ജുബൈൽ ഇസ്ലാഹി സെന്റർ പുരസ്കാരം ഇ.കെ.എം പന്നൂരിന്
കോഴിക്കോട്: ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഏർപ്പെടുത്തിയ ഇസ് ലാമിക സാഹിത്യ രംഗത്തെ സംഭാവനകൾക്കുള്ള പ്രഥമ പുരസ്കാരം വിചിന്തനം വാരിക പത്രാധിപരും ഗ്രന്ഥകാരനുമായ ഇ.കെ.എം പന്നൂരിന് സമ്മാനിക്കും. പ്രബോധനരംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ച പന്നൂരിന്റെ സാഹിത്യ രചനകൾക്കുള്ള ആദരവായിട്ടാണ് പുരസ്കാരം.
ജൂൺ 10 ന് കോഴിക്കോട് നടക്കുന്ന പരിപാടിയിൽ കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പുരസ്കാര ദാനം നിർവഹിക്കും. പ്രമുഖ സാഹിത്യകാരൻ പി.കെ പാറക്കടവ് മുഖ്യാതിഥിയാവും. സൗദി നാഷനൽ ഇസ് ലാഹി സെന്റർ ജന: സെക്രട്ടറിയും ഗ്രന്ഥകാരനുമായ കബീർ എം പറളി അദ്ധ്യക്ഷത വഹിക്കും. സാഹിത്യ രംഗത്തെ പ്രമുഖരും കെ.എൻ.എം ഐ.എസ്.എംസംസ്ഥാന നേതാക്കളും സംബന്ധിക്കും. മികച്ച എഴുത്തുകാരന് ഏർപ്പെടുത്തുന്ന വിചിന്തനം വാർഷിക അവാർഡ് പ്രഖ്യാപനവും അന്ന് നടക്കുമെന്ന് വിചിന്തനം കൺവീനർ റഹ് മത്തുല്ല സ്വലാഹി പുത്തൂർ അറിയിച്ചു.
പുളിക്കൽ മദീനത്തുൽ ഉലൂമിൽ ചേർന്ന ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിപാടിക്ക് അന്തിമ രൂപം നൽകി. പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി, ട്രഷറർ കെ.എം.എ അസീസ്, ബരീർ അസ് ലം, ഡോ: ജംഷീർ ഫാ റൂഖി,ജലീൽ മാമാങ്കര,ശാഹിദ് മുസ് ലിം ഫാറൂഖി, ശിഹാബ് തൊടുപുഴ , സിറാജ് ചേലേമ്പ്ര, യാസർ അറഫാത്ത്, സൈദ് മുഹമ്മദ് കുരുവട്ടൂർ ശംസീർ കൈതേരി സംസാരിച്ചു.
Tags:
Kozhikode News