Trending

വേട്ടപ്പട്ടികൾ കുരയ്ക്കുമ്പോൾ നെല്ലിയോട്ട് ബഷീർ Writer & Column Writer

വേട്ടപ്പട്ടികൾ കുരയ്ക്കുമ്പോൾ
നെല്ലിയോട്ട് ബഷീർ
Writer & Column Writer


നായ മനുഷ്യനെ കടിക്കുന്ന കഥകൾ വായിച്ചു കൊണ്ടാണ് ഇന്ന് നാടുണരുന്നത്.ഇന്ന് കേരളത്തിലെ പൊതുജനാരോഗ്യ പ്രശനങ്ങളുടെ പട്ടികയിൽ എണ്ണപ്പെടേണ്ട പ്രധാന വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുന്നു തെരുവ് നായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പുവും അവയുടെ അക്രമവും.ദൈവത്തിന്റെ സ്വന്തം നാട് എന്ന സുപ്രസിദ്ധി വേട്ടപ്പട്ടികളുടെ സ്വന്തം നാട് എന്ന കുപ്രസിദ്ധിയിലേക്ക് മാറുന്നു എന്നത് ആശങ്കയുയർത്തുന്ന സാഹചര്യമാണ്.തെരുവുനായ വർദ്ധനയും അതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും, വിഷബാധയുള്ള നായ്ക്കളിൽനിന്ന് നേരിടുന്ന ആക്രമണങ്ങളും, തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളും എല്ലാം ചേർന്ന് കേരളത്തിൽ ഈ വിഷയം വിവാദമായിത്തീർന്നിരിക്കയാണ്.

2019ലെ വളർത്തുമൃഗ കണക്കെടുപ്പ് പ്രകാരം ഒന്നരക്കോടിയോളം തെരുവ് നായ്ക്കളുള്ള നായകടിയുടെയും പേവിഷബാധകരുടെയും ആഗോള തലസ്ഥാനം എന്ന മോശം പേര് നേരത്തെ തന്നെ ഇന്ത്യക്കുണ്ട്.പലപ്പോഴും മരവിപ്പുളവാക്കുന്ന വാർത്തകൾ മാധ്യമങ്ങളിലിൽ സ്ഥിര സാന്നിധ്യമായിരുന്നു. രാജസ്ഥാനിലെ ആശുപത്രിയിൽ അമ്മയുടെ അരികിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ (വേട്ടപ്പട്ടികൾ) കൊണ്ടുപോയിട്ടുള്ളതായ വാർത്തകൾക്ക് അധികം പഴക്കമില്ല. തെലുങ്കാനയിൽ തെരുവുനായ്ക്കൾ നാലുവയസ്സുകാരനെ മൃത പ്രാണനാക്കി മാറ്റിയതും നാം കണ്ടതാണ്. ഇത്തരം ദൃശ്യങ്ങൾ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന സിസിടിവിക്ക് പ്രണാമം. കേരളത്തിലാകട്ടെ ദിനംപ്രതി തെരുവ് നായ്ക്കൾ മനുഷ്യരെ ഉപദ്രവിക്കുകയും കടിച്ചു കീറുകയും ചെയ്യുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ പ്രതിദിനം കാണാനിടയാകുന്നത്. നമ്മുടെ പ്രിയപ്പെട്ടവരും തെരുവ് നായരുടെ അക്രമങ്ങളിൽ ബലിയാടാവുകയാണ്. കണ്ണൂരിൽ തെരുവുനായ അക്രമണത്തിൽ മരണപ്പെട്ട നിഹാൽ എന്ന കുട്ടി കേരളത്തിനു മുന്നിൽ ജീവിക്കുന്ന  രക്തസാക്ഷിയാണ്. ഓട്ടിസം ബാധിച്ച സംസാരശേഷി നഷ്ടപ്പെട്ട 
കുട്ടി പോലും ഇവിടെ ബലിയാടാവുന്നു എന്നത് ഏറെ ഖേദകരമാണ്.തകഴിയിൽ മരണപ്പെട്ട വയോദിക കാർത്യായനിയും, വിദ്യാർഥികളായായ താമരക്കുളത്തെ ശ്രാവണും പത്തനംതിട്ടയിലെ ഭാഗ്യലക്ഷ്മിയും പിഞ്ചു കുഞ്ഞുങ്ങളായ മലപ്പുറത്തെ ഫാരിസ്, കണ്ണൂരിലെ ഹരിത് കൊല്ലത്തെ നിയ തുടങ്ങിയവരുടെ മരണങ്ങൾ കേവലം ഉദാഹരണങ്ങൾ മാത്രം.കഴിഞ്ഞ ദിവസം കോഴിക്കോട് നഗരഹൃദയത്തിൽ പേവിഷബാധയേറ്റ ഒരു തെരുവുനായ ആക്രമിച്ചു മുറിവേൽപ്പിച്ചത് 19 പേരെയാണ്.

