Trending

ആര്യാടന്റെ കരുത്തും നിലമ്പൂരിന്റെ കാതലുമായി ഷൗക്കത്ത്

ആര്യാടന്റെ കരുത്തും നിലമ്പൂരിന്റെ കാതലുമായി ഷൗക്കത്ത്
നെല്ലിയോട്ട് ബഷീർ
രാഷ്ട്രീയ നിരീക്ഷകൻ


കാതലുള്ള തേക്കിനും വിസ്മയിപ്പിക്കുന്ന ഇന്ദ്രജാലത്തിനും പേരു കേട്ട നിലമ്പൂരിൽ ആര്യാടന്റെ പ്രൗഢിയും നിലമ്പൂരിന്റെ കാതലുമായി ഷൗക്കത്ത് തിളങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇടതുക്യാമ്പിൽ നിന്ന് ഇടഞ്ഞ് ഉപതെരെഞ്ഞെടുപ്പിന് വഴി തെളിച്ച് പിണറായിസത്തിന് അറുതി വരുത്തുമെന്നും അതിനു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്നും പ്രഖ്യാപിച്ച    അൻവർ അവസാന സമയം സ്ഥാനാർത്ഥിയായി വന്നത്  ഇരു വിഭാഗത്തിനും ആശങ്കയുയർത്തിയിരുന്നു.ചില ഉപാധികളോടെ യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന അഭിപ്രായപ്പെട്ട അൻവറി നോട് നിരുപാധികം പിന്തുണയ്ക്കാനാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. അൻവറിന്റെ പിന്തുണ വേണ്ടെന്ന ശക്തമായ തീരുമാനം എടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഈ തെരെഞ്ഞെടുപ്പിലെ താരം.

