Trending

വിഷുവിപണി ഉന്നമിട്ട് മാവൂരിലെ കണിവെള്ളരിപ്പാടങ്ങളിൽ വിളവെടുപ്പ്;

വിഷുവിപണി ഉന്നമിട്ട് മാവൂരിലെ കണിവെള്ളരിപ്പാടങ്ങളിൽ വിളവെടുപ്പ്;
കർഷകർ കയറ്റുമതിക്കായി ഒരുങ്ങുന്നു


പെരുവയൽ:
വിഷുവിന് കണിയൊരുക്കാനായി മാവൂർ മേഖലയിലെ കണിവെള്ളരിപ്പാടങ്ങളിൽ വിളവെടുപ്പ് തകൃതിയായി നടക്കുന്നു. വിളവെടുത്ത കണിവെള്ളരി കയറ്റുമതി ചെയ്യുന്നതിനായി തുടച്ചുവൃത്തിയാക്കുന്ന തിരക്കിലാണ് കർഷകർ.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണിവെള്ളരി കൃഷി ചെയ്യുന്ന കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം, പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ, പെരുവയൽ മാവൂർ പഞ്ചായത്തിലെ മലപ്രം, മാവൂർ പാടം, ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ, മഞ്ഞൊടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ വിളവെടുപ്പ് പുരോഗമിക്കുകയാണ്.
ഇവിടെ വിളവെടുത്ത കണിവെള്ളരി പ്രധാനമായും കൊണ്ടുപോകുന്നത് പാളയം പച്ചക്കറി മാർക്കറ്റിലേക്കാണ്. അവിടെനിന്ന് വിവിധ ജില്ലകളിലേക്ക് ഇവ കയറ്റി അയക്കും. പ്രാദേശിക പച്ചക്കറി വിപണികൾ, വിഷുവിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വാശ്രയസംഘങ്ങൾ എന്നിവയെല്ലാം കർഷകരിൽനിന്ന് നേരിട്ട് വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്.

മുൻകാലങ്ങളിൽ ഒറ്റപ്പെട്ട രീതിയിൽ കൃഷി ചെയ്തിരുന്ന കണിവെള്ളരി ഇപ്പോൾ ഹെക്ടർ കണക്കിന് സ്ഥലങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഫെബ്രുവരി 10ന് വിത്തിട്ട് ഏപ്രിൽ 10 ആകുമ്പോഴേക്കും വിളവെടുക്കുന്ന പരമ്പരാഗത രീതിയാണ് ഈ മേഖലയിലെ കർഷകർ പിന്തുടരുന്നത്.
എന്നാൽ, ഇത്തവണ വിഷുവിപണി ലക്ഷ്യമിട്ടിറക്കിയ കർഷകരുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി വേനൽ മഴ. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാരിന്റെ സഹായം അനിവാര്യമാണെന്ന് കർഷകർ പറയുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനമാണ് ഉണ്ടാവാറുള്ളതെന്നും കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം എടവലത്ത് മമ്മദ് കോയഹാജി അഭിപ്രായപ്പെട്ടു.
മലബാറിലെ ഏറ്റവും കൂടുതൽ കണിവെള്ളരി കൃഷി ചെയ്യുന്നത് പൈങ്ങോട്ടുപുറത്താണ്. എടവലത്ത് മമ്മദ് കോയഹാജി, സി.പി മരക്കാരുട്ടി, ടി.എം മുഹമ്മദ്, താമഠത്തിൽ മുൻസിൽ തുടങ്ങിയവരാണ് ഈ മേഖലയിലെ പ്രധാന കർഷകർ.

Post a Comment

Previous Post Next Post