Trending

വാഴക്കാട് എഫ്.എച്ച്.സിയിൽ ഒ.പി താഴത്തെ നിലയിലേക്ക് മാറ്റണം: പരിവാർ സംഘടന ജില്ലാ കളക്ടർക്ക് നിവേദനം നൽകി

വാഴക്കാട് എഫ്.എച്ച്.സിയിൽ ഒ.പി താഴത്തെ നിലയിലേക്ക് മാറ്റണം: പരിവാർ സംഘടന ജില്ലാ കളക്ടർക്ക് നിവേദനം നൽകി

വാഴക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിലെ (FHC) ഡോക്‌ടർമാരുടെ ഒ.പി പരിശോധന ഒന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാർ' ആണ് കളക്ടറെ സമീപിച്ച് നിവേദനം സമർപ്പിച്ചത്.


ഭിന്നശേഷിക്കാരും കിടപ്പുരോഗികളും വയോധികരും ഉൾപ്പെടെ ദിനേന നൂറുകണക്കിന് ആളുകളാണ് വാഴക്കാട് എഫ്.എച്ച്.സിയെ ആശ്രയിക്കുന്നത്. നിലവിൽ ഒ.പി വിഭാഗം കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്നത് കാരണം രോഗികൾക്കും ഭിന്നശേഷിക്കാർക്കും അപകടം പറ്റി എത്തുന്നവർക്കും പടികൾ കയറി മുകളിലേക്ക് പോകുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
​മുമ്പ് എച്ച്.എം.സി (HMC), പഞ്ചായത്ത് ഭരണസമിതി, സർവ്വകക്ഷിയോഗം എന്നിവർ ഒ.പി താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. കൂടാതെ പരിവാർ സംഘടന നേരത്തെയും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
​ഈ സാഹചര്യത്തിലാണ് പരിവാർ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് കരീം എളമരത്തിന്റെ നേതൃത്വത്തിൽ ടി.പി അഷ്‌റഫലി എം.എൽ.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർക്ക് നേരിട്ട് നിവേദനം കൈമാറിയത്. പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസകരമായ രീതിയിൽ ഒ.പി താഴത്തെ നിലയിലേക്ക് ഉടൻ മാറ്റണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

Post a Comment

Previous Post Next Post