എൽ ഡി എഫ് സ്ഥാനാർത്ഥിയായ സ്വരാജിന്റെ തട്ടകംകൂടിയായ നിലമ്പൂരിൽ അറുപത് വർഷം മുമ്പേ ചുവന്ന കൊടി ഉയർന്നിരുന്നു. മഞ്ചേരി മണ്ഡലം വിഭജിച്ച് നിലമ്പൂർ മണ്ഡലം നിലവിൽ വന്നത് 1965 ലാ യിരുന്നു.സി പി എം സ്ഥാനാർത്ഥി കെ കുഞ്ഞാലിയായിരുന്നു നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പ്രസ്തുത വർഷം ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലേക്ക് പോകുകയായായിരുന്നു.തുടർന്ന് 1967 ൽ വീണ്ടും കുഞ്ഞാലി സ്ഥാനാർത്ഥിയാകുകയും ജയിച്ചു കയറുകയും ചെയ്തു. രണ്ടു തവണയും കുഞ്ഞാലി തോൽപ്പിച്ചത് ആര്യാടൻമുഹമ്മദിനെയായിരുന്നു.1969ൽ ശ്രീ കെ കുഞ്ഞാലി വെടിയേറ്റു മരിച്ചു. എം എൽ എ ആയിരിക്കേ വെടിയേറ്റു മരിച്ച ആദ്യ വ്യക്തി, അല്ലെങ്കിൽ രക്തസാക്ഷി. പണ്ടേ മറിമായങ്ങളുടെ മണ്ഡലമാണ് നിലമ്പൂർ, എം പി ഗംഗധരനിലൂടെയാണ് കോൺസ് മണ്ഡലം ആദ്യമായി പിടിക്കുന്നത്.പിന്നെ ഇതേ വരെ മാർക്സിസ്റ്റ് പാർട്ടി സ്വന്തം ചിഹ്‌നത്തിൽ ഇവിടെ വിജയിച്ചിട്ടില്ല.കുഞ്ഞാലി വധത്തിന്റെ ആസൂത്രകനെന്ന കുന്തമുന ആര്യാടൻ മുഹമ്മദിനു നേരെ തിരിച്ച് അദ്ദേഹത്തിനെതിരെ കാടടച്ചായിരുന്നു അക്കാലത്തെ പ്രചാരണം സിപിഎം അഴിച്ചുവിട്ടത്. അദ്ദേഹം ജയിലിലുമായി. ഇതേ ആര്യാടനെ സിപിഎമ്മുകാർ വോട്ടുചെയ്തു ജയിപ്പിക്കുകയും നായനാർ മന്ത്രിസഭയിൽ അംഗമാകുന്നതും നിലമ്പൂരുകാർ കണ്ടു.
1977ൽ ആണ് ആര്യാടൻ ആദ്യമായി നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തിയത്. 1980ൽ ആയിരുന്നു രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ട് പത്ത് ദിവസത്തിനകം സി. ഹരിദാസ് ആര്യാടൻ മുഹമ്മദിനു വേണ്ടി എംഎൽഎ സ്ഥാനം രാജിവെച്ചു. കോൺഗ്രസ് (യു) നേതാവായിരുന്ന സി. ഹരിദാസ് തോൽപിച്ചത് കോൺഗ്രസ് (ഐ) നേതാവായിരുന്ന ഇന്നത്തെ സിപിഐഎം നേതാവ് ടി.കെ. ഹംസയെയാണ്. 1980ലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഭാഗമായ കോൺഗ്രസ് (യു) ടിക്കറ്റിലാണ് ആര്യാടൻ മുഹമ്മദ് കോൺഗ്രസ് (ഐ)യിലെ എം.ആർ. ചന്ദ്രനെ തോൽപ്പിച്ചത്.1982ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും രാഷ്ട്രീയരംഗം കീഴ്മേൽ മറിഞ്ഞ് ടി.കെ. ഹംസ ഇടതു സ്വതന്ത്രനായും ആര്യാടൻ മുഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയായും പോരാട്ടത്തിനിറങ്ങി. കടുത്ത പോരാട്ടത്തിൽ ടി.കെ. ഹംസ ആര്യാടനെ തോൽപ്പിച്ച് അട്ടിമറി വിജയം നേടി നിയമസഭയിലെത്തി.മലപ്പുറത്തെ യുഡിഎഫ് കോട്ടകൾ പിടിച്ചെടുക്കാൻ സിപിഎം പിന്നീടു വിജയകരമായി നടപ്പാക്കിയ സ്വതന്ത്ര പരീക്ഷണങ്ങളുടെ ഹരിശ്രീയായിരുന്നു ഹംസയുടെ സ്ഥാനാർത്ഥിത്വം.

തേക്കുപോലെ നിലമ്പൂരിന്റെ പര്യായമായി മാറിയ ആര്യാടൻ മുഹമ്മദ് ആദ്യമായി മത്സരിച്ചു ജയിക്കുന്നത് 1977ലാണ്.82ൽ ടി.കെ.ഹംസയോടു തോറ്റു. 1987ൽ വിജയത്തോടെ തിരിച്ചുവരവ്. പിന്നീട്, 2016ൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുന്നതുവരെ ആര്യാടനെ തൊടാൻ സിപിഎമ്മിനായില്ല.പഴയ കോൺഗ്രസുകാരൻ പി.വി. അൻവറിനെ സ്വതന്ത്രനായി മത്സരിപ്പിച്ച എൽഡിഎഫ്, 29 വർഷത്തിനു ശേഷം സീറ്റ് തിരിച്ചുപിടിച്ചു. 2021ലും വിജയം ആവർത്തിച്ചപ്പോൾ നിലമ്പൂരിൽ തകർന്നത് കോൺഗ്രസിൻ്റെ കുത്തകയായിരുന്നു. പക്ഷേ  അൻവർ ഇത്തവണ എൽഡിഎഫിന്റെ മുഖ്യശത്രുവാണ്. മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് നിലമ്പൂരിൽ രാഷ്ട്രീയ പോരിനിറങ്ങുന്ന പി.വി. അൻവർ, എംഎൽഎ സ്‌ഥാനം രാജിവെച്ച ഒഴിവുനികത്താനുള്ള ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂരിൽ കളമൊരുങ്ങിയത്.

