Trending

പെരുവയലിൽ യുവത്വത്തിന്റെ ആരവം സൂപ്പർ കപ്പ് ഫുട്ബോൾ മാമാങ്കത്തിന് തുടക്കം

പെരുവയലിൽ യുവത്വത്തിന്റെ ആരവം സൂപ്പർ കപ്പ് ഫുട്ബോൾ മാമാങ്കത്തിന് തുടക്കം


പെരുവയൽ: 
യുവത്വത്തിന്റെ ആവേശവും കാൽപ്പന്തുകളിയുടെ മാസ്മരികതയും ഒത്തുചേരുന്ന പെരുവയൽ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ രണ്ടാം പതിപ്പിന് വർണ്ണാഭമായ തുടക്കം. പി.കെ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൽ പെരുവയൽ ഗ്രാമപഞ്ചായത്തിലെ 10 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.


കായികപ്രേമികൾക്ക് ആവേശകരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ടൂർണമെൻ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന് നൽകുന്ന പ്രാധാന്യമാണ്. യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.കെ ഗ്രൂപ്പ് ഇത്തരമൊരു ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.

ടൂർണ്ണമെൻ്റ് കൺവീനർ ജയേശ് ഇളവന സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി അദ്ധ്യക്ഷത വഹിച്ചു. മാവൂർ സബ് ഇൻസ്പെക്ടർ രമേശ് ബാബു ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.

പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ, ഷാജു പുനത്തിൽ, പി കെ ഗ്രൂപ്പ് മാനേജർ നിസാർ, സുധീർ, പി കെ ഷഹീദ്, സുധീഷ് പുതിയടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സലീം കരിമ്പാല നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ കായലം ഇ സി അബ്ദുൽ അസീസിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും പെരുവയൽ പാലിയേറ്റീവ് കെയറിനും വേണ്ടിയുള്ള ഫണ്ടുകൾ കൈമാറി.


യുവത്വത്തിന്റെ ഊർജ്ജവും കായിക വിനോദത്തിന്റെ ആവേശവും ലഹരി വിരുദ്ധ സന്ദേശവും ഒത്തുചേരുന്ന ഈ ടൂർണമെൻ്റ് പെരുവയലിന് ഒരു ആഘോഷം തന്നെയായി മാറും എന്നതിൽ സംശയമില്ല.

Post a Comment

Previous Post Next Post