പുല്ലാളൂർ എ.എൽ.പി സ്‌കൂളിന് സംസ്ഥാന അവാർഡ്
മടവൂർ : പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ അവാർഡിൽ ജല സംരക്ഷണ വിഭാഗത്തിൽ പുല്ലാളൂർ എ.എൽ.പി സ്‌കൂൾ സംസ്ഥാന തലത്തിൽ ഒന്നാമതായി.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും പി ടി എ പ്രതിനിധികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഇരുപത്തയ്യായിരം രൂപയും മൊമന്റോയുമാണ് ലഭിച്ചത്.
ഏഴ് മേഖലകളിലായി നടത്തിയ പ്രവർത്തനങ്ങളിൽ ജല സംരക്ഷണം വിഭാഗത്തിലാണ് പുല്ലാളൂർ എ.എൽ.പി സ്കൂൾ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി പുരസ്കാരത്തിന് അർഹമായത്.ബി.ആർ.സി തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ പിന്നീട് ജില്ലാ തലത്തിലും ഒന്നാമതായി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക,സുസ്ഥിരമായ ഭക്ഷണരീതികൾ ശീലമാക്കുക,ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക,മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക,ഊർജ്ജസംരക്ഷണം,ജലസംരക്ഷണം,ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം നിയന്ത്രിക്കുക എന്നീ മേഖലകളിലെ മികവുകൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട് പുരസ്കാരം കരസ്ഥമാക്കിയ സ്‌കൂളിനെ പി.ടി.എ അഭിനന്ദിച്ചു.
Tags:
Kunnamangalam News