കാഴ്ചപരിമിതരുടെ ഉന്നമനത്തിന് ബ്രെയിൻ ലിപി പഠനം അനിവാര്യം:
കൊളത്തറയിൽ ലൂയി ബ്രെയിൽ ദിനാചരണം
കൊളത്തറ: സാങ്കേതിക വിദ്യയുടെ അതിപ്രസരം പുതുതലമുറയിലെ കാഴ്ചപരിമിതർക്കിടയിൽ ബ്രെയിൻ ലിപിയോടുള്ള താൽപ്പര്യം കുറയ്ക്കുന്നുവെന്നും, ഇത് മറികടക്കാൻ രക്ഷിതാക്കൾ നിർബന്ധമായും ബ്രെയിൻ ലിപി അഭ്യസിക്കണമെന്നും അഭിപ്രായം. ലോക ബ്രെയിൽ ദിനത്തോടനുബന്ധിച്ച് കൊളത്തറ കാലിക്കറ്റ് ഹയർസെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡിക്യാപ്ഡിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ ആഹ്വാനം ഉയർന്നുവന്നത്.
ആധുനിക സാങ്കേതിക വിദ്യകൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളർച്ച പ്രാപിച്ചതോടെ, കാഴ്ചപരിമിതരായ വിദ്യാർത്ഥികൾ വായനയ്ക്കും പഠനത്തിനുമായി ഡിജിറ്റൽ സംവിധാനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇത് ബ്രെയിൻ ലിപിയോടുള്ള വിരക്തിക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഒരു വിദ്യാർത്ഥിയുടെ അടിസ്ഥാന വിദ്യാഭ്യാസത്തിലും ആശയവിനിമയത്തിലും ബ്രെയിൻ ലിപിക്കുള്ള പ്രാധാന്യം വലുതാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
കുട്ടികളിൽ ബ്രെയിൻ ലിപിയിലുള്ള താൽപ്പര്യം നിലനിർത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും രക്ഷിതാക്കളുടെ പങ്കാളിത്തം അനിവാര്യമാണ്. അതിനാൽ രക്ഷിതാക്കളും ഈ ലിപി പഠിക്കാൻ തയ്യാറാകണമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
സ്കൂളിൽ നടന്ന ദിനാചരണ പരിപാടി കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ
വി പി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ വി.പി അബ്ദുൽ ജലീൽ അധ്യക്ഷനായി. എം പി കുഞ്ഞുവാവ മാസ്റ്റർ ലൂയി ബ്രെയിൽ ദിന സന്ദേശം നൽകി. ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി എം ഷബീർ. എസ്.എം.സി ചെയർമാൻ സിദ്ധീഖ് വൈദ്യരങ്ങാടി, പി എ അബ്ദുൽ കരീം.ശദ ഷാനവാസ്, എം നാസർ എന്നിവർ സംസാരിച്ചു. ലൂയി ബ്രെയിലിന്റെ സ്മരണാർത്ഥം വിവിധ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു.
Tags:
Kozhikode News