മൂന്നു ലക്ഷത്തി പതിനാറായിരം പേർക്കാണ് കഴിഞ്ഞവർഷം കടിയേറ്റത്. പേ വിഷബാധയേറ്റ് മരിച്ചത് 26 പേരും.ശരാശരി 877 പേർക്ക് ദിനംപ്രതി കടിയേൽക്കുന്നുണ്ടെന്നാണ് കണക്ക്.കേരളത്തിൽ 5 ലക്ഷത്തിലധികം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവയെ നിയന്ത്രിക്കാൻ കഴിയാതെ സർക്കാരും പ്രതിരോധത്തിലാണ്. കേരളത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണം ഇല്ലാതാക്കാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് കർമ്മ പദ്ധതികൾ തയ്യാറാക്കുമെന്ന് ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ അറിയിക്കുകയും അതിനായി രണ്ടു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിച്ച് തെരുവ് നായ്ക്കളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് പറഞ്ഞ വാഗ്ദാനം ഇതുവരെ കാര്യക്ഷമമായിട്ടില്ല.2025ൽ ഇതുവരെ 23 പേർ തെരുവുനായകളുടെ ആക്രമണത്തിൽ മരണത്തിനിടയായി. തദ്ദേശ സ്ഥാപനവും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് തെരുവുനായ വന്ധ്യംകരണവും പേവിഷ  വാക്സിനേഷനും നടത്തുന്നത്.പേവിഷ വാക്സിനേഷൻ സ്റ്റോക്ക് ഉണ്ടെങ്കിലും, ഇത് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കപ്പെടുന്നില്ല എന്നാണ് ആരോപണം.നായയെ പിടിച്ച് വന്ധ്യംകരണ സെന്ററിൽ എത്തിച്ച് നടത്തുന്ന പദ്ധതിയിൽ പാളിച്ച സംഭവിച്ചിരിക്കുന്നു. ഒരു ജില്ലയിൽ ഒരു സെന്റർ വീതമാണ് നിലവിൽ ലഭ്യമായിരിക്കുന്നത്. കഴിഞ്ഞവർഷം 88744 തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. അതുപോലെ 15767 തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.എന്നാൽ ഈ നടപടികൾ ഒന്നും തന്നെ ഫലപ്രദമാകുന്നില്ല. തെരുവുനായ ആക്രമണം ഏൽക്കുന്ന മുറിവുകളിലൂടെ അതിവേഗം വൈറസ് തലച്ചോറിലെത്തുന്നതാണ് മരണത്തിന് കാരണമാകുന്നത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

