ഷഹബാസ് വധം: പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോഴിക്കോട് ജില്ല കോടതി
കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ച് കോഴിക്കോട് ജില്ല കോടതിയും. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് വിദ്യാർഥികൾ ജില്ല കോടതിയെ സമീപിച്ചത്. കേസിൽ ആറ് പത്താം ക്ലാസ് വിദ്യാർഥികളാണ് കുറ്റാരോപിതർ.
ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും ഷഹബാസിൻ്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. വിദ്യാർഥികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുമെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതെന്നും ഷഹബാസിൻ്റെ കുടുംബം കോടതിയിൽ പറഞ്ഞിരുന്നു.
കുട്ടികൾക്ക് പ്രായ പൂർത്തി ആയില്ലെന്നത് പരിഗണിക്കരുതെന്നും അഭിഭാഷകൻ വാദമുയർത്തി. നിർഭയ കേസിലെ സുപ്രീം കോടതി പരാമർശം മുൻ നിർത്തിയാണ് വാദമുന്നയിച്ചത്. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണു താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടര്‍ന്നാണ് ഷഹബാസിനെ സഹവിദ്യാർഥികള്‍ ക്രൂരമായി മര്‍ദിച്ചത്.
നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താനായത്.
Tags:
Kozhikode News