 വീടുകളിലെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുക .ജൈവ, അജൈവ വസ്തുക്കളെ വീടുകളിൽ തരം തിരിച്ച് വെക്കുന്നതിന് ഹരിത ഭവന പദ്ധതിയുടെ ഭാഗമായുള്ള ചാക്കുകൾ നൽകും . 100 വീടുകളെയും ഉൾപ്പെടുത്തി വാട്സ് അപ് ഗ്രൂപ്പ് രൂപീകരിച്ചാണ് പ്രവർത്തനം മോണിറ്റർ ചെയ്യുക. ആദ്യമായി വീടിൻ്റെ നിലവിലെ അവസ്ഥ ഫോട്ടോ എടുത്ത് ഡോക്യുമെൻ്റ് ചെയ്യും .തുടർന്ന് പാഴ് വസ്തുക്കൾ തരം തിരിച്ച് സൂക്ഷിക്കും. വീടുകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. വീടും പറമ്പും പ്ലാസ്റ്റിക് വിമുക്തമായാൽ രണ്ടാം ഘട്ടമായി വീടുകളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഒരുക്കും .മൂന്നാം ഘട്ടം ഊർജ്ജ സംരക്ഷണമാണ് ഇതിൻ്റെ ഭാഗമായി വീടുകളിൽ പുകയില്ലാത്ത അടുപ്പുകൾ , എൽഇഡി ബൾബ് നിർമാണം, സോളാർ പാനൽ സ്ഥാപിക്കൽ, ചൂടാറപ്പെട്ടി പ്രചാരണം എന്നിവ നടക്കും .നാലാം ഘട്ടം പുരയിട കൃഷിയാണ്. അഞ്ചാം ഘട്ടത്തോടെ ഹരിത ഭവനങ്ങളെല്ലാം കാർബൺ ന്യൂട്രൽ ഭവനങ്ങളാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഹരിത ഭവനം എങ്ങിനെ സാധ്യമാക്കാം എന്ന വിഷയത്തിൽ ചെറൂപ്പ ബാങ്ക് ഓഡിറ്റോറിയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി പി ബിജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് യു കെ അനിൽകുമാർ അധ്യക്ഷനായി.പി ശ്രീകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു . നിറവ് വേങ്ങേരി ഡയറക്ടർ ബാബു പറമ്പത്ത് ക്ലാസെടുത്തു. ശ്രീനിവാസൻ ചെറുകുളത്തൂർ പദ്ധതി വിശദീകരിച്ചു. വിനോദ് കുമാർ കിഴക്കെതൊടി ,പി ശശീധരൻ, വിജയ വേണുഗോപാലൻ, എം ഷീജ, പി ജനാർദ്ദനൻ, നാരായണൻ ചൂലൂർ എന്നിവർ സംസാരിച്ചു .മേഖലാ സെക്രട്ടറി സി സദാശിവൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എൻ എം ഭാസ്ക്കരൻ നന്ദിയും പറഞ്ഞു. ഒക്ടോബർ രണ്ടോടെ ഒന്നാം ഘട്ട പ്രഖ്യാപനം നടത്തും .
Tags:
Mavoor News