പാഠം ഒന്ന് ഒരു വിലാപമായി ആര്യാടൻ ഷൗക്കത്ത് മാറുമെന്ന് എൽ ഡി എഫ് മുറവിളി കൂട്ടിയപ്പോൾ ഇടതുപക്ഷത്തെ പാഠം പഠിപ്പിച്ച് നിലമ്പൂരിന്റെ എമ്പുരാനായി ഷൗക്കത്ത് മാറുകയായിരുന്നു. നിലമ്പൂരിലേക്ക് സ്ഥാനാർത്ഥിയെ തേടിയലഞ്ഞ ഇടതുപക്ഷത്തിന് സ്വരാജിനെ തന്നെ ബലിയാടാക്കേണ്ടിവന്നു. ഭരണവിരുദ്ധ വികാരവും അവിശുദ്ധ കൂട്ടുകെട്ടും പിണറായിസത്തിന് അറുതി വരുത്തണമെന്ന ജനങ്ങളുടെ കാഴ്ചപ്പാടും പൂർണമായി നിലമ്പൂരിൽ പ്രതിഫലിച്ചതു കാണാം. ഹിന്ദു മഹാസഭയെ പോലും ഇടതുപക്ഷം കൂട്ടുപിടിച്ചതു കാണുമ്പോൾ അവരോട് പരിതപിക്കുകയല്ലാതെ എന്തു ചെയ്യാൻ. അവസാന നിമിഷത്തിൽ വന്ന പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ പ്രസ്താവനാബോംബു കൂടിയായപ്പോൾ സ്വരാജിന്റെ പതനം എളുപ്പമായി.

നിലമ്പൂരിന്റെ നിയുക്ത എംഎൽഎ ഷൗക്കത്ത് ആര്യാടൻ മുഹമ്മദിന്റെ മകൻ എന്ന നിലയിൽ മാത്രമല്ല അറിയപ്പെട്ടത്. സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയെടുത്തതിൽ ഷൗക്കത്തിന്റെ അതാന്ത പരിശ്രമം ഉണ്ടായിരുന്നു. കെ എസ് യു നിലമ്പൂർ താലൂക്ക് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഷൗക്കത്ത് മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്,കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, സംസ്കാര സാഹിതി ചെയർമാൻ,നിലമ്പൂർ നഗരസഭയുടെ ആദ്യ ചെയർമാൻ, നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്
നിലമ്പൂർ ഗ്രാമപഞ്ചായത്ത് അംഗം,രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘാടൻ ദേശീയ കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മതേതര സാംസ്കാരിക സാഹിത്യ പ്രവർത്തനങ്ങളിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ഷൗക്കത്തിന്റെ വിലാപങ്ങൾക്കപ്പുറം, ദൈവനാമത്തിൽ,പാഠം ഒന്ന് ഒരു വിലാപം എന്നീ ചലച്ചിത്രങ്ങൾ ജനശ്രദ്ധ നേടിയവയായിരുന്നു. മികച്ച ഒരു നിയമസഭാ സാമാജികനാകാൻ ആര്യാടൻ ഷൗക്കത്തിന് സാധിക്കട്ടെ എന്ന് ആത്ഥാർത്ഥമായി ആശംസിക്കുന്നു.മഴക്കാലത്തെ ചാലിയാർ നദിപോലെ കലങ്ങിയിരിക്കുകയായിരുന്ന നിലമ്പൂരിന്റെ രാഷ്ട്രീയചിത്രം വ്യക്തമാക്കിയ വോട്ടർമാർക്കാക്ക് അഭിവാദ്യങ്ങൾ.

Post a Comment

Previous Post Next Post