കളങ്കമില്ലാത്ത സ്‌നേഹം നൽകുന്നവരാണ് നായ്ക്കൾ.ഒരു കഷ്ണം ബിസ്‌കറ്റ് ഇട്ടുകൊടുത്താൽ നായ അതിന്റെ ജീവിതകാലം മുഴുവൻ നമ്മളെ കാണുമ്പോൾ വാലാട്ടുമെന്ന് പറയാറുണ്ട്.ഒരു തിരിച്ചുപോക്കില്ലത്തവണ്ണം മനുഷ്യരുടെ സഹകരണത്തോടെ  മാറ്റിയെടുത്തവരാണു നായ്ക്കൾ.കൂടെക്കൂട്ടിയ ജന്തുക്കളിൽ ഏറ്റവും പഴയത്,നമ്മളെ മനസ്സിലാക്കുന്ന  ഒരേ ഒരു ഹിംസ്ര ജന്തു.മറ്റൊരു വളർത്തു മൃഗത്തിനും കിട്ടാത്തസ്ഥാനം നേടിയ ത്യാഗശീലർ.നമ്മുടെ സന്തതസഹചാരി,കൂട്ടു നൽകുന്ന ഹൃദയാലു, പിരിമുറുക്കങ്ങൾക്ക് വിടുതൽ നൽകുന്ന ഇണ, കളിക്കുട്ട്, സാമൂഹ്യ/വൈകാരിക ആശ്രയം,  പല ചെയ്തികൾക്കും പിന്തുണനൽകുന്നവൻ, വിശ്വസ്തനും മനഃസാക്ഷി സൂക്ഷിപ്പുകാരനും  ഇങ്ങനെ മനുഷ്യനു പോലും പകരം വയ്ക്കാൻ പറ്റാത്ത തരത്തിലുള്ള വ്യക്തിത്വം ആണ് നായകളിൽ.വേട്ടയ്ക്കു സഹായിക്കുക എന്നതു മാത്രമല്ലാതെ സംരക്ഷണ, പ്രതിരോധം, ആടുമാടുകൾക്ക് കാവൽ ഇവയൊക്കെ ആദ്യകാലങ്ങളിൽത്തന്നെ സ്വമേധയാ ചെയ്തിരുന്നു. ഇവയൊന്നുമല്ലാതെ അന്ധർക്കും വികലംഗർക്കും സഹായവും ആശ്രയവും പോലത്തെ സേവനങ്ങൾ.  ബോംബ് മണത്തറിയുക, മയക്കുമരുന്നുകൾ കണ്ടുപിടിക്കുക മുതലായ മറ്റു ജോലികളും. ഇതൊക്കെ ചെയ്യാൻ പറ്റുക എന്നത് മറ്റു ജീവികൾക്ക് അസാദ്ധ്യമാണ്.മഞ്ഞിലോ മരുഭൂമിയിലോ കാട്ടിലോ ഒറ്റപ്പെട്ടുപോയവരെ കണ്ടു പിടിയ്ക്കുക,അത്യാഹിത ദുരന്തമേഖലകളിൽ സഹായം നൽകുക ഇങ്ങനെ മനുഷ്യനോ യന്ത്രത്തിനോ പറ്റാത്തതാണ് നായകൾ നിഷ്പ്രയാസം സാധിച്ചെടുക്കുന്നത്. മറ്റൊരു ജന്തുവിനും ആവാത്ത, അപരിചിതരുമായി ഇണങ്ങി പെരുമാറുക എന്നതും പ്രത്യേകതയാണ്.  മറ്റൊരു ഹിംസ്ര ജന്തുവായ,അധികം ഇണങ്ങാൻ തയാറാകാത്ത  പൂച്ചയ്ക്ക് സാധിക്കാത്തതാണിത്.
സ്നേഹത്തോടെ വളർത്തിയ നാടൻ നായ പ്രസവിക്കുമ്പോൾ 6 മുതൽ 8 വരെ കുഞ്ഞുങ്ങൾ ഉണ്ടാവുകയും ഇവയെ പോറ്റാൻ വീട്ടുടമസ്ഥന് കഴിയാതെവരികയും ചെയ്യുന്നു.ആൺ കുഞ്ഞുങ്ങളെ പലരും വാങ്ങിക്കൊണ്ടു പോകുമെങ്കിലും പെൺകുഞ്ഞുങ്ങൾ അവശേഷിക്കും. ആത്യന്തികമായി അവ തെരുവിലേക്ക് തള്ളപ്പെടും.അതായത് അനാവശ്യ ഗർഭത്തിന്റെ ഉത്പന്നങ്ങളാണ് തെരുവുനായ്ക്കൾ.ഇത് വർഷത്തിൽ രണ്ടു പ്രാവശ്യം എന്ന കണക്കിൽ ശരാശരി 6 മുതൽ 7 വർഷം വരെ തുടരും. പ്രകൃതി നിയമമനുസരിച്ച് ഏറ്റവും ശക്തരായവർ രക്ഷപ്പെടുകയും ചെയ്യും. ഇവ അടുത്ത വർഷം മുതൽ പ്രസവം ആരംഭിക്കുകയും 6-7 വർഷം തെരുവിൽ തുടർച്ചയായി പെറ്റു പെരുകുകയും ചെയ്യുന്നു. ഈ കണക്ക് സാധാരണ യുക്തിയനുസരിച്ച് കൂട്ടി നോക്കുക.ഇത്തരത്തിൽ നായ്ക്കൾക്ക് സുലഭമായി ഭക്ഷണം ലഭിക്കുകയും അനുകൂല സാഹചര്യങ്ങളിൽ അവ പെറ്റു പെരുകുന്നതുമാണ് ഇന്നത്തെ തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാനം.നമ്മുടെ നാട്ടിൽ നായ്ക്കളെ വീട്ടുകാവലിനും പ്രജനന ആവശ്യങ്ങൾക്കും ആയി വളർത്തുന്നവരുണ്ട്. പ്രത്യേക ജനുസ്സിൽപ്പെട്ട വിദേശ ഇനങ്ങളോടുള്ള അമിതസ്നേഹം മൂലം ഇത്തരം ഇനങ്ങളെയാണ് ഇവർ കൂടുതലായും തെരെഞ്ഞടുക്കുന്നത്. ഇതിന്റെ ഫലമായി നാടൻ ഇനങ്ങൾ അധികപ്പറ്റാവുകയും ആരാലും പരിചരിക്കപ്പെടാതാവുകയും ചെയ്തു.

