2026 സെപ്റ്റംബർ 19
തണൽ റിസർച്ച് ഇനീഷ്യേറ്റീവ്' ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: സാമൂഹിക സന്നദ്ധ സംഘടനയായ തണൽ ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ പുതിയ ഗവേഷണ വിഭാഗമായ 'തണൽ റിസർച്ച് ഇനീഷ്യേറ്റീവി'ന്റെ ഉദ്ഘാടനവും കോഴിക്കോട് ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററുമായുള്ള ഗവേഷണ പങ്കാളിത്ത ധാരണാപത്രത്തിൽ ഒപ്പുവെക്കലും മലാപ്പറമ്പിലെ തണൽ ഹെഡ് ഓഫീസിൽ വെച്ച് നടന്നു. കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തണലിന്റെ ഇത്തരം ബൃഹത്തായ പദ്ധതികൾക്കും പൊതുസമൂഹത്തിന് നന്മ നൽകുന്ന പ്രവർത്തനങ്ങൾക്കും താൻ എപ്പോഴും സന്നദ്ധനായി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
സാധാരണക്കാരായ ജനങ്ങളുടെ അനുഭവങ്ങളിൽ നിന്നും പ്രായോഗിക പ്രവർത്തനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ക്രെഡിബിൾ ആയ തെളിവുകൾ രൂപപ്പെടുത്താനും, അത് സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ശാസ്ത്രീയമായി പ്രയോജനപ്പെടുത്താനുമാണ് തണൽ റിസർച്ച് ഇനീഷ്യേറ്റീവിലൂടെ ലക്ഷ്യമിടുന്നത്. തണൽ ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഇദ്‌രീസ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ തണലിന്റെ ജനകീയ അനുഭവങ്ങളും ഇഖ്‌റയുടെ ക്ലിനിക്കൽ മികവും സംയോജിപ്പിച്ച് മനുഷ്യർക്ക് ഗുണകരമായ പുതിയ ഗവേഷണ സാധ്യതകളിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗവേഷണം കേവലം പ്രബന്ധങ്ങളിൽ ഒതുങ്ങാതെ പ്രാദേശിക ആരോഗ്യ പ്രശ്നങ്ങൾക്കും കമ്മ്യൂണിറ്റി കെയറിനും പരിഹാരമാകുന്ന രീതിയിൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇഖ്‌റ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി. അൻവർ സംസാരിച്ചു. ചടങ്ങിൽ തണൽ റിസർച്ച് ഹെഡ് ഡോ. ഷക്കീല വി, തണൽ സീനിയർ കൺസൾട്ടന്റ് ഡോ. സേതുമാധവൻ വാര്യർ, ഇഖ്‌റ കെയർ ചെയർമാൻ ഡോ. ഫിറോസ് അസീസ്, ഡോ. ഇജാസ് പിള്ളൈ, മറ്റ് അക്കാദമിക്-ഗവേഷണ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അമൃത സ്കൂൾ ഓഫ് മെഡിസിൻ പബ്ലിക് ഹെൽത്ത് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെബി ജോസ് ഒലിക്കൽ നയിച്ച രണ്ടുദിവസത്തെ 'റിസർച്ച് മെത്തേഡ്സ് ആൻഡ് SPSS' വർക്ക്‌ഷോപ്പും തണൽ ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.
Tags:
Kozhikode News

