ലഹരിമാഫിയക്കെതിരെയുള്ള 'തൂഫാൻ' പദ്ധതി സംസ്ഥാനത്ത് സാംസ്കാരിക പുനർജീവിനം സാധ്യമാക്കും: മജ്‌ലിസ് ഐക്യദാർഢ്യ സംഗമം
പെരുവയൽ:
ഒരു ദശകത്തിലേറെയായി ലഹരിവ്യാപനത്തിന്റെയും മയക്കുമരുന്ന് മാഫിയയുടെയും ഹബ്ബായി മാറിയിരുന്ന സംസ്ഥാനത്ത്, പ്രതീക്ഷയുടെ പ്രകാശകിരണങ്ങൾ പരത്താൻ സർക്കാരിന്റെ 'തൂഫാൻ' പദ്ധതിക്ക് സാധിക്കുന്നുണ്ടെന്ന് മജ്‌ലിസ് സേവന കേന്ദ്രം സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു. "തൂഫാൻ പോരാട്ടം സംസ്ഥാനത്തിന്റെ സാംസ്കാരിക പുനർജീവിനം" എന്ന പ്രമേയത്തിലാണ് സംഗമം സംഘടിപ്പിച്ചത്.
മയക്കുമരുന്ന് മാഫിയകൾക്ക് മുൻകാലങ്ങളിൽ മാതൃകാപരമായ ശിക്ഷ ലഭിക്കാത്തത് അവർക്ക് സർക്കാരിന്റെ പരോക്ഷ സഹായം ലഭിക്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് പരിശോധനകളിലും മണ്ണ്, കല്ല് കയറ്റിയ വാഹനങ്ങൾ പിടികൂടുന്നതിലും മാത്രമായി പൊലീസിന്റെ ഡ്യൂട്ടി ഒതുങ്ങിപ്പോയതാണ് സംസ്ഥാനത്ത് ലഹരി തഴച്ചുവളരാൻ ഇടയാക്കിയത്. ഇത് വിദ്യാർത്ഥി സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുകയും സമൂഹത്തെ വലിയ ആശങ്കയിലാഴ്ത്തുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ പുതിയ ലഹരിവിരുദ്ധ സമീപനം ലഹരിക്ക് അടിമപ്പെട്ടവർക്ക് പശ്ചാത്താപത്തിനുള്ള അവസരമാണ് ഒരുക്കുന്നത്.
ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഈ പദ്ധതിക്ക് പിന്തുണ നൽകുമ്പോൾ, ഇതിന്റെ ഗാംഭീര്യം കുറയ്ക്കുന്ന രീതിയിലുള്ള വീര്യം കുറഞ്ഞ മദ്യത്തോടുള്ള നിലപാടുകളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് സംഗമം ആവശ്യപ്പെട്ടു. മുൻ സർക്കാർ അനധികൃതമായി അനുമതി നൽകിയ ലഹരി ഷാപ്പുകൾ അടിയന്തരമായി അടച്ചുപൂട്ടണമെന്നും ചടങ്ങിൽ ആവശ്യമുയർന്നു.
മജ്‌ലിസു തൗഹീദ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച തൂഫാൻ ഐക്യദാർഢ്യ സംഗമം സ്ഥലം എം.എൽ.എ. റസാക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.യു. ജഅഫർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, കെ. മൂസ മൗലവി, പ്രൊഫസർ ഓമാനൂർ മുഹമ്മദ്, കെ.പി. കോയ, മരക്കാർ ഹാജി, മുജീബ് എടക്കണ്ടി, അബ്ദുൽ ഖാദർ കാരന്തൂർ, ഹംസ പെരിങ്ങളം, അഡ്വ. ഡാനിഷ്, എം. ഉമ്മർ ഹാജി, കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി, വീരാൻ കോയ ഹാജി, അബ്ദുറഹ്‌മാൻ കരിപ്പാൽ, ടി.പി. മൂസക്കോയ, ഹംസ ഫൈസി റിപ്പൺ, ഡോ. ഇസ്മായിൽ ഫൈസി, സാബിർ ഖാസിമി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
Tags:
Peruvayal News