നായ്ക്കളുടെ എണ്ണം കൂടുന്നതും ഭക്ഷണത്തിന്റെ ലഭ്യതയും തമ്മിൽ ബന്ധമുണ്ട്. ഭക്ഷണം ലഭ്യമായ സ്ഥലത്തേക്ക് മറ്റു സ്ഥലങ്ങളിൽ നിന്നും പുതിയ നായ്ക്കൾ എത്തും.നായ്ക്കൾ പ്രധാനമായും അവയുടെ വിഹാരകേന്ദ്രങ്ങൾ/പ്രദേശങ്ങൾ കയ്യടക്കിവയ്ക്കുന്ന സ്വഭാവം ഉള്ളവയാണ്. അതിർത്തി ലംഘിച്ചെത്തുന്നവയെ എതിർത്തു തോല്പിക്കാനുള്ള ശ്രമത്തിൽ അവ തമ്മിൽ അക്രമങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്.മുൻകാലങ്ങളിൽ നായ്ക്കളെ കൂട്ടമായി കണ്ടിരുന്നത് കശാപ്പുശാലകൾക്കും ചന്തകൾക്കും സമീപമായിരുന്നു. എന്നാൽ ഇന്നു കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയിലുള്ള മാറ്റം കേരളത്തിലെ ഓരോ മുക്കും മൂലയും തെരുവുനായ്ക്കളുടെ ആവാസകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ഒരു വീട്ടിൽ സ്ഥിരമായി നിൽക്കുകയും അയൽപക്കങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന നായ്ക്കൾ നാട്ടിൻപ്രദേശങ്ങളിൽ സാധാരണമായിരുന്നു. ഇന്ന് അത് ചില കോളനികളിൽ മാത്രം കാണപ്പെടുന്നു. ആധുനിക ജീവിതശൈലിയിലെ പാർപ്പിട സമുച്ചയങ്ങളിലുള്ളവരും ചുറ്റുമതിലോടുകൂടിയ വീടുകളിൽ താമസിക്കുന്നവരും ഭക്ഷണാവശിഷ്ടങ്ങൾ സൗകര്യപൂർവ്വം തെരുവിൽ വലിച്ചെറിയുന്നതിൽ മുൻപിലാണ്.സാധാരണ മനുഷ്യർ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഭക്ഷണം പാഴാക്കുന്നുള്ളൂ. ഏറ്റവും കൂടുതൽ തരം ഭക്ഷണസാധനങ്ങൾ വാങ്ങുകയും ജീവിതശൈലി രോഗത്തിന് അടിമയായി ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കികളയുകയും ചെയ്യുന്നവർക്കാണ് തെരുവുനായ പെരുകുന്നതിന് ഏറ്റവും കൂടുതൽ ഉത്തരവാദിത്വം. താരതമ്യേന മാംസാഹാരം പാകം ചെയ്യുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് സമൂഹത്തിൽ ശരാശരിക്ക് മുകളിൽ ജീവിതസാഹചര്യങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.ഭക്ഷണ സാധനങ്ങൾ അനിയന്ത്രിതമായി വാങ്ങിക്കൂട്ടാതിരിക്കുകയും ബാക്കി വരുന്ന ഭക്ഷണവും വീട്ടിലെയും ഹോട്ടലിലെയും മാലിന്യങ്ങൾ തെരുവിൽ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളിൽ ഇടാതിരിക്കുകയും വഴി നമുക്ക് ഓരോരുത്തർക്കും തെരുവുനായ നിയന്ത്രണ പ്രക്രിയയുടെ ഭാഗമാകാൻ സാധിയ്ക്കും.

