പ്രൊഫഷണൽ
രചന : അഷ്‌കർ വരന്തരപ്പിള്ളി
Wiras, knowledge city
ഡൽഹിയിലെ ചേരികളിലൂടെ നടക്കുന്നത് എനിക്കെന്നും ഉന്മേഷം കൊള്ളിക്കുന്ന കാര്യമാണ്.
ജി. ചന്ദ്രൻ IAS എന്ന് മേശപ്പുറത്ത് കനത്തിലുള്ള അക്ഷരം തെളിഞ്ഞു വന്നിട്ടും ഇന്നേ വരെ വൈകുന്നേര നേരങ്ങളിലുള്ള എന്റെ നടത്തം മുടങ്ങിയിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസം മുമ്പാകണം പ്രേമനാഥ് എന്നോട് പറഞ്ഞത്,
"വല്യ ഉദ്യോഗസ്ഥനായിട്ടും തനിക്കൊക്കെ എന്താടോ ഒരക്ഷരമാറിയാത്ത ഓടകളിൽ അറപ്പും വെടിപ്പുമില്ലാത്തവരുടെ ഇടയിൽ കൂടി നടക്കാനിത്ര മോഹം?
അയാളുടെ ഈ കെട്ടരീതി വിചിത്രമായ പെരുമാറ്റമാണെനിക്ക് തോന്നിയില്ല.
തനിക്കാടോ അറപ്പും വെടിപ്പുമില്ലാത്തതെന്നാണ് എനിക്ക് പറയാൻ തോന്നിയത്.
അവരിൽ നിന്ന് അഴുക്കിലും ചേറിലും ഉഴുതുമറിഞ്ഞു ഉയർന്നു വന്ന എനിക്കറിയാം അവരുടെയൊക്കെ ഓരോ വിയർപ്പിന്റെ വില.
ഇന്ത്യയിലെ മികച്ച സാക്ഷരത നിരക്കുള്ള നഗരമെന്നുള്ള കേളി വെറും പൊള്ളയാണെന്ന് മനുഷ്വത്വ ബോധമില്ലാത്ത ദേ..
ഇയാളിൽ നിന്ന് മനസ്സിലാക്കാം.
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോ നന്നേ വൈകിയിരുന്നു.
പരാതിയും പരിഭവും നാൾക്ക് നാൾ വർധിച്ചു വരുന്നുണ്ട്. ഇതിൽ നിന്നൊക്കെയൊരു ആശ്വാസം ഞാൻ കണ്ടെത്തുന്നത് അലക്ഷ്യമായ നെടുവീർപ്പോടെയാണ്.
ഉള്ളിലേക്ക് ആഞ്ഞു വലിച്ചു ശ്വാസം വിടുന്നത് കൂടി കൂടി വന്നപ്പോഴാണ് ഓഫീസ് ക്ലർക് സഹീർ എന്നോട് ചോദിച്ചത്.
"സാറിന് എന്താ ആസ്മ രോഗമുണ്ടോ?
യോഗ്യമായ ഉത്തരം അതിനില്ലാത്തത് കൊണ്ട് ഒരു പുഞ്ചിരിയിൽ ഞാനയാൾക്ക് മറുപടി കൊടുത്തു.
സൂര്യൻ മറയാനൊരുങ്ങുന്നു.
വൈകുന്നേര സായാഹ്നം.
കൂടെ തന്റെ സുഹൃത്തായ വിഘ്നേഷും നടക്കാനായി വന്നു.
അവനൊരു മുടന്തനാണ്.കാലിന് ഏറ്റക്കുറച്ചിൽ വന്ന ഒരുത്തൻ,പക്ഷെ നടന്നു നീങ്ങുമ്പോൾ സാധാ ഒരു മനുഷ്യൻ നടക്കുന്നതുപോലെ നടക്കുകയും ചെയ്യും.
അശോക് വിഹാറിലെ ചെരുപ്പ് നിർമ്മാതാക്കളോട് പ്രത്യേകം പറഞ്ഞു ഉണ്ടാക്കിച്ചെടുത്തതാണ് ആ ചെരുപ്പെന്ന് ആരും പറയേ ഇല്ല.'
