ദുർഗ്ഗാ ലക്ഷ്മിയുടെ ‘ദൈവത്തിന്റെ പെൻസിൽ’ പ്രകാശനം ചെയ്തു; കവിയരങ്ങ് ശ്രദ്ധേയമായി
പാരിപ്പള്ളി: എഴുത്തുകാരിയും അധ്യാപികയുമായ ദുർഗ്ഗാ ലക്ഷ്മിയുടെ കന്നി കവിതാസമാഹാരമായ ‘ദൈവത്തിന്റെ പെൻസിൽ’ പ്രകാശനം ചെയ്തു. പാരിപ്പള്ളി ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ആർ. പാർവതിദേവി, സാഹിത്യകാരി ഗീതാനസ്സീറിന് പുസ്തകം നൽകിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് സമ്പന്നമായിരുന്നു. ഡോ. എം. രാജീവ് കുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ബി. ഭുവനേന്ദ്രൻ പുസ്തക പരിചയം നടത്തി. തനിമ സുഭാഷ്, വി. രഞ്ജിത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ കവയത്രി ദുർഗ്ഗാ ലക്ഷ്മി മറുപടി പ്രസംഗം നടത്തി.
പുസ്തക പ്രകാശനത്തിന് മുന്നോടിയായി നടന്ന കവിസമ്മേളനം സാഹിത്യപ്രേമികൾക്ക് വേറിട്ട അനുഭവമായി. പ്രശസ്ത കവി ഓരനെല്ലൂർ ബാബു മോഡറേറ്ററായ ചടങ്ങിൽ വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന കവിതകൾ അവതരിപ്പിക്കപ്പെട്ടു.
മടവൂർ കൃഷ്ണൻകുട്ടി, പ്രകാശ് കളത്ര, ബേബികൃഷ്ണൻ, ശ്രീകണ്ഠൻ കല്ലമ്പലം, അനാമിക, അപർണ്ണാരാജ്, തനിമ എസ്., അക്ഷര ആർ.ആർ, ശ്രീലാ വി.എസ്, പ്രസന്നൻ വടശ്ശേരിക്കോണം, അനുമോൾ, ശാന്തകുമാരി ടി. തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
Tags:
Kerala News