തട്ടുകടകളുടെ വർധനവ് പ്രധാനപ്പെട്ട ഒരു കാരണമായി കാണാം. നടത്തിപ്പുകാരും കഴിക്കാൻ വരുന്നവരും ഭക്ഷണാവശിഷ്ടങ്ങൾ യഥേഷ്ടം വലിച്ചെറിയുന്നത് നമുക്ക് കാണാവുന്നതാണ്.(സിസ്റ്റമാറ്റിക്കായി ഖരമലിന്യസംസ്കരണം നടത്തുവരെയും നമ്മുടെ  നാട്ടിൽ കാണാം).വികസിത രാജ്യങ്ങളിൽ തെരുവിൽ ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്ന രീതിയില്ലാത്തതിനാൽ അവിടെ തെരുവുനായ ശല്യവും ഇല്ല. ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്ക് അവിടെ പ്രത്യേകം സങ്കേതങ്ങളും ഒരുക്കിയിട്ടുണ്ട്. ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന സംസ്‌കാരം വ്യാപകമായപ്പോൾ ആദ്യം അനുഭവിക്കേണ്ടിവന്നത്, മൂക്കുപൊത്താതെ പൊതുഇടങ്ങളിലൂടെ നടക്കാനാവില്ല എന്ന അവസ്ഥയായിരുന്നു. അതിന്റെ തുടർച്ചയായാണ് കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്തവിധം വ്യാപകമായ ആക്രമണം തെരുവിലെ നായ്ക്കളിൽ നിന്നും സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്രയും രൂക്ഷമായ തിരിച്ചടികൾ നേരിടുമ്പോൾ അതിന്റെ കാരണം അന്വേഷിച്ച് കണ്ടുപിടിക്കുകയും അതിന് പരിഹാരം നിർദ്ദേശിക്കുകയുമാണ് ചെയ്യേണ്ടത്. നിർഭാഗ്യവശാൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണ് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്.