ഇത്രയും പൈസ ചിലവാക്കി ഇടക്കിടെ ചെരുപ്പ് മാറ്റുന്നതിന് പകരം നിന്റെ സ്വത്വസിദ്ധ കഴിവിൽ നിനക്ക് നടന്നാൽ പോരെ' എന്നൊരിക്കെ ഞാൻ അവനോട് ചോദിച്ചു.
അമർഷം നിറഞ്ഞ വാക്കിൽ അവന് എന്നോട് പറഞ്ഞു:
ചന്ദ്രാ നമുക്ക് പ്രൊഫഷണൽ സ്റ്റാന്റർഡ് വേണം.
നമ്മുടെ കുറവുകൾ അപരന് മുന്നിൽ അറിയിക്കാനേ പാടില്ല.
അവർക്ക് ആർത്തുറക്കെ ചിരിക്കാനുള്ള ഒരവസരവും നമ്മളായി ഉണ്ടാക്കി കൊടുക്കരുത്.
സമൂഹത്തിലെ അടിത്തട്ടിൽ നീചമായ ജോലി ചെയ്യുന്ന കക്കൂസ് വൃത്തിയാക്കുന്ന തൊഴിലാളിയാണ് നീ എന്ന് സങ്കൽപ്പിക്ക്, എന്നാൽ നീ അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലേണ്ടത് അഴുക്ക് പുരണ്ട വ്യത്തിഹീനമായ വസ്ത്രം ധരിച്ചു കൊണ്ടല്ല.
നല്ല ചൊറു ചൊർക്കുള്ള വസ്ത്രമിട്ടാ വരേണ്ടത്. ഗൾഫിലേക്ക് മീൻ മാർക്കറ്റിലേക്കും ഇറച്ചി മാർക്കറ്റിലേക്കും മറ്റും പോകുന്നവരെ നീ കണ്ടിട്ടില്ലേ എന്താ ഒരു സ്റ്റൈൽ. അതാണ് ചന്ദ്രാ നമുക്കും വേണ്ടത്.
അവൻ പറഞ്ഞു വെച്ചതിന്റെ ആശയം എന്നെ ചിന്താ നിമഗ്നനാക്കി.
അതേ പോലെ പ്രഫഷണൽ സ്റ്റാൻഡേർഡ് ഓരോരുത്തരുടെയും മനസ്സിൽ കുടിയിരുത്തപ്പെട്ടെങ്കിലൊന്ന് ഞാൻ ആശിച്ചു പോയി.
അങ്ങനെയുള്ള പരിവർത്തനം നടന്നിരുന്നെങ്കിൽ ഡൽഹിയിലെ ചേരികൾ എക്കാലത്തും അപ്രത്യക്ഷമാകുമായിരുന്നു.കടല കൊറുക്കിയുള്ള നടത്തത്തിൽ അശോക് വിഹാറിലെ കൂലിപ്പണിക്കാരൻ സേതുവിനെ പറ്റി ഇടക്കിടെ നാവുയർന്നു.
സേതുമായുള്ള നടത്തത്തിൽ വീട്ടുജോലി, കുടുംബ വിശേഷങ്ങൾ, പ്രാരാബ്ദങ്ങൾ എല്ലാം ഞങ്ങളുടെ സംസാരത്തിൽ കടന്നു വരും .
അടക്കിപ്പിടിച്ച ഇത്തരം വേദനകളുടെ വേദനസമാഹാരി ഒന്ന് പതുക്കെ കേട്ടു നിൽക്കലാണെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് കേട്ടു നിൽക്കലാണ് പതിവ്.
എന്നാൽ ഒരാഴ്ച കടന്നു സേതുവിനെയൊന്ന് കണ്ടിട്ട്.
എന്നും നിരന്തരം ശബ്ദം കേൾക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു സേതുവിന്റെ ഇല്ലായ്മ ശരീരത്തിന് എന്തൊക്കെയോ ഒരു അസ്വാസ്ഥ്യം തോന്നിപ്പിക്കുന്നുണ്ട്.
