കൗമാര ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ നൽകി
കാവുംമന്ദം:
കൗമാര പ്രായത്തിലെ കുട്ടികളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കായിക ക്ഷമത വളർത്തുന്നതിനും വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികളിൽ പ്രവർത്തിക്കുന്ന കൗമാര ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. നൂട്രി മീറ്റ് എന്ന പേരിൽ കുട്ടികളിലെ പോഷകാഹാര കുറവ് കണ്ടെത്തുന്നതിനു വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും അംഗൻവാടികൾക്കുള്ള തൂക്ക മെഷീൻ വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ഹസൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻജി ജിഷ നന്ദിയും പറഞ്ഞു.
Tags:
Kerala News