പഠനനിലവാരം മെച്ചപ്പെടുത്താൻ: മാവൂർ പഞ്ചായത്തിന്റെ 'മേശ-കസേര' വിതരണം ചെയ്തു
എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തി
മാവൂർ: പട്ടികജാതി വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ എസ്.സി. വിദ്യാർത്ഥികൾക്കായുള്ള ഈ പദ്ധതിക്കായി അഞ്ച് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്തിമ ഉണിക്കുർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് നടപ്പാക്കുന്ന ഈ പദ്ധതി വഴി വിദ്യാർത്ഥികളുടെ പഠനം നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഉദ്ഘാടകർ അഭിപ്രായപ്പെട്ടു. നേരത്തെയും എസ്.സി. വിദ്യാർത്ഥികൾക്കുള്ള വിവിധ പഠനോപകരണങ്ങൾ പഞ്ചായത്ത് വിതരണം ചെയ്തിട്ടുണ്ടായിരുന്നു.
ആശംസകൾ അർപ്പിച്ചുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. കാദർ, മെമ്പർമാരായ ഉമ്മർകുട്ടി മാസ്റ്റർ, കെ.എം. അപ്പു, കുഞ്ഞൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു. പദ്ധതിയെക്കുറിച്ച് എച്ച്.എം. ഉണ്ണി ചികോൽ വിശദീകരിച്ചു. എസ്.സി. പ്രൊമോട്ടർ സുമിത നന്ദി രേഖപ്പെടുത്തി.
Tags:
Mavoor News
