രക്തദാന രംഗത്തെ നിസ്വാർത്ഥ സേവനത്തിന് നാസർ മാഷിന് ‘സൈലന്റ് സോഷ്യൽ വർക്കർ’ അവാർഡ്
കല്ലാച്ചി: JCI Week 2026-ന്റെ ഭാഗമായി JCI കല്ലാച്ചി സംഘടിപ്പിച്ച ‘Honouring Heroes & Silent Stars’ പരിപാടിയിൽ, രക്തദാന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന Hope Blood Donors Group പ്രസിഡന്റ് നാസർ മാഷിനെ ‘Silent Social Worker Award’ നൽകി ആദരിച്ചു.ജെസി ഐ കല്ലാച്ചി പ്രസിഡന്റ് ഷബാന എൻകെ സ്നേഹോപഹാരം നൽകി.
ജെസി ഐ കല്ലാച്ചി കമ്യൂണിറ്റി ഡെവലപ്പ്മെന്റ് വൈസ് പ്രസിഡന്റ് അഫ്സൽ റാസ്കോ, ലത്തീഫ് പെട്ടീന്റവിട തുടങ്ങിയ ജെസി ഐ അംഗങ്ങൾ സന്നിഹിതരായി.
ആയഞ്ചേരി സ്വദേശിയായ നാസർ മാഷ്, വർഷങ്ങളായി രക്തം ആവശ്യമുള്ളവർക്കും രക്തദാതാക്കൾക്കും ഇടയിൽ സ്നേഹത്തിന്റെ പാലമായി പ്രവർത്തിച്ചുവരികയാണ്. അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് അപൂർവ രക്തഗ്രൂപ്പുകൾ ആവശ്യമായി വരുന്ന സമയങ്ങളിൽ പോലും, ദാതാക്കളെ കണ്ടെത്തി രക്തം ലഭ്യമാക്കുന്നതിൽ അദ്ദേഹം സജീവമായി ഇടപെടുന്നു.
രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ, ദൂരസ്ഥലങ്ങളിൽ നിന്നുപോലും രക്തദാനത്തിനായി സന്നദ്ധരായി എത്തുന്ന നിരവധി മനുഷ്യസ്നേഹികളെ ഏകോപിപ്പിച്ചാണ് Hope Blood Donors Group ഈ സേവനം മുന്നോട്ടുകൊണ്ടുപോകുന്നത്.
ജാതി, മതം, പ്രായം, സാമ്പത്തിക സ്ഥിതി തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി ഒരു ജീവൻ രക്ഷിക്കുക എന്ന മാനുഷിക ലക്ഷ്യത്തോടെ നടത്തുന്ന നാസർ മാഷിന്റെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് JCI കല്ലാച്ചി വിലയിരുത്തി.
Tags:
Kerala News