പേവിഷബാധ പരത്തുന്നതിന് 98 ശതമാനം കാരണം നായ്ക്കളിൽ നിന്നുള്ള കടിയാണ് എന്ന് കണക്കുകൾ സൂചിച്ചല്ലോ. കോടിക്കണക്കിനു രൂപ ചെലവാക്കി പേവിഷബാധക്കെതിരായ മരുന്നു വാങ്ങിയിട്ടും പരാതിരഹിത ചികിത്സനൽകാൻ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിൽ ഇന്നുള്ള അവസ്ഥ.നിലവിലുള്ള നിയമങ്ങൾക്ക് വിധേയമാക്കി നായകളിലെ വംശവർദ്ധന തടയുന്നതിനുള്ള പ്രജനനനിയന്ത്രണമാണ് ഏക പോംവഴി. അതായത് ഒട്ടാകെയുള്ള ഉന്മൂലനമല്ല നിയന്ത്രണമാണ് കരണീയമാർഗ്ഗം. കൊന്നൊടുക്കി ഉടൻ പരിഹാരം ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാവുന്നതല്ല.1992ൽ ഡൽഹി
 ഹൈക്കോടതിയിൽ ശ്രീമതി മനേകഗാന്ധി നൽകിയ ഒരു കേസും അതിനോടനുബന്ധിച്ച വിധിയുമാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന നായ്ക്കളുടെ ജനന നിയന്ത്രണ മാർഗ്ഗങ്ങള്‍ക്കടിസ്ഥാനം. തെരുവുനായ നിയന്ത്രണത്തിനുള്ള നിലവിലുള്ള മാർഗ്ഗങ്ങൾ പഠനവിധേയമാക്കുകയും ഏറ്റവും ഉചിതമെന്ന് അന്ന് കണ്ടെത്തിയ Animal Birth Control Programme ആരംഭിക്കുകയും ചെയ്തു. 2001 ലാണ് കേന്ദ്ര ഗവൺമെന്റ് ABC (Dog) Rule ഇന്ത്യൻ പാർലമെന്റിൽ പാസ്സാക്കിയത്.പ്രായപൂർത്തിയായ നായ്ക്കളെ പിടികൂടി ശസ്ത്രക്രിയ വഴി വന്ധ്യംകരിച്ച് മുറിവുണങ്ങിയശേഷം പ്രതിരോധ കുത്തി വെയ്പു നൽകി തിരികെ വിടുന്നതാണ് ഈ പദ്ധതി. 1994 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടപ്പാക്കി വരുന്ന ഇത് 2001 മുതൽ നിയമമാക്കി. പ്രായോഗികമായി പരിശീലനം ലഭിച്ച ഡോക്ടർമാരും, നായ പരിചരണക്കാരും നായപിടുത്തക്കാരുമാണ് ഇതിന്റെ പ്രധാനികൾ. നായ്ക്കളെ പിടിച്ചുകൊണ്ടുവരുവാനുള്ള സംവിധാനങ്ങളും അവയ്ക്കുള്ള പാർപ്പിടവും സജ്ജീകരിച്ചാൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കാവുന്നതാണ്.ABC പദ്ധതിയെ മനുഷ്യത്വപരമായ പദ്ധതിയായി കണക്കാക്കാമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്.ഒരു സ്ഥലത്ത് നടപ്പിലാക്കുന്ന പദ്ധതിയിൽ ചുരുങ്ങിയത് 70 മുതൽ 80 ശതമാനം നായ്ക്കളെ ഏറ്റവും കുറഞ്ഞ കാലഘട്ടത്തിൽ(പരമാവധി 6 മാസം) തന്നെ വന്ധ്യംകരണത്തിന് വിധേയമാക്കിയാൽ മാത്രമാണ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാകുക.വലിയ നായ്ക്കളെ പിടികൂടൽ, വന്ധ്യംകരണം, സർജറിക്കുശേഷമുള്ള പരിചരണം, പുനരധിവാസം മുതലായവയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഈ പദ്ധതിയുടെ ലക്ഷ്യം നേടുന്നതിന് തടസ്സമായി. അനിയന്ത്രിതമായ നഗരവത്ക്കരണവും ഖരമാലിന്യ സംസ്‌ക്കരണത്തിന്റെ അപാകതകളും നായ്ക്കളുടെ വംശവർദ്ധനക്ക് സഹായകരമായി നിലനിൽക്കുകയും ചെയ്യുന്നു.ഈ പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളിൽ പേവിഷബാധ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.

