മാവൂരും പരിസര പ്രദേശങ്ങളിലും നിരവധി കടകളിൽ മോഷണം നടത്തിയ ആസാം പിടിയിൽ.
മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കടകളുടെ പൂട്ട് പൊളിച്ച് അകത്തു കടന്നു മോഷണം നടത്തിയ ആസാം സ്വദേശിയായ ജിയാബുർ റഹ്മാൻ( 27വയസ്സ്) എന്നയാളെ മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മാവൂർ പോലീസ് നടത്തിയ നാടകീയ നീക്കത്തിലൂടെ അരീക്കോട് നിന്ന് പിടികൂടി. പ്രതിയ്ക്ക് കൊടുവള്ളി, മുക്കം, മാവൂർ, കുന്ദമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കടകളുടെ പൂട്ട് പൊളിച്ച് അകത്തു കടന്നു മോഷണം നടത്തിയതിന് കേസുകൾ നിലവിലുണ്ട്.
രണ്ടുദിവസം മുമ്പ് മാവൂരും പരിസരപ്രദേശങ്ങളിലും എട്ടോളം കടകളിൽ മോഷണം നടന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റെ് കമ്മീഷണർ ഉമേഷ്. യു ന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കി 200 ഓളം സി.സി.ടി.വി കളും മുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും അന്വേഷണം നടത്തി അതിവിദഗ്ധമായാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ മുക്കം സ്റ്റേഷൻ പരിധിയിലെ മൂന്ന് കടകളിലെ മോഷണവും, കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ രണ്ട് കടകളിലെ മോഷണവും, കുന്നമംഗലം സ്റ്റേഷൻ പരിധിയിലെ രണ്ട് കടകളിലെ മോഷണവും, മാവൂർ സ്റ്റേഷൻ പരിധിയിലെ എട്ടോളം കടകളിലെ മോഷണവും നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു.
പ്രതിയുടെ മോഷണ രീതി
മോഷണം നടത്തേണ്ട സ്ഥലത്ത് വൈകുന്നേരം ആകുമ്പോൾ എത്തുകയും, ഭക്ഷണവും മറ്റും കഴിച്ച് അവിടെ തങ്ങുകയും അർദ്ധരാത്രിയായാൽ തന്റെ ചെറിയ കമ്പി പാര ഉപയോഗിച്ച് കടകളുടെ പൂട്ട് പൊളിച്ച് ഉള്ളിൽ കയറി പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും എടുത്ത് പുറത്തിറങ്ങുകയുമാണ് പ്രതി ചെയ്തിരുന്നത്. മോഷണ മുതലുകളുമായി ബസ്റ്റോപ്പിലോ മറ്റോ ഇരിക്കുകയും, രാത്രി ഓട്ടോ കിട്ടിയാൽ അതിൽ കയറിപ്പോകയോ അല്ലെങ്കിൽ അതിരാവിലെ കിട്ടുന്ന ബസ്സിന് കയറി പോവുകയാണ് ചെയ്യാറ്. ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്നതിനാലും അതിരാവിലെ ആയതിനാലും കൂലിപണിക്കു പോകുന്ന അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ് നാട്ടുകാർ കരുതുക.
രണ്ടുവർഷമായി ആസാമിൽ നിന്നും കേരളത്തിൽ എത്തി വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതി. ഇയാൾ ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളാണ്. 2022 വർഷം മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു കട കുത്തിത്തുറന്ന് അറുപതിനായിരം രൂപ മോഷണം നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണ പരമ്പര തുടങ്ങിയത്. വിവിധ കടകളിൽ നിന്നും മോഷണം നടത്തിയ നിരവധി സാധനങ്ങളും, 45,000 രൂപയും രണ്ടു മൊബൈൽ ഫോണുകളും കട പൊളിക്കുവാൻ ഉപയോഗിക്കുന്ന കമ്പി പാരയും പ്രതിയുടെ താമസ സ്ഥലമായ അരീക്കോടിലുള്ള റൂമിൽ നിന്നും പോലീസ് കണ്ടെടുത്തു.
Tags:
Mavoor News