മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷന്റെ സന്ദേശ പ്രചാരണത്തിന് നിലമ്പൂരിൽ തുടക്കമായി: ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു
നിലമ്പൂർ:
മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള സന്ദേശ പ്രചാരണത്തിന് നിലമ്പൂരിൽ തുടക്കമായി. നിലമ്പൂർ നിയമസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത് സന്ദേശ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും ഫൗണ്ടേഷൻ ഭാരവാഹികൾക്കായി സമയം കണ്ടെത്തിയ ആര്യാടൻ ഷൗക്കത്തിന് ഫൗണ്ടേഷൻ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
രാഷ്ട്രീയ, മത സംഘടനാനേതാക്കൾക്ക് പൊതുപ്രവർത്തനത്തിൽ ഉണ്ടാകേണ്ട നന്മയും മാതൃകയും സംബന്ധിച്ച ചർച്ചകൾ പരിപാടിയിൽ നടന്നു. ഇതര പാർട്ടികളെ ബഹുമാനത്തോടെയും ആദരവുകളോടെയും അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യം, പരസ്പര ബഹുമാനത്തോടെയുള്ള പെരുമാറ്റം എന്നിവ ഇക്കാലത്തെ വലിയ സംഭാവനകളാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. നെഹ്റു, ഗാന്ധിജി, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ ഉന്നതമായ മാതൃകയും ഇസ്ലാമിന്റെ സന്ദേശങ്ങളും ഇതാണ് പഠിപ്പിക്കുന്നതെന്നും സംഭാഷണത്തിൽ കടന്നുവന്നു.
വിഷലിപ്തമായ വാക്കുകളും മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രവൃത്തികളും ചിലപ്പോൾ കാലക്രമേണ പ്രയോഗിക്കുന്നവരെ തന്നെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഒരു വിഷയത്തിൽ അബദ്ധത്തിൽ പറഞ്ഞതോ ചെയ്തതോ ആയ കാര്യത്തിൽ കുറ്റബോധം തോന്നി തിരുത്തൽ വരുത്തിയാൽ പോലും, വീണ്ടും അവരെ ക്രൂശിക്കുന്നത് ക്രൂരവും ഇസ്ലാമിക സന്ദേശങ്ങളുടെ ലംഘനവുമാണെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ഇത്തരം തിരുത്തപ്പെട്ട കാര്യങ്ങൾ രാഷ്ട്രീയ വേദികളിലും സോഷ്യൽ മീഡിയകളിലും പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. പശ്ചാത്താപം ചെയ്തവരെ വീണ്ടും വേട്ടയാടുന്നത് വലിയ തെറ്റാണെന്നും ഇത്തരം തെറ്റിദ്ധാരണകൾ തിരുത്തുന്നതിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ പലപ്പോഴും ആവശ്യമായി വരുമെന്നും മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഈ ദൗത്യം ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം, മയക്കുമരുന്ന് ലഹരി വ്യാപനം തടയൽ, ഇതര മതസ്ഥരുമായി യോജിപ്പിലും രഞ്ജിപ്പിലും വർത്തിക്കൽ, സമുദായങ്ങൾക്കിടയിൽ പരമാവധി വിട്ടുവീഴ്ച ചെയ്ത് യോജിക്കാവുന്ന മേഖലകളിൽ സഹകരിക്കുക, പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആസാദ് ഫൗണ്ടേഷന്റെ അടിസ്ഥാന തത്വങ്ങളെയും പ്രധാന ലക്ഷ്യങ്ങളെയും ആര്യാടൻ ഷൗക്കത്ത് സ്വാഗതം ചെയ്തു. ഈ കാര്യങ്ങളിൽ പരമാവധി സഹകരിക്കാമെന്നും കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം ഫൗണ്ടേഷൻ ഭാരവാഹികൾക്ക് ഉറപ്പുനൽകി.
Tags:
Malappuram News