Trending

ഹർഷിനക്ക് നീതി ലഭിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

ഹർഷിനക്ക് നീതി ലഭിക്കണം:
മുല്ലപ്പള്ളി രാമചന്ദ്രൻ



ഹർഷിനക്ക് നീതി വൈകുന്നു: ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ


കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് ആറ് വർഷത്തോളം വേദനയനുഭവിച്ച ഹർഷിനക്ക് നീതി ലഭ്യമാക്കാൻ ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.


"വൈകുന്ന നീതി അനീതിയാണ്, ഹർഷിനക്ക് നീതി ലഭ്യമാക്കുക" എന്ന മുദ്രാവാക്യമുയർത്തി സമരസമിതി സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



"തിരഞ്ഞെടുത്ത സർക്കാർ നീതി നിഷേധിക്കുമ്പോൾ കോടതികൾ മാത്രമാണ് പാവങ്ങൾക്ക് അഭയസ്ഥാനമാകുന്നത്," മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായ യുവതിയെ, കേവലം 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഔദാര്യം പോലെ പറഞ്ഞ് സർക്കാർ കയ്യൊഴിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



ഹർഷിന തുടർച്ചയായ നീതി നിഷേധമാണ് അനുഭവിക്കുന്നതെന്നും, അവരുടെ വേദനയും കണ്ണീരും കാണാൻ കഴിയാത്ത പിണറായി സർക്കാർ പരാജയമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഇനിയെങ്കിലും ഹർഷിനയെന്ന സഹോദരിയോട് സർക്കാർ നീതി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രക്ഷോഭം തുടരുകയാണ്. മുൻപ് സമരപ്പന്തലിലെത്തി നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കോഴിക്കോട് ജില്ലയിൽ പങ്കെടുക്കുന്ന പരിപാടികൾക്കു സമീപവും നിയമസഭയ്ക്കും സെക്രട്ടേറിയറ്റിനും മുൻപിലും പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അറിയിച്ചു.
സത്യഗ്രഹ സമരത്തിൽ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.എം. അഭിജിത്ത്, വുമൺ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, കെപിസിസി മെംബർ കെ. രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഫൗസിയ അസീസ്, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സുബൈദ കക്കോടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. ധനീഷ് ലാൽ, വി.പി. ദുൽഖിഫിൽ, ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. രാജൻ, ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറഫാത്ത്, ഐടിയു ജില്ലാ പ്രസിഡന്റ് എം.എ. ഖയ്യും, സിഎംപി ജില്ലാ സെക്രട്ടറി അഷ്റഫ് കായക്കൽ, വുമൻ ഇന്ത്യ ജില്ലാ പ്രസിഡൻ്റ് റംഷീന, മിർഷാൻ മുണ്ടുമുഴി, മുജീബ് പുറായിൽ, ഇ.പി. അൻവർ സാദത്ത്, എം.ടി. സേതുമാധവൻ, അബ്ദുൽ ലത്തീഫ് മണക്കടവ്, മാത്യു ദേവഗിരി, സുബൈർ നെല്ലൂളി, വിൽസൻ പണ്ടാരവളപ്പിൽ, മണിയൂർ മുസ്തഫ, അൻഷാദ് മണക്കടവ്, കെ.ഇ. സാബിറ, അഷ്റഫ് ചേലാട്, ശ്രീകല, ജുമൈല നന്മണ്ട, തൗഹീദ അൻവർ, ഹബീബ് ചെറുപ്പ, കെ.ഇ. ഷബീർ എന്നിവർ പ്രസംഗിച്ചു. സമരസമിതി കൺവീനർ മുസ്തഫ പാലാഴി സ്വാഗതവും പി.കെ. സുഭാഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post