നബിദിനാഘോശങ്ങളിൽ നാം അങ്ങുതപ്പെടേണ്ടതുണ്ടോ?
രചന : റസീൻ എസ്.പി
ഈ മാസത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്നു ഉറപ്പാ...നാടുകളിലെയും നഗരങ്ങളിലെയും പള്ളികളിലും വീടുകളിലും പതിവില്ലാത്ത ഒരു പതിവ് കാണപ്പെടുന്നു.മൗലിദ് വചനങ്ങളാലും സംഗീത സ്വരങ്ങളാലും ആകാശങ്ങൾ പ്രകമ്പനംകൊള്ളുന്നു.പന്ത്രണ്ടാം തീയതിയിലേക്കടുക്കുന്തോറും എൻ്റെ ചുറ്റുവട്ടത്ത് റബീഇൻ്റെ പോരിശ കൂടി വരുന്നതായി തോന്നുന്നു . പ്രവാചകൻറെ മദ്ഹുകൾ ഞാൻ പാടാതെ തന്നെ കേൾക്കുന്നു. ഈ പുണ്യമാസത്തിൽ പാവപ്പെട്ടവർ സങ്കടപ്പെടുന്നില്ല, പട്ടിണി കിടക്കുന്നവരും സങ്കടപ്പെടുന്നില്ല, പിന്നെ ഞാനെന്തിന് സങ്കടപ്പെടണം. ഭൂമിയിലേക്ക് ദിവ്യ വെളിച്ചം എത്തിയ ദിവസത്തിനായി ഏവരും കാത്തിരിക്കുന്നു.കാത്തിരിപ്പിനും ഒരു സന്തോഷമുണ്ടെന്ന് അന്ന് എനിക്ക് മനസ്സിലായി . പള്ളി മിനാരങ്ങളിൽ മുഴങ്ങി കേൾക്കുന്നത് മുക്രി ഉസ്താദിൻ്റെ ബാങ്ക് വിളി മാത്രമല്ല എന്ന് ശ്രദ്ധിച്ചു കേട്ടപ്പോൾ എനിക്ക് മനസ്സിലായി.അത് പ്രവാചക സ്നേഹത്തിൻറെ വചനങ്ങളായിരുന്നു . ആർക്കും പരിഭവമില്ല പരിഭ്രാന്തിയുമില്ല. എല്ലാവരും ഒന്നായി പ്രവാചകൻ്റെ മദ്ഹുകