Trending

പെൻഷൻകാരെ വഞ്ചിക്കാൻ സർക്കാരിനെ അനുവദിക്കില്ല

പെൻഷൻകാരെ വഞ്ചിക്കാൻ സർക്കാരിനെ അനുവദിക്കില്ല

കൽപ്പറ്റ: കേരളത്തിലെ സംസ്ഥാന ജീവനക്കാരും അധ്യാപകരും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ആനുകൂല്യങ്ങൾ കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്നത് ഒരു തൊഴിലാളി സർക്കാർ എന്ന് നൂറുവട്ടം പറയുന്ന സർക്കാർ കാണിക്കുന്നത് വഞ്ചനയാണന്നും പെൻഷൻ പറ്റി പിരിഞ്ഞതിനുശേഷം അവരെ സമരപ്പന്തലിൽ എത്തിച്ച് ആനുകൂല്യത്തിന് വേണ്ടി സമരം ചെയ്യിക്കുന്നത് തൊഴിലാളി സ്നേഹം പറയുന്ന ഒരു സർക്കാരിന് ചേർന്നതല്ലെന്നും ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ അഭിപ്രായപ്പെട്ടു. പെൻഷൻ പരിഷ്കരണം നടത്താനുള്ള സമയം കഴിഞ്ഞു ഒരു വർഷമായിട്ടും അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സർക്കാർ ഇതുവരെ മെനക്കെട്ടിട്ടില്ല. 

ഇപ്പോൾ തന്നെ ആറു ഗഡു, 18% ക്ഷാമാശ്വാസം പെൻഷൻകാരുടെ തടഞ്ഞു വച്ചിരിക്കുകയാണ്. ഇതിനു മുന്നെ പ്രഖ്യാപിച്ച 3 ഗഡു ക്ഷാമാശ്വാസത്തിന്റെ 117 മാസത്തെ കുടിശികയും ഇതുവരെ അനുവദിച്ചിട്ടില്ല. ജീവനക്കാരുടെയും പെൻഷൻ പറ്റി പിരിഞ്ഞ പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പൂർണ്ണമായും പെൻഷൻകാർക്കും ജീവനക്കാർക്കും ഗുണകരമല്ലാതാക്കിയിട്ട് പുനഃ പരിശോധിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട അദ്ദേഹം ജീവനക്കാരെയും പെൻഷൻക്കാരെയും വഞ്ചിക്കാൻ അനുവദിക്കില്ല എന്നും പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ദ്വിദിന സത്യാഗ്രഹ സമരത്തിന്റെ ആദ്യ ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് ഇ.ടി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ സെക്രട്ടറി കെ ശശികുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ വിപിനചന്ദ്രൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണു ഗോപാൽ എം കീഴ്ശേരി, സണ്ണി ജോസഫ്, സംസ്ഥാന കൗൺസിലർമാരായ ടിപി ശശിധരൻ മാസ്റ്റർ, പി കെ സുകുമാരൻ, ടി കെ സുരേഷ്, എൻ ഡി ജോർജ്, വി പി പ്രേംദാസ്, തുടങ്ങിയവർ പ്രസംഗിച്ചു. കെഎൽ തോമസ് നന്ദിയും പറഞ്ഞു. ധർണ നാളെയും തുടരും.

Post a Comment

Previous Post Next Post