അന്നത്തെ രാത്രി എന്തൊക്കെയോ എന്നെ പിടിമുറുക്കുന്നുണ്ടായിരുന്നു.കണ്ണടച്ചു കഴിഞ്ഞാൽ ആരുടെയോ ക്രൂരമായ നിലവികൾ കാതിൽ തുളച്ചു കയറിക്കൊണ്ടിരുന്നു.
ഓരോ രോമകൂപങ്ങളിൽ നിന്നും വിയർപ്പ് തുള്ളികൾ പൊടിഞ്ഞു.
അസഹ്യമായ പൊറുതി മുട്ടലായപ്പോൾ ഞാൻ ബാൽക്കണിയിലേക്ക് ചുവട് വെച്ചു.
നഗരം ഇപ്പോഴും തിളങ്ങി മറിഞ്ഞു നിൽക്കുന്നുണ്ട്. ഉറക്കം മൺമറഞ്ഞു പോയതിൽ കണ്ണുകൾ അടയാതെ പരന്നു നിന്നു.
നാളത്തെ ഓഫീസ് ജോലിയുടെ ഭാരമോർത്തു ഞാൻ ബെഡിലേക്ക് പൂഴ്ന്നു വീണു.
ഉറക്കം മഷിയിട്ട് നോക്കിയാലും കാണില്ലെന്നുറപ്പായിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു. എപ്പോഴോ നിദ്രയുടെ ആലസ്യത്തിലേക്ക് ഞാൻ വഴുതി വീണിരുന്നു.
പ്രഭാതത്തിന്റെ ഉഷ്ണം കൊള്ളുന്ന വെയിൽ മുഖത്തേക്ക് കിനിഞ്ഞെഴുന്നേൽക്കുമ്പോൾ സമയം ഒൻപതിനോട് അടുത്തിരുന്നു.
പതിവിലും വിപരീതമായി കണ്ട ദുരൂഹ സ്വപ്നങ്ങളുടെ ആഘാതമാകണം ഇത്രയും നേരം ഉറക്കിലകപ്പെട്ടു പോയത്.
ഓഫീസിന്റെ പതിവ് മുറകളിലും താളം തെറ്റി.
അന്നത്തെ അസ്തമയ നടത്തത്തിന് വിഘ്നേഷും ആരും കൂടെയില്ലായിരുന്നു.
ധൃതിപ്പെട്ടു ഞാൻ നടന്നു.
എത്രയും പെട്ടെന്ന് വീട്ടിലേക്ക് എത്തിച്ചേരണമെന്നേ ചിന്തയുണ്ടായിരുന്നുള്ളു.എന്റെ ദേഹാസ്വസ്ഥത യുടെ ഉത്തരം ആ വഴിവക്കിൽ എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു.
അശോക് വിഹാറിലെ സേതു വിന്റെ വീടിന്റെ മുമ്പിലായിരുന്നു ആ ആൾക്കൂട്ടം.
കിതച്ചു കൊണ്ട് അവിടേക്ക് ചെല്ലുമ്പോൾ കണ്ണിൽ നിന്നുതീർന്നു വീഴാൻ ഒരറ്റ തുള്ളി പോലും ബാക്കിയില്ലന്ന ഇരുപ്പിലായിരുന്നു സേതു. കണ്ണുകൾ സജലമായി ഒഴുകിയതിന്റ ഒട്ടിപ്പിടിച്ച പാടുകൾ മുഖത്തിൽ പറ്റിപ്പിടിച്ചു നിന്നു.
നൈരാശ്യം കലർന്ന കണ്ണിൽ ദുഃഖത്തിന്റെ തീവ്രത ചുവപ്പ് നിറത്തിലായി തെളിഞ്ഞു കണ്ടു.
സേതു എന്താണ് കാര്യം?
എന്ത് പറ്റി നിനക്ക്,?
ആ ചോദ്യത്തിന്റെ ഉത്തരം അടക്കിപ്പിടിച്ച തേങ്ങലായിരുന്നു.
പാടുപെട്ട് പറയുമ്പോഴും ആ തേങ്ങലുകൾ നെഞ്ചിൽ തങ്ങി നിൽക്കുന്നത് പോലെ തോന്നി.
