മർഹൂം അബ്ദുൽ അസീസ് മദനിയുടെ നാലാം വാർഷിക അനുസ്മരണ സദസ്സ് സമാപിച്ചു
മടവൂർ, 3 ജൂൺ 2026: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ സുന്നി വിജ്ഞാന-ആത്മീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന മർഹൂം അബ്ദുൽ അസീസ് മദനിയുടെ നാലാം വാർഷിക അനുസ്മരണ സദസ്സ് മടവൂർ ബദ്‌രിയ്യ മൻസിലിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ പ്രമുഖ സാദാത്തുക്കളും ഉലമാക്കളും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.
രാവിലെ 9:00 മണിക്ക് കുന്നമംഗലം മദനി ഉസ്താദ് മഖാമിൽ നടന്ന സിയാറത്തോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് രാവിലെ 10:00 മണിക്ക് മടവൂർ ജുമാ മസ്ജിദിൽ ഖുത്ബുൽ ആലം സി.എം. വലിയ്യുല്ലാഹി മഖാം സിയാറത്ത് നടന്നു. രാവിലെ 11:00 മണിക്ക് മൗലിദ് മജ്‌ലിസോടെ മുഖ്യ അനുസ്മരണ സമ്മേളനം ആരംഭിച്ചു. വൈകീട്ട് 4:00 മണിക്ക് നടന്ന ദുആ മജ്‌ലിസോടെ പരിപാടികൾ സമാപിച്ചു.
ടി.കെ. അബ്ദുർറഹ്‌മാൻ ബാഖവി ഉസ്താദ് (സി.എം. സെന്റർ ജനറൽ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ്), സി.എം. മുഹമ്മദ് അബൂബക്കർ സഖാഫി, നൂറുദ്ദീൻ സഖാഫി (കുന്നമംഗലം ജുമാ മസ്ജിദ് ഖതീബ്), ഇസ്മാഈൽ സഖാഫി പെരുമണ്ണ (മദീനത്തുൽ സി.എം. ഒളവണ്ണ ജനറൽ സെക്രട്ടറി), സുബൈർ മുസ്‌ലിയാർ പൊന്നാനി, സ്വാലിഹ് ഗുരുക്കൾ പൂനൂർ, റാശിദ് റസാ അസ്ഹരി, മൻസൂർ അദനി വെന്നിയൂർ, യാസീൻ സഖാഫി മങ്ങാട് എന്നിവർ സംബന്ധിച്ചു.
മർഹൂം മദനി ഉസ്താദിന്റെ ജീവിതം, പഠന-പ്രബോധന പ്രവർത്തനങ്ങൾ, രചനകൾ, ആത്മീയ-സാമൂഹിക സ്വാധീനം എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന സ്മരണിക പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags:
Kozhikode News

