Trending

കോഴിക്കോട് സിറ്റി ഉപജില്ലാ കായികമേളയ്ക്ക് ഉജ്ജ്വല തുടക്കം:

കോഴിക്കോട് സിറ്റി ഉപജില്ലാ കായികമേളയ്ക്ക് ഉജ്ജ്വല തുടക്കം:


കോഴിക്കോട്: വിദ്യാർത്ഥികളുടെ കായികമികവിനും കായിക സംസ്കാരത്തിനും പുതിയ ഊർജം പകർന്ന് കോഴിക്കോട് സിറ്റി ഉപജില്ലാ കായികമേളയ്ക്ക് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. ഒക്ടോബർ 9, 10, 12 തിയ്യതികളിലായി നടക്കുന്ന കായികമേളയുടെ ഉദ്ഘാടനം കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. ജയന്ത് കെ. നിർവ്വഹിച്ചു.എൽ.പി. മിനി, എൽ.പി. കിഡ്ഡീസ്, യു.പി. കിഡ്ഡീസ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളുൾപ്പെടെ 177-ഓളം ഇനങ്ങളിലായി 2,700-ഓളം കായികപ്രതിഭകളാണ് മൂന്ന് ദിവസങ്ങളിലായി മാറ്റുരയ്ക്കുന്നത്.


ഉദ്ഘാടന പ്രസംഗത്തിൽ കായികമികവിന്റെ യഥാർഥ സന്ദേശം ഉയർത്തിപ്പിടിച്ച് അഡ്വ. കെ.ജയന്ത് സംസാരിക്കുകയുണ്ടായി .“കായികരംഗത്തെ വിജയം മെഡലുകളിലും ട്രോഫികളിലും മാത്രം ഒതുങ്ങുന്നതല്ല. തോൽവികളെ ആത്മവിശ്വാസത്തോടെ നേരിടാനും പരാജയങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വീണ്ടും മുന്നേറാനും കഴിയുന്ന മനക്കരുത്താണ് കായികം കുട്ടികൾക്ക് നൽകുന്ന ഏറ്റവും വലിയ സമ്പത്ത്. ഓരോ കുട്ടിയിലുമുള്ള കഴിവുകൾ കണ്ടെത്താനും അവയെ വളർത്തിയെടുക്കാനും വിദ്യാലയങ്ങൾ അവസരമൊരുക്കണം. ജയിക്കുന്നവരെ അഭിനന്ദിക്കുന്നതുപോലെതന്നെ മികച്ച പ്രകടനത്തിനായി പരിശ്രമിക്കുന്ന ഓരോ കായികതാരത്തെയും പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയണം. ആരോഗ്യകരമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ കായികവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്” — അദ്ദേഹം പറഞ്ഞു. കായിക താരങ്ങൾക്ക് ആവശ്യമായ കുടിവെള്ള ലഭ്യതയും, ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സന്നദ്ധ സേവനവും പ്രത്യേകമായി ഒരുക്കിയിരുന്നു.
ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ സജിത്ത് കുമാർ എ.ഡി. സ്വാഗതം പറഞ്ഞു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മൃദുല കെ.വി. അധ്യക്ഷത വഹിച്ചു. പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കൺവീനർ മോഹനൻ എം.വി., ഫെസ്റ്റിവൽ കമ്മിറ്റി ജോയിന്റ് കൺവീനർ ഷഫീക്ക് അലി, കായികമേള ഓർഗനൈസിങ് സെക്രട്ടറി ബിജു അഗസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു. ഫെസ്റ്റിവൽ കമ്മിറ്റി ജോയിന്റ് കൺവീനർ ജിജേഷ് കെ.വി. നന്ദി പറഞ്ഞു.വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കായികതാരങ്ങളുടെ പങ്കാളിത്തത്തോടെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ആവേശത്തിലാണ് വിദ്യാർത്ഥികൾ.

Post a Comment

Previous Post Next Post