"എന്റെ മോൾ
അവളെ കാണാനില്ല ചന്ദ്രാ...
ഇന്നേക്ക് രണ്ട് ദിവസം കഴിഞ്ഞു.
ഈ രണ്ട് രാവും പകലും ഒരു പോള കണ്ണടച്ചിട്ടില്ല, ദേ നോക്ക്.
എന്റെ ഭാര്യയെ.കരഞ്ഞു കലങ്ങിയ കണ്ണുകൾ രണ്ടും വീർത്തു മുട്ടിയിരിക്കുന്നു.
ഞാൻ എന്ത് ചെയ്യണം ചന്ദ്രാ.
"പോലീസിൽ അറിയിച്ചില്ലേ?"
"അന്ന് രാത്രി സ്റ്റേഷൻ കയറിയിറങ്ങിയതാണ്, ഇത് വരെ ഡൽഹി പോലീസ് അന്വേഷണത്തിനായി കാൽ കുത്തിയിട്ടില്ല,വരണെങ്കിൽ കയ്യിൽ ചുരുട്ട് ക്യാഷ് ഇട്ടു കൊടുക്കണം.
ചേരികളിൽ ജീവിക്കുന്ന നീചന്മാരായിപോയില്ലേ ഞങ്ങൾ.
അവന്റെ ഹൃദയത്തിനേറ്റ പിടച്ചിൽ എന്റെ ചെവികളിൽ ആഴ്ന്നു പതിക്കുന്നുണ്ടായിരുന്നു.
കാ ലാന്തരങ്ങൾ കടന്നു പോയാലും മാറ്റമില്ലാതെ ഈ ദുർനടപ്പ് എന്നുമെന്നും നടന്നു കൊണ്ടിരിക്കും.
കാരണം ഇവർ ഒന്നിനും കൊള്ളാത്ത മനുഷ്യരാണ്.
വിദ്യാഭ്യാസമില്ലാത്തവർ, കള്ളന്മാർ അങ്ങനെ എന്തൊക്കെയോ മുദ്രകുത്താൻ കഴിയുമോ അതൊക്ക ഇവരുടെ മേൽ മുദ്രണം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഒരു തെറ്റ്, ഒരേയൊരു തെറ്റാണ് ഈ ചേരിവാസികൾ ചെയ്തുപോയത് ഈ ലോകത്തേക്ക് ഭൂജാതരായിത്തീർന്നു അത്ര തന്നെ,
ഞാൻ എന്റെ അധികാരത്തിൽ സിറ്റി കമ്മിഷണറെ വിളിച്ചു നോക്കി.
ഒരു റിങ്ങിൽ കാൾ അറ്റന്റ് ചെയ്തു.മറുപടിയൊന്ന് കേൾക്കേണ്ടതായിരുന്നു.
"സർ ഞങ്ങൾ ഇറങ്ങാൻ നിൽക്കായിരുന്നു.
ഇപ്പൊ എത്തും സർ.
പേടിച്ചരണ്ടു പോയതോ എന്തോ പെട്ടെന്ന് ആ കാൾ നിലച്ചു പോയി.
രണ്ടേ രണ്ട് ദിവസം പിന്നിട്ടിട്ടും ഇതേ വരെ ഒരു റിപ്പോർട്ട് പോലും അതിനെ ചൊല്ലി വന്നിട്ടില്ല.
എന്നിലത് ഒരു തരം രോഷം ജനിപ്പിച്ചു.
സേതുവിനോട് ഞാൻ എന്ത് പറയണം.
ഒരക്ഷരം ഉരുവിടാതെ ഞാൻ നിന്നു.അധികാര മേലാളന്മാർ ഭരണ ദുർവ്യയം നടത്തുന്നതിന്റെ അനന്തരഫലം അനുഭവിക്കുന്നത് എന്റെ ഈ വർഗം തന്നെയാണ്.
ചേരികളുടെ മക്കൾ.
സൂര്യൻ കടലിൽ മുങ്ങാനായുള്ള കുതിപ്പിൽ ആകാശം ചുവന്നു ലങ്കി.
