ചെറൂപ്പ ആശുപത്രിക്ക് ഹെൽത്ത് ഗ്രാൻ്റ് വിനിയോഗിക്കുന്നതിനുള്ള അനുമതി ഉത്തരവായി
ചെറൂപ്പ ആശുപത്രിയുടെ വികസനത്തിന് ഹെൽത്ത് ഗ്രാൻ്റ് ഉപയോഗപ്പെടുത്തുന്നതിലുള്ള തടസ്സം നീക്കിക്കൊണ്ട് സർക്കാർ ഉത്തരവായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഹെൽത്ത് ഗ്രാൻ്റ് ഇനത്തിൽ ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച 27.57 ലക്ഷം രൂപയാണ് കുന്നമംഗലം ബ്ലോക്ക് അധീനതയിലുള്ള ചെറൂപ്പ ആശുപത്രിയിൽ ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കാൻ പ്രത്യേകാനുമതി നൽകി ഉത്തരവായത്. ചെറൂപ്പ ആശുപത്രി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയുടെ ഭരണ നിയന്ത്രണം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന് കൈമാറി സർക്കാർ ഉത്തരമായിരുന്നു. ഇതൊപ്പം പദ്ധതി നിർവ്വഹണത്തിന് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിനും മാവൂർ ഗ്രാമപഞ്ചായത്തിനും നിർവ്വഹണ ഉദ്യോഗസ്ഥരായി ചെറൂപ്പ ആശുപത്രിയിലെ സിവിൽ സർജ്ജനയും അസിസ്റ്റൻ്റ് സർജ്ജനെയും നിയോഗിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനവും വന്നതോടെ വർഷങ്ങളായി നിലനിന്ന ഫണ്ട് വിനിയോഗത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ രണ്ട് ദിവസം മുമ്പ് വിളിച്ചുചേർത്ത യോഗത്തിൽ ആശുപത്രി പ്രവർത്തന സമയം ദീർഘിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ജില്ലാ മെഡിക്കൽ ഓഫീസറും അംഗങ്ങളായ ഒരു സബ് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ആശുപത്രി പ്രവർത്തനം പരാതികൾക്കിടയാക്കാത്ത വിധത്തിൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടത്തിവരുന്നതെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
Tags:
Mavoor News