കുരുന്നുകള്‍ക്ക് പുതിയ വ്യക്തിത്വം പകര്‍ന്ന്
പെരുവയലില്‍ സഹവാസ ക്യാമ്പുകള്‍
കൂടിച്ചേരലിന്‍റെയും ജീവിതാനുഭവങ്ങളുടെയും വ്യത്യസ്ത ഭാവങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍. വ്യക്തിത്വ വികാസത്തിന് വഴിയൊരുക്കി പെരുവയല്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സഹവാസ ക്യാമ്പുകളാണ് കുട്ടികള്‍ക്ക് മികച്ച അവധിക്കാല വിരുന്നായത്. ലഹരിക്കെതിരെ ഗ്രാമപഞ്ചായത്ത് ആരംഭിച്ച ഓപ്പറേഷന്‍ ഡാര്‍ക്കിന്‍റെ ഭാഗമായാണ് നാലാം തരം വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന തിയറ്റര്‍ ക്യാമ്പുകള്‍ ഒരുക്കിയത്.
വിവിധ വിദ്യാലയങ്ങളിലായി 7 ക്യാമ്പുകള്‍ നടന്നു. രാത്രിയില്‍ വിദ്യാലയത്തില്‍ താമസിക്കുന്ന രീതിയിലായിരുന്നു ക്യാമ്പ്. പുതിയ തലമുറയില്‍ ശരിയായ വ്യക്തിത്വ വികാസനം രൂപപ്പെടാത്തതാണ് ലഹരിയുടെ വളര്‍ച്ചക്ക് പ്രധാനകാരണമെന്നും ഇതിനെ മറികടക്കാനുള്ള ശ്രമമാണ് സഹവാസ ക്യാമ്പുകളെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി വ്യക്തിമാക്കി. വ്യക്തിത്വ വികാസം സാധ്യമാക്കുന്ന അനുഭവങ്ങള്‍ കുട്ടികള്‍ക്ക് കുറഞ്ഞു വരുന്നു. ഇത്തരം ക്യാമ്പുകളിലൂടെ വ്യക്തിത്വ വികാസവും ജീവിത വീക്ഷണവും രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വരും വര്‍ഷം മുഴുവന്‍ കുട്ടികളെയും ക്യാമ്പിന്‍റെ ഭാഗമാക്കുമെന്നും അവര്‍ വ്യക്തമാക്കി.
പെരിങ്ങൊളം ജി.എച്ച്.എസ്.എസ്, പെരുവയല്‍ സെന്‍റ് സേവിയേഴ്സ്, വെള്ളിപറമ്പ് ജി.എല്‍.പി.എസ്, ചെറുകുളത്തൂര്‍ ജി.എല്‍.പി.എസ്, കായലം എ.എല്‍.പി.എസ്, പുവ്വാട്ടുപറമ്പ് എ.എല്‍.പി.എസ്, കുറ്റിക്കാട്ടൂര്‍ എ.എല്‍.പി എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ഒരുക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സുഹറ, അനീഷ് പാലാട്ട്, ഷാഹിന സലാം, മെമ്പര്‍മാരായ പി.അനിത, പ്രീതി.എ, കരുപ്പാല്‍ അബ്ദുറഹിമാന്‍, വിനോദ് എളവന, പി.സൈദത്ത്, രേഷ്മ തെക്കേടത്ത് , നിര്‍വ്വഹണ ഉദ്യോഗസ്ഥ വി.കെ.ബീന ടീച്ചര്‍ സ്വാഗതവും എന്‍ ശ്രീവിശാഖന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കെ.കെ.പുരുഷോത്തമന്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.
Tags:
Peruvayal News