ഇത്രയും നേരമായിടട്ടും അവിടെയുള്ള അന്തേവാസികൾ അല്ലാതെ മറ്റാരും ആ വഴിക്ക് കടന്നു വന്നില്ല.
കാൾ അറ്റൻഡ് ചെയ്തതിൽ പിന്നെ പൊടുന്നനെ കട്ട് ആക്കിയത് എന്നോടുള്ള അവഹേളനമാണെന്ന് മനസ്സിലായി.
അവർക്ക് ബോധ്യപ്പെട്ടു കാണും.ഞാനൊരു ചേരി വാസിയായിരുന്നുവെന്ന്.ഉയർന്ന ഉദ്യോഗത്തിന്റെ വില ഇത്രയേ ഉള്ളു.
എന്റെ നിസ്സഹായതയെ ഓർത്തു ഞാൻ വെമ്പൽ കൊണ്ടു.
സേതുവിനോട് പോകാണെന്ന് പറയുവാൻ തോന്നിയില്ല
അവിടന്ന് ഇറങ്ങി നടന്നു.
തൊണ്ടയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കുരുങ്ങി നിന്നു.
പിറ്റേന്ന് ഓഫീസിലേക്കുള്ള വാഹനം ഗേറ്റ് വേയും കടന്നു വരുമ്പോൾ ഞാനൊരുങ്ങി നിൽക്കായിരുന്നു.
ഒന്നും പറയാനില്ലാതെ എന്റെ അകം ശ്മശാന മൂകതയിലമർന്നു.
തലസ്ഥാനത്തെ ഡ്രൈനേജ് വഴിയാണ് വാഹനം കടന്നു പോവുക,അഴുക്കു ചാലുകൾ മഴക്കാലം വരുന്നതിനു മുമ്പേ തന്നെ വൃത്തിയാക്കുമെന്ന് മന്ത്രിയുടെ പ്രസ്താവന കണ്ടിരുന്നു.
അതിന്റെ ഭാഗമെന്നോണം ദ്രുതഗതിയിൽ വൃത്തിയാക്കൽ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
അശോക് വിഹാറിലൂടെ കാർ മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു.
ഓടകൾ വൃത്തിയാക്കുന്ന തൊഴിലാളികൾ എന്തോ എടുത്തു പൊന്തിക്കാൻ കിണഞ്ഞു ശ്രമിക്കുന്നത് കണ്ടു.
എടുത്തു പൊക്കി കുപ്പയിലേക്ക് ഇടുമ്പോൾ അവസാനം രണ്ടു കൈകൾ പുറത്തേക്ക് ഉയർന്നു വന്നു.
എന്റെ കണ്ണുകൾ തള്ളി, ഒരു ഭയപ്പാടുമില്ലാതെ തുടർപണിയിലേക്കവർ നീങ്ങാൻ ഒരുങ്ങുന്നു.
ഞാനാകെ സ്തബ്ദനായി കഴിഞ്ഞിരുന്നു.ഡ്രൈവറിനോട് കാർ ഒതുക്കാൻ പറഞ്ഞു.
എന്നെ കണ്ടതും അവരിൽ വിഭ്രാന്തി കണ്ണുകളിൽ നിറഞ്ഞു വന്നു.
"എന്താടോ അത്"
"ഒന്നുമില്ല സർ,ഓടയിലെ ചെളി കെട്ടി നിന്ന് കൂമ്പാരമായതാണ് "
അതൊന്നും ശ്രവിക്കാൻ നിൽക്കാതെ ഞാൻ മുന്നോട്ട് ചെന്നു.
എനിക്കറിയാമായിരുന്നു അതൊരു മനുഷ്യന്റെ ജഡമാണെന്ന്,
"ഇതൊരു മനുഷ്യന്റെ മൃതുദേഹമല്ലേ"
നിങ്ങളുടെ കൈകൾ വിറ കൊള്ളാത്തത് എനിക്ക് ഭയം തോന്നുന്നു.
അഴുക്കു ചാലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഈ മനുഷ്യ ജന്മത്തെ നിങ്ങൾക്ക് എങ്ങനെ വലിച്ചെറിയുവാൻ തോന്നുന്നു."
ഒരക്ഷരം അവർ മറുപടി പറഞ്ഞില്ല
ഞാൻ ആ ദേഹത്തെ പരിശോധിച്ചു നോക്കി.
ആ ചേതനയറ്റ ശരീരം അളിഞ്ഞു തുടങ്ങിയിരുന്നു.
മുഖമാകെ വിവർണ്ണമായത് കൊണ്ട് ആരാണെന്ന് തിരിച്ചറിയൽ അസാധ്യമായിരുന്നു.
ആ ചെറു കൈകളിൽ പിണച്ചു കെട്ടിയ ചരടിൽ കോർത്ത മണികൾ എന്നെ വല്ലാതാക്കി, നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു പൊന്തി,ആ ദേഹത്തിന്റെ വണ്ണവും വലിപ്പവും ആ വ്യക്തിയുടെ രൂപം എന്റെ മനസ്സിൽ കൊത്തി വലിച്ചു.
എന്നുമെന്നും കണ്ട് സന്തോഷം പങ്കിടുന്ന ദേവുന്റെതായിരുന്നു ആ ശരീരം.
സേതുവിന്റെ മകൾ, അവളായിരുന്നു ആ അഴുകിയ ശരീരത്തിന്റെ ഉടമ.
ചോദ്യശരണങ്ങൾ അവരോട് മല്ലിടാൻ തുടങ്ങിയപ്പോൾ വഴി വക്കിലുള്ള മനുഷ്യ കൂട്ടങ്ങൾ ഓരോരുത്തരായി അവിടേക്ക് ധൃതിപെട്ട് വന്നു .
നിർഭാഗ്യകരം പറയട്ടെ, ആൾകൂട്ടത്തിനിടയിൽ എന്നെ കാണാൻ വേണ്ടി അശോക് വിഹാറിൽ നിന്ന് സൈക്കിൾ ചവിട്ടി വന്ന സേതുവുമുണ്ടായിരുന്നു ആ കൂട്ടത്തിൽ..
ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല,ചെളിയിൽ പൊതിഞ്ഞ ശരീരമേതെന്ന് ചികഞ്ഞന്വേഷിക്കേണ്ട ആവശ്യം സേതുവിനില്ലായിരുന്നു,വെറും കാഴ്ചയിൽ അവൻ ഉറപ്പിച്ചു കാണും, അത് തന്റെ മകളാണെന്ന്.
പിന്നീട് അവിടന്ന് കണ്ടത്, നിലവിളിയായിരുന്നു.മകളെ നഷ്ടപ്പെട്ടയൊരു പിതാവിന്റെ സങ്കടപ്പെയ്ത്ത്.
നെഞ്ചകം കീറി പൊളിക്കുന്ന വേദനയിൽ പലരും കണ്ണുകൾ തുടച്ചു.
രണ്ട് ദിവസം മുമ്പ് എന്നെ ഉറക്കം കെടുത്തിയ നിലവിളി സേതുവിന്റെതാനെന്നെനിക്ക് ബോധ്യപ്പെട്ടു.
ആംബുലൻസിലേക്ക് കയറ്റി വെക്കുമ്പോൾ കൈകളിൽ ചുവന്ന മുറിപ്പാടുകൾ കണ്ടു.
കണ്ണുകളിൽ ചെകുത്താന്റെ നിറം പറ്റിപിടിച്ച ഒരു മനുഷ്യൻ അവളെ ഉപയോഗപ്പെടുത്തിരിക്കുന്നു.ബലാത്കാരത്തിൽ മരിച്ചത്,
അല്ലെങ്കിൽ പുറം ലോകം അറിയാതിരിക്കാൻ ഓടയിൽ കൊന്നു തള്ളിയത്.
അവളുടെ അവസാന വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ടു,
"ചേട്ടാ ഒരുനാൾ ഞാനും ചേട്ടനെ പോലെ ആകും.
ഈ ചേരികളുടെ മക്കൾ എന്നെ വാനോളം ഉയർത്തും.
താഴ്ത്തി കെട്ടിയ മനുഷ്യർ അന്ധാളിച്ചു നോക്കും.