പേവിഷബാധയും തെരുവ് നായ്ക്കളുടെ ആക്രമണവും അതുമൂലമുണ്ടാകുന്ന വാഹന അപകടങ്ങളും മറ്റും കാലങ്ങളായി വാർത്തയിൽ ഇടം തേടുമ്പോൾ വളരെ പെട്ടെന്ന് വൈകാരികമായി മനുഷ്യർ പ്രതികരിക്കുന്നു. ഭരണാധികാരികളിൽ നിന്ന് ചില പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകുന്നു.വിശേഷിച്ച് ഒന്നും സംഭവിച്ചില്ല എന്ന യാഥാർഥ്യം വീണ്ടും എവിടെയെങ്കിലും തെരുവുനായ ആക്രമണം ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മളോരോരുത്തരും തിരിച്ചറിയുന്നത്.ഒരു പ്രദേശത്ത് നായശല്യം പെരുകുമ്പോൾ മാധ്യമങ്ങളിൽ ഉടൻ വാർത്തകൾ വരികയും ഭരണനേതൃത്വം പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനായി യോഗങ്ങൾ നടത്തുകയും ചെയ്യും. ഇതേ തുടർന്ന് എല്ലാം ശുഭകരമാണെന്ന് സാധാരണക്കാർ കരുതി സമാധാനിക്കും.എന്നാൽ അടുത്ത ദിവസം മുതൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്ന പഴയശീലം തുടരുകയും ചെയ്യും.

തെരുവ് നായ ആക്രമിക്കുകയോ തെരുവ് നായയെ ഇടിച്ചു വാഹനാപകടം ഉണ്ടാവുകയോ ചെയ്താൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. ജസ്റ്റിസ് സിരി ജഗൻ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച 3 അംഗ കമ്മിറ്റിയാണ് കേസുകൾ പരിഗണിക്കുന്നത്. ആക്രമണത്തിന് ഇരയായ ആൾ വെള്ളപേപ്പറിൽ  അപകടത്തിന്റെ വിവരങ്ങളും  ആശുപത്രിയിലെ ബില്ലുകൾ,വാങ്ങിയ മരുന്നിന്റെ ബില്ലുകൾ എന്നിവയും വാഹനത്തിനു കേടുപാടുകൾ സംഭവിച്ചാൽ അതിനു ചെലവായ തുകയും ചേർത്ത് ഈ പാനലിന് അപേക്ഷ നൽകിയാൽ മാത്രം മതി.അപേക്ഷ പരിഗണിക്കുന്ന സമിതി ഹിയറിങ്ങിനായി വിളിക്കും. വസ്തുതകൾ പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികൃതർ വഴി നഷ്ടപരിഹാരം എത്തിച്ചു നൽകും. 

പരാതി നൽകേണ്ട വിലാസം. ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി, യുപിഎഡി ബിൽഡിങ്, പരമാര റോഡ്, കൊച്ചിൻ 682018.

തെരുവുനായപ്രശ്നം കേരളത്തിലേയോ പൊതുവായി ഇന്ത്യയിലേയോ മാത്രം  തർക്കവിഷയമല്ല.പക്ഷേ മറ്റ് രാജ്യങ്ങളിൽ കൈകാര്യം ചെയ്യാൻ സംവിധാനങ്ങളുണ്ട്, രക്ഷാകേന്ദ്രങ്ങൾ ഉൾപ്പടെ.ആനിമൽ ബെർത്ത്‌ കൺട്രോൾ പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കാത്ത,ഖരമാലിന്യ നിർമ്മാർജ്ജനത്തിന് വ്യക്തമായ നയരൂപീകരണം ഇല്ലാത്ത ഭരണസംവിധാനമുള്ള കേരളത്തിലെ തെരുവുനായക്കൾ ഒരു കുറ്റവും ഏൽക്കേണ്ടതില്ല.ഇനിയെങ്കിലും കേരളസർക്കാരും മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്തുകൊണ്ട് പൊതുജനങ്ങളുടെ സഹകരണത്തോടെ തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പത്തിന് തടയിടാൻ സാധിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം.

Post a Comment

Previous Post Next Post