കാരുണ്യത്തിന്റെ തണലൊരുക്കി പെരുവയൽ മഹല്ല്: വിധവകളായ മാതാവിനും മകൾക്കും വീടൊരുങ്ങുന്നു
പെരുവയൽ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് താങ്ങായി പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റി നടപ്പിലാക്കുന്ന ഭവന പദ്ധതിക്ക് തുടക്കമായി. പെരുവയൽ കല്ലേരി പാടത്ത് താമസിക്കുന്ന വിധവകളായ ആയിഷ ബീവി, മകൾ ഹാജറ ബീവി എന്നിവർക്കായി നിർമ്മിക്കുന്ന വീടിന്റെ തറയുടെ പണി മഹല്ല് റിലീഫ് കമ്മിറ്റി ഏറ്റെടുത്തു.
പദ്ധതിയുടെ ഭാഗമായുള്ള കുറ്റിയടി കർമ്മം പെരുവയൽ മഹല്ല് ഖത്തീബ് ബഷീർ ബാഖവി ഉസ്താദ് നിർവഹിച്ചു. ഏറെ പ്രയാസകരമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന് സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നം മഹല്ല് നിവാസികളുടെയും റിലീഫ് കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് യാഥാർത്ഥ്യമാകുന്നത്.
ചടങ്ങിൽ മഹല്ല് സെക്രട്ടറി മൂസ മൗലവി സാന്നിധ്യമായിരുന്നു. മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വീട് കൈമാറാനാണ് റിലീഫ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
