പൂളക്കടവ് ഇരിങ്ങാടൻ പള്ളി റോഡിൽ 11ന് ശേഷം പ്രവർത്തിച്ച കട അടപ്പിച്ചു
കോഴിക്കോട് കോവൂർ – പൂളക്കടവ് മിനി ബൈപാസിലെ രാത്രികാല തട്ടുകടകളുടെ പ്രവർത്തന സമയം പൊലീസ് നേതൃത്വത്തിൽനടന്ന അനുരഞ്ജന ചർച്ചയിൽ നിജപ്പെടുത്തിയെങ്കിലും വാപ്പൊളിത്താഴത്തു പൊലീസ് തീരുമാനം മറികടന്നു തട്ടുകട പ്രവർത്തിച്ചു. ഈ മേഖലയിൽ രാത്രി പ്രവർത്തിക്കുന്ന തട്ടുകടകൾക്കും നിയന്ത്രണം ബാധകമാണെന്നു യോഗത്തിനു ശേഷം പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. രാത്രി 11 ന് ശേഷം പ്രവർത്തിച്ച കട ചേവായൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി അടപ്പിച്ചു. രാത്രി 10.30 ന് വ്യാപാരം നിർത്തി 11 ന് കട അടയ്ക്കണമെന്നാണുപൊലീസും റസിഡന്റ്സ് അസോസിയേഷനും വ്യാപാരികളും തീരുമാനിച്ചത്.
കോവൂർ – ഇരിങ്ങാടൻ പള്ളി വരെ 3 കടകളും പൂളക്കടവ് – ഇരിങ്ങാടൻ പള്ളി വരെ 12 കടകളും മാത്രമാണ് ഇന്നലെ തുറന്നത്. 11 മണിയോടെ എല്ലാ ലൈറ്റും ഓഫാക്കി തെരുവ് വിജനമായി. എന്നാൽ പൂളക്കടവ് – ഇരിങ്ങാടൻ പള്ളി റോഡിൽ കട തുറന്ന വിവരം നാട്ടുകാർ അറിയിച്ചതിൽ ചേവായൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. കട അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും നടത്തിപ്പുകാർ പൊലീസ് ആവശ്യം നിരസിച്ചു. സംഭവം മാധ്യമ പ്രവർത്തകർ ചിത്രീകരിച്ചതോടെ പൊലീസ് അറിയിച്ചിട്ടാണോ മാധ്യമ പ്രവർത്തകർ വന്നതെന്നു പൊലീസിനോട് കടക്കാർ ചോദിച്ചു. 3 തവണ ആവശ്യപ്പെട്ടിട്ടും കടയിലെ ലൈറ്റ് ഓഫാക്കിയില്ല. തുടർന്നു പൊലീസ് വാഹനം കടയ്ക്കു മുന്നിൽ നിർത്തി.
ഇവിടേക്ക് എത്തിയ പലരും ഇതോടെ പൊലീസിനെ ഭയന്നു തിരിച്ചു പോയി. ഒടുവിൽ പൊലീസ് ആവശ്യപ്പെട്ടു കട അടപ്പിക്കുകയായിരുന്നു. കോവൂർ – പൂളക്കടവ് മേഖലയിൽ 34 കടകളാണു രാത്രി തുറന്നു പ്രവർത്തിക്കുന്നത്.
ഇതിൽ കോവൂർ – ഇരിങ്ങാടൻ പള്ളി മേഖലയിൽ 21 കടകളും പൂളക്കടവ് – ഇരിങ്ങാടൻ പള്ളി മേഖലയിൽ 13 കടകളും ഉണ്ടെന്ന് പോലിസ് പറഞ്ഞു.
Tags:
Kozhikode News
