Trending

ജീവിതവിജയത്തിന്റെ രസതന്ത്രം: റഹിയാനബീഗം

ജീവിതവിജയത്തിന്റെ രസതന്ത്രം
റഹിയാനബീഗം (ലൈഫ് കോച്ച്)


എന്താണ് ജീവിതവിജയം? ഇത് എങ്ങിനെയാണ് സാധിപ്പിച്ചെടുക്കുക? എല്ലാവർക്കും ഇത് സാധ്യമാണോ?ഇങ്ങനെ നിരവധി ചോദ്യങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നു പോകാം. ജീവിതവിജയത്തിന് ഏഴു വഴികളിൽ തുടങ്ങി 101 വഴികളിൽ വരെ പുസ്തകങ്ങൾ എഴുതി പഠിപ്പിക്കുന്ന ഗ്രന്ഥകാരന്മാർ ഉള്ള കാലത്ത് ഞാൻ പറയുന്നത് അല്പം ധിക്കാരമാകുമോ എന്ന സംശയത്തോടെ കൂടിയാണ് ഈ കുറിപ്പ് ഇവിടെ രേഖപ്പെടുത്തുന്നത്.ഏതു തരത്തിലുള്ള വിജയമാണ് നിങ്ങൾക്കു വേണ്ടത് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിനുള്ള സൊല്യൂഷൻ. ഒരാളുടെ സംതൃപ്തിയാണ് ജീവിത വിജയത്തിന്റെ അടിയാധാരം.പല തരത്തിലുള്ള വിജയം ഉണ്ട്, വിജയത്തെ നമുക്കു നിർവചിക്കാൻ സാധ്യമല്ല.തന്റെ പ്രവർത്തനത്തിൽ ആത്മപ്രകാശനം നടക്കുന്നുണ്ടെങ്കിൽ അത് മഹാവിജയമായി നമുക്കു വ്യാഖ്യാനിക്കാം.

പണമല്ല ജീവിതവിജത്തിന് ആധാരം, മറിച്ച് അവനവൻ ചെയ്യുന്ന ജോലിയും വരുമാനവും എത്ര ചെറുതായാലും അതിൽ സംതൃപ്തി നേടാനും സന്തോഷമായി ജീവിക്കാനും അവന് അഥവാ അവൾക്ക് കഴിഞ്ഞാൽ ജീവിത വിജയം നേടിയതായി കണക്കാക്കാം. ഉദാഹരണമായി,മികച്ച ഒരു അദ്ധ്യാപകൻ,അദ്ദേഹത്തിന് ശമ്പളം കുറവായിരിക്കാം എങ്കിലും ഉള്ള വരുമാനം ഉപയോഗിച്ച് ഭാര്യയെയും മക്കളെയും സന്തോഷിപ്പിച്ച്, മക്കളെ പഠിപ്പിച്ച് അവർ നല്ല നിലയിലെത്തുകയും,ഒപ്പം അദ്ദേഹം പഠിപ്പിച്ച അനേകം കുട്ടികൾ വളർന്ന് ഉന്നത സ്ഥാനങ്ങളിലും ഉദ്യോഗങ്ങളിലും എത്തുകയും അവരെല്ലാം അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ ആ അദ്ധ്യാപകൻ ജീവിത വിജയം നേടിയ ആളാണ് എന്നു പറയാം.ഇനി ദാമ്പത്യ ജീവിതത്തിൽ വളരെ നല്ല ദാമ്പത്യജീവിതം നയിക്കുകയും നല്ല ഒരു ഭർത്താവ് /ഭാര്യയായിരിക്കുകയും കാമുകൻ/കാമുകി ആയിരിക്കുകയും കുട്ടികളുടെ അച്ഛൻ /അമ്മയായിരിക്കുകയും ചെയ്ത്, ഈ ലോകത്ത് നിന്ന് മടക്കം വളരെ ശാന്തനായി ജീവൻ ഉപേക്ഷിച്ചു പോകുന്നതും ഒരു ജീവിതവിജയമായി കണക്കാക്കാം.

എല്ലാവർക്കും അംബാനിയും അദാനിയും യൂസഫലിയും ആകാൻ സാധിക്കില്ല,ആകാൻ ശ്രമിച്ചിച്ചിട്ട് കാര്യവുമില്ല.താൻ തെരെഞ്ഞെടുക്കുന്ന മേഖലയിൽ വിജയം കൈവരിക്കുക തന്നെയാകണം ലക്ഷ്യം.ഏതു തരത്തിലുള്ള വിജയമാണ് നിങ്ങൾക്കു വേണ്ടത് എന്ന് തെരെഞ്ഞെടുക്കുന്നതിലാണ് ഔചിത്യം.എന്തിനാണ് മനുഷ്യൻ ഒരു കാര്യവുമില്ലാതെ എവറസ്റ്റ് കയറാൻ പോകുന്നത് വിജയത്തിന് വേണ്ടിയാണ്.ആധുനിക കാലഘട്ടത്തിൽ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും എന്തിനാണ് ഉസൈൻ ബോൾട്ട് ഓടാൻ പോകുന്നത്,അതും വിജയത്തിന് വേണ്ടിത്തന്നെ.എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് മനുഷ്യൻ ചന്ദ്രനിൽ പോകാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ ചൊവ്വയിൽ പോകാൻ ശ്രമിക്കുന്നത്, അവിടെയും ലക്ഷ്യം വിജയം തന്നെ.

എന്തിനാണ് ചില മനുഷ്യർ പസഫിക്ക് സമുദ്രം കുറുകെ നീന്തി കടക്കാൻ ശ്രമിക്കുന്നത്, അവിടെയും ലക്ഷ്യത്തെ മുറുകെ പിടിക്കുന്നു.അപ്പോൾ അവിടെയൊക്കെ ഉള്ളവരുടെ ജീവിത വിജയം എന്താണ് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം,ജീവിത വിജയം എന്നു പറയുന്നത് ആത്മപ്രകാശനമാണ് എന്നു മനസിലാക്കാം.

മഹാത്മജിയുടെ ശക്തി എന്തായിരുന്നു അദ്ദേഹത്തിന്റെ ശക്തി അത് ഒരിക്കലും കായിക ശക്തിയല്ല എന്ന് നമുക്ക് അറിയാൻ കഴിയും. അദ്ദേഹത്തിന്റെ ശക്തി ധാർമികമായ ശക്തിയാണ്. അതുകൊണ്ടും ജീവിത വിജയം നേടാൻ കഴിയുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരമാണ് ഇന്ത്യ സ്വതന്ത്രമായതും, അദ്ദേഹം നമ്മുടെ രാഷ്ട്രപിതാവായതും. കലകൾ കൊണ്ട് ലോകത്തെ പിടിച്ചു കുലുക്കാനും ലോകഹൃദയങ്ങളിൽ താളം പിടിക്കാനും കഴിയും,ഇത് മൈക്കിൾ ജാക്സൺ എന്ന മഹാനായ വ്യക്തി നമുക്കു കാണിച്ചു തന്നതാണ്.പന്തുകൊണ്ട് വിസ്മയം തീർത്തിരുന്ന പെലെ ഒരു വിജയമാണ്, അതുപോലെ ലോകഹൃദയങ്ങൾ കീഴടക്കിയ മറഡോണയും മെസ്സിയും അങ്ങനെ അനവധി നിരവധി പേരും തങ്ങളുടെ പ്രത്യേക തരത്തിലുള്ള കളികൊണ്ട് ലോകചരിത്രത്തിൽ ഇടംപിടിച്ചവരാണ്, അതും ജീവിതവിജയം തന്നെ.ഇതെല്ലാം കേവലം ഉദാഹരണങ്ങൾ മാത്രം.

ഒരു മലയോളം സ്വപ്നം കണ്ടാൽ ഒരു ചെറിയ കുന്നോളാമെങ്കിലും ലഭിക്കുകയുള്ളൂ എന്നാണല്ലോ ചൊല്ല്…sky is the limit, fly as much as you can.. പക്ഷെ ഇവിടെയൊരു പ്രശ്നമുണ്ട് നമ്മൾ പറന്ന് പറന്ന് അവസാനം ചിറകുകൾക്ക് പറക്കാൻ പറ്റാതെയാവും,അതിന് മുമ്പായി തിരിച്ചു പറക്കാനും നമ്മൾ പഠിക്കണം.അവിടെയാണ് പഴയ രാജാക്കന്മാർക്കും ഭരണാധികാരികൾക്കും പറ്റിയ പിഴവുകൾ…. അലക്സാണ്ടർക്കും ഔറംഗസീബിനും ഒക്കെ പറ്റിയതും ഇതൊക്കെത്തന്നെയാണ്. നമ്മൾ ചെറുപ്പത്തിൽ ഒരു കഥ പഠിച്ചിട്ടില്ലേ. സമ്പത്ത് വാരിക്കൂട്ടാനുള്ള അത്യാര്‍ത്തിയില്‍ ജീവിതം ദുരന്തമാക്കിയ ഒരു റഷ്യന്‍ കര്‍ഷകന്റെ കഥ. വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയുടെ വിശ്വവിഖ്യാതരചന 'ആറടി മണ്ണിന്റെ കഥ.. അത്രയേയുള്ളൂ മനുഷ്യജീവിതം.. സാധാരണ മുന്തിരി പുളിയ്ക്കും എന്നല്ലേ നമ്മൾ കേൾക്കാറ് എന്നാൽ മുന്തിരി മധുരിയ്ക്കും,എങ്ങിനെയെന്നോ, അധ്വാനിച്ചുണ്ടാക്കിയ മുന്തിരി നന്നായി മധുരിയ്ക്കും,അതിനാൽ സ്വപ്ങ്ങളുടെ പിറകെ പോകാതെ, സ്വപ്‌നങ്ങൾ യഥാർഥ്യമാക്കുക, യാഥാർഥ്യങ്ങളുടെ പിറകെ സഞ്ചരിക്കുക.അവിടെ ആദ്യമാദ്യം കയ്പായിരിക്കും പക്ഷെ ആ കയ്പ്പ് പിന്നീട് മധുരിയ്ക്കും.ഒരു പരാജിതന് /പരാജിതക്ക് ഒരുപക്ഷേ അവനും അവന്റെ/അവളും അവളുടെ ലോകവും ഇങ്ങനെയാവുമൊ അതോ അങ്ങനെയാവുമൊ എന്ന പരിഭ്രമം വേണ്ട. കാലക്രമത്തില്‍ അത്‌ വേണ്ടതുപോലെയാകുമെന്നത് തീര്‍ച്ചയാണ്, ആദ്യം വേണ്ടത്‌ അവനവന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നതാണ്‌. സ്വയം സുന്ദരമായൊരു വ്യക്തിത്വത്തിന്‌ ഉടമയാവുക.നിങ്ങളെ മറ്റൊരാള്‍ എങ്ങനെ കാണുന്നു എന്ന് വിചാരിച്ച്‌ ഖേദിക്കേണ്ട. അതവരുടെ കാര്യം. ആര്‍ക്കെങ്കിലും അഴുക്കു ചാലില്‍ കൂടി നടക്കാനാണ്‌ തോന്നുന്നതെങ്കില്‍ അങ്ങനെയാവട്ടെ,നടന്നു നടന്നു മടുക്കട്ടെ,തളരട്ടെ. ഒന്നേ നാം ഓർമ്മവയ്ക്കേണ്ടതുള്ളൂ, സ്വന്തം ജീവിതം സ്വച്ഛവും സുന്ദരവുമാക്കുക. എപ്പോഴെങ്കിലും ഒരിക്കല്‍ മറ്റുള്ളവർ അഴുക്കുചാലില്‍ നിന്നും തല ഉയര്‍ത്തിനോക്കുമ്പോള്‍ അവര്‍ നമ്മളെക്കണ്ട് അത്ഭുതപ്പെടട്ടെ, അവരുടെ മനസ്സില്‍ ഇങ്ങനെയൊരു തോന്നലുണ്ടാവട്ടെ, "ഇതുപോലെയൊരു ജീവിതം എനിക്കും നയിക്കാനായെങ്കില്‍!” സ്വന്തം ജീവിതത്തിലെ കയ്‌പാര്‍ന്ന അനുഭവങ്ങളാണ്‌ അവരെ ആ നിലയിലേക്ക്‌ തള്ളിവിട്ടത്‌."നല്ല മാറ്റങ്ങള്‍ വരുത്തണം’ എന്ന ചിന്ത മനസ്സിലുദിച്ചാല്‍ തീര്‍ച്ചയായും അവര്‍ക്കത്‌ സാധിക്കും. വ്യത്യസ്‌തമായൊരു ജീവിതശൈലി, അത്‌ നമ്മളെക്കണ്ടു പഠിക്കട്ടെ.

താമര! ഏറ്റവും ശ്രേഷ്‌ഠമായ ഒരു പ്രതീകമാണത്‌. കാരണമെന്താണെന്നോ, ചെളിയും ചേറും നിറഞ്ഞിടത്താണ്‌ താമര തഴച്ചു വളരുക.ആ ചേറില്‍ നിന്നാണ്‌ താമരയ്ക്ക്‌ അപൂര്‍വ്വമായ, അഭൗമമായ കാന്തിയും സൗരഭ്യവും കൈവരുന്നത്‌. അഴുക്കിനോടും, ദുര്‍ഗന്ധത്തിനോടും അകല്‍ച്ചയും വെറുപ്പും കാണിക്കുന്നതല്ല രീതി, സ്വയം ആ വൃത്തികേടിന്റെ ഭാഗമായിത്തീരുകയുമല്ല. ചേറിനേയും ചെളിയേയും അലൗകികമായ സൗന്ദര്യവും സൗരഭ്യവുമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ ഏതോ, അതാണ് നമ്മൾ ഓരോരുത്തരും കൊണ്ടുവരേണ്ട നമുക്ക് എത്തിപ്പിടിക്കാൻ കഴിയേണ്ട ജീവിതം…നമ്മുടെ സ്വപ്നങ്ങളെ ഒരിക്കലും വിട്ടുകൊടുക്കരുത്.അത് നേടുക തന്നെ വേണം.ജീവിതവിജയത്തിനായി നല്ല വിദ്യ സമ്പാദിക്കുക.നമ്മുടെ സമ്പത്തും പ്രതാപവും ഒരു മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയാലും, നമ്മൾ നേടിയ വിദ്യ എന്നും നമ്മോടൊപ്പംതന്നെയുണ്ടാകും.

ഒരു നല്ല ജീവിതത്തിന്‌ ഓരോ ദിവസവും ഏറ്റവും മികച്ചതാകേണ്ടിയിരിക്കുന്നു.പ്രഭാതങ്ങളെ ഉൽപാദനക്ഷമമാക്കാനും ജീവിതത്തില്‍ വിജയം നേടി തരാനും സഹായിക്കുന്ന ഒരു ശീലങ്ങളാണ്,സൈലന്‍സ്‌, അഫര്‍മേഷന്‍, വിഷ്വലൈസേഷന്‍, എക്‌സര്‍സൈസ്‌, റീഡിങ്‌, സ്‌ക്രൈബിങ്‌ എന്നിവ.ഒരു ദിവസത്തിന്റെ തുടക്കം നിശ്ശബ്ദമായ പ്രാർഥനയോടെയോ ധ്യാനത്തോടെയോ നിങ്ങള്‍ക്ക്‌ വന്നു ഭവിച്ച നല്ല കാര്യങ്ങള്‍ക്കായുള്ള നന്ദി പ്രകാശനത്തോടെയാകട്ടെ.പുതിയൊരു ദിവസം എന്തെങ്കിലുമൊക്കെ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന പോസിറ്റീവ്‌ പ്രസ്‌താവനകളാണ്‌ അഫര്‍മേഷനുകള്‍. ഞാന്‍ പ്രസ്‌തുത ലക്ഷ്യം കൈവരിക്കുമെന്ന്‌ സ്വയം പറഞ്ഞു ബോധ്യപ്പെടുത്തി മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതാണ്‌ അഫര്‍മേഷനുകള്‍.നിങ്ങളുടെ സ്വപ്‌നങ്ങളും കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളും ദൃശ്യങ്ങളായി സങ്കല്‍പിച്ചു നോക്കുക. നിങ്ങളുടെ സ്വപ്‌നം കൈവരിക്കുമ്പോള്‍ നിങ്ങള്‍ക്കും ചുറ്റുമുളളവര്‍ക്കും ഉണ്ടാകുന്ന സന്തോഷവും അപ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളുമൊക്കെ മനസ്സില്‍ ഒരു ചലച്ചിത്രംപോലെ സങ്കല്‍പിച്ചു നോക്കുക, ഇതാണ് വിശ്വലൈസേഷൻ.വ്യായാമം നിങ്ങളുടെ ഊര്‍ജത്തിന്റെ തോതിനെ ഉയര്‍ത്തുകയും നിങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യമുള്ള ശരീരത്തിലാണ്‌ ആരോഗ്യമുളള മനസ്സും ഉണ്ടാവുക.നിങ്ങളുടെ സ്വപ്‌നങ്ങള്‍ കയ്യെത്തി പിടിക്കാനും ജീവിതവിജയത്തിനും ആരോഗ്യമുളള ശരീരവും മനസ്സും അത്യാവശ്യമാണ്‌.ജീവിതവിജയത്തിന്‌ ആവശ്യമായ വഴികള്‍ കണ്ടെത്താനും ആവിഷ്‌കരിക്കാനും വായന നിങ്ങളെ സഹായിക്കും.ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുസ്‌തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ഒരു ജേണലിലോ ഡയറിയിലോ നിങ്ങള്‍ ഓരോ ദിവസവും ചെയ്യാന്‍ പോകുന്ന കാര്യവും മുന്‍ ദിവസം പൂര്‍ത്തിയാക്കിയ കാര്യങ്ങളുമൊക്കെ എഴുതി സൂക്ഷിക്കുക. ലക്ഷ്യബോധത്തോടെ മുന്നേറാന്‍ ഈ സ്‌ക്രൈബിങ്‌ നിങ്ങളെ സഹായിക്കും.

വൃക്ഷങ്ങളെ കണ്ടിട്ടില്ലേനമ്മൾ? നമ്മളാണ് വൃക്ഷങ്ങൾ എന്ന് സങ്കൽപ്പിക്കുക.വൃക്ഷത്തിന് പ്രത്യാശയുണ്ട്, മുറിച്ചാൽ അത് വീണ്ടും തളിർക്കും, അതിന് വീണ്ടും 'പുതിയ' ശാഖകൾ ഉണ്ടാകാതിരിക്കുന്നില്ല. വൃക്ഷത്തെപ്പോലെ പുതുമകളെ സ്വീകരിക്കാനുള്ള പക്വതയിലേയ്ക്ക് നമുക്ക് വളരാനാകണമെങ്കിൽ പുതുമകളെ , സാഹചര്യങ്ങൾക്കനുസൃതമായി അംഗീകരിക്കണമാദ്യം. പുതിയതിനെ കണ്ണടച്ചാക്ഷേപിക്കുന്നതിന് മുൻപ് അവയുടെ ഉദ്ദ്യേശശുദ്ധി കണക്കിലെടുത്ത് അവർക്കൊരു കൈത്താങ്ങാകാൻ കഴിഞ്ഞാൽ നമ്മിലെ ചില പുതുമകൾക്ക് അത് നല്ലൊരു തുടക്കമാകും.

വിശ്വസാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ "ദി ആൽകെമിസ്റ്റ്"എന്ന പുസ്തകത്തിൽ പറയുന്നത് പോലെ നമ്മൾ നിൽക്കുന്നിടമാണ് സ്വർഗ്ഗം, അല്ലാതെ അത് തേടിയലയുകയല്ല വേണ്ടത്.നമ്മൾ എന്തിനു വേണ്ടിയാണോ അലഞ്ഞത് അത് അവിടെ തന്നെയുണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.ജീവിതത്തിൽ നമുക്കൊരു സിഗ്‌നേച്ചർ രചിക്കാനായെങ്കിൽ ജീവിതവിജയം നേടി യവരുടെ കൂട്ടത്തിൽ നമ്മളും എത്തിച്ചേരും, തീർച്ച.

Post a Comment

Previous Post Next Post