ഇസ്രായേൽ യുദ്ധവെറിക്കെതിരെ എസ്‌ഡിപിഐ പ്രതിഷേധം
കൊടുവള്ളി : പശ്ചിമേഷ്യയിൽ സമാധാനം തകർക്കുകയും ഇറാനെതിരെ പുതിയ യുദ്ധ മുഖം തുറക്കുകയും ചെയ്ത ഇസ്രായേലിന്റെ യുദ്ധ വെറിയെ അപലപിച്ച് കൊണ്ട് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ എസ്‌ഡിപിഐ പഞ്ചായത്ത് കമ്മിറ്റികൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
കൊടുവള്ളി, താമരശ്ശേരി ,ഓമശ്ശേരി, നരിക്കുനി, മടവൂർ, കിഴക്കോത്ത്, കട്ടിപ്പാറ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും തുടർന്ന് പ്രതിഷേധ യോഗങ്ങളും നടന്നു. ഫലസ്തീനിലെ ഗാസയിൽ സിവിലിയൻ കൂട്ടക്കൊല തുടരുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്രകോടതി യുദ്ധക്കുറ്റവാളിയായി കണക്കാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കയ്യേറ്റ രാജ്യമായ ഇസ്രായേലിനോടുള്ള കേന്ദ്ര സർക്കാറിന്റെ അനുകൂല സമീപനം രാജ്യത്തിന് തന്നെ അപമാനമാണെന്നും പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു .ടി.പി യൂസുഫ്, ഇപിഎ റസാഖ്, , റസാഖ് കൊന്തളത്ത്, ഒഎം സിദ്ധീഖ്, സലാം കാക്കേരി, സിദ്ധീഖ് ഈർപോണ,സമദ് നരിക്കുനി,ഹമീദലി കോളിക്കൽ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:
Kunnamangalam News