ഇതേയുള്ളൂ ചേട്ടാ ഞാൻ ആഗ്രഹിക്കുന്നത് "
ആ അഭിലാഷങ്ങൾ അവളോടൊപ്പം ഹൃദയത്തിൽ കുരുങ്ങി നിൽക്കുന്നുണ്ടാകും.ഇനി ആഗ്രഹങ്ങൾക്ക് ജീവന്റെ തുടിപ്പില്ല.
മണ്ണിലേക്കുള്ള യാത്രക്കായി അവൾ ഒരുങ്ങി കഴിഞ്ഞു.
വേണ്ടതായ നടപടികൾ ചെയ്തു കൊടുത്തു ഞാൻ സേതുവിന് മുഖം കൊടുക്കാതെ തിരിഞ്ഞു നടന്നു.
അടക്കം ചെയ്യാനൊരുങ്ങുമ്പോൾ ഹൃദയത്തിൽ അലിവില്ലാത്ത മനുഷ്യർ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു.
അസഹ്യമായ വേദന പുരണ്ട വേളയിലും സേതുവിന്റെയും ദേവൂന്റെയും ഫോട്ടോകൾ അവർ മാറിമാറി എടുത്തു.
എന്തിനെന്ന ചോദ്യം അസ്ഥാനത്താണ്. ചിലപ്പോൾ അവർക്ക് പോലും അറിഞ്ഞു കൊള്ളണമെന്നില്ല,കാല ചക്രത്തിന്റെ കറക്കം എത്രയോ ഉരുളുന്നുവോ സേതുവിന്റെയും ദേവുന്റെയും മുഖം അത്രയും നാൾ ജനങ്ങളുടെ മനസ്സിൽ കാലഹരണപ്പെടാതെ പതിഞ്ഞു കിടക്കും.
വിഘ്നേഷിന്റെ വാക്കുകൾ എനിക്ക് ഓർമ്മയിൽ വന്നു.
നമുക്ക് പ്രൊഫഷണൽ സ്റ്റാൻഡേർഡ് വേണം. സമൂഹത്തിലെ ഓരോരുത്തരും പ്രൊഫഷണൽ ആയിരിക്കുന്നു.
അപരന്റെ യാതനകൾ വേദനകൾ ഒന്നും നമ്മുടേതല്ല എന്ന ചിന്തയാണോ പ്രഫഷണൽ.
കണ്ടില്ലേ, ഡ്രൈനേജ് വൃത്തിയാക്കുന്നവർ ദേവൂന്റെ ശരീരം എടുത്തു വലിച്ചെറിയാൻ മുതിർന്നത്.
വിഘ്നേഷിന്റെ വാക്കുകൾ കടം കൊണ്ടാൽ നമ്മുടെ കുറവുകൾ പുറമെ കാണിക്കാതെ നടക്കുക എന്നല്ലേ,ഒന്നുമറിയാത്ത അറം പറ്റിയ മനുഷ്യരായി മാറുക അതാണ് ഈ കാലഘട്ടത്തിലെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്.
ദുഃഖഭാരം പേറി,തീവ്രമായ വേണ്ടാ ചിന്തകൾ എന്റെ ഹൃദയത്തെ മുറിപ്പെടുത്തികൊണ്ടിരുന്നു.
ഓർക്കും തോറും വ്രണങ്ങളായി അത് പൊട്ടിയൊലിച്ചു.
നടന്നു നീങ്ങുമ്പോൾ ദേവൂന്റെ വാക്കുകൾ എന്നെ കാർന്നു തിന്നു.
"ചേട്ടാ ഒരുനാൾ ഞാൻ ചേട്ടനെ പോലെയാകും"
ഇനിയങ്ങോട്ട് തീരാദുഃഖത്തിലേക്ക് തള്ളിവിടുന്ന ഈ വാക്യമല്ലാതെ മറ്റൊന്ന് കാണില്ലെന്നുറപ്പാണ്.
രചന : അഷ്‌കർ വരന്തരപ്പിള്ളി
Wiras, knowledge city
7510814907
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
Tags:
Articles