Trending

സ്വന്തം ഭവനപദ്ധതി പ്രഖ്യാപിച്ച് രാമനാട്ടുകര നഗരസഭാ ബജറ്റ്

സ്വന്തം ഭവനപദ്ധതി പ്രഖ്യാപിച്ച് രാമനാട്ടുകര നഗരസഭാ ബജറ്റ്



രാമനാട്ടുകര:
നഗരസഭയുടെ സ്വന്തം ഭവനപദ്ധതിയും വയോജനങ്ങൾക്ക് പോഷകാഹാരപദ്ധതിയും പ്രഖ്യാപിച്ച് രാമനാട്ടുകര നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ്. നഗരസഭാധ്യക്ഷ ബുഷറ റഫീക്കിന്റെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കെ. സുരേഷ് ബജറ്റ് അവതരിപ്പിച്ചു. 41.347 കോടി രൂപ വരവും 38.739 കോടി രൂപ ചെലവും 2.61 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ചെയർപേഴ്‌സൺസ് ഹൗസിങ് പ്രോജക്ട് (സിഎച്ച്പി) എന്ന പുതിയ ഭവനപദ്ധതി അവതരിപ്പിച്ചു. ഇതിനായി 2.56 കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയത്. നഗരസഭയിലെ 31 വാർഡിലുമായി 64 വീടുകൾക്കായി നാലുലക്ഷം രൂപ വീതം അനുവദിക്കും. രാമനാട്ടുകരയുടെ ചിരകാലാഭിലാഷമായ മിനിസ്റ്റേഡിയം നിർമാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടനിർമാണത്തിന്റെ പൂർത്തീകരണത്തിനായി 3.5 കോടി, കുഴികളില്ലാത്ത നഗരപാതകൾ പദ്ധതിക്കായി 2.5 കോടി, രണ്ട് പുതിയ സ്മാർട്ട് അങ്കണവാടി നിർമിക്കാൻ 56 ലക്ഷം രൂപ, കുടുംബാരോഗ്യകേന്ദ്രത്തിൽ ഫിസിയോതെറാപ്പി -സ്പീച്ച് തെറാപ്പി ഉപകരണങ്ങൾ വാങ്ങാൻ 10 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

നഗരസഭയിൽ നിലവിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് പുറമേ പുതിയൊരു യൂണിറ്റ് തുടങ്ങാൻ പദ്ധതിയുണ്ട്. ഇതിനായി 10 ലക്ഷം രൂപ ഉൾപ്പെടുത്തി. വയോജനങ്ങൾക്ക് കണ്ണടയും വെപ്പുപല്ലും നൽകുന്ന പദ്ധതിക്ക് അഞ്ചുലക്ഷം വകയിരുത്തി. വയോജനങ്ങൾക്ക് പോഷകാഹാരം നൽകുന്ന നൂതനപദ്ധതിക്ക് 20 ലക്ഷവും ഉൾപ്പെടുത്തി. പട്ടിക വിഭാഗക്കാർക്ക് ഇൻവേർട്ടർ ലൈറ്റ് നൽകുന്ന വെട്ടംപദ്ധതിക്കും പട്ടികവിദ്യാർഥികൾക്ക് സൈക്കിൾ വാങ്ങാനും മൂന്നുലക്ഷം രൂപ വീതം വകയിരുത്തി. കുടിവെള്ളസ്രോതസ്സുകളുടെ പുനരുജ്ജീവനവും സംരക്ഷണത്തിനുമായി 26.5 ലക്ഷമാണുള്ളത്. ജൈവ പുഷ്പക്കൃഷിക്കും പച്ചക്കറിക്കൃഷിക്ക് കൂലിച്ചെലവ് സബ്‌സിഡി കൊടുക്കാനും രണ്ടുലക്ഷം രൂപ വീതവും ബജറ്റിലുണ്ട്.

Post a Comment

Previous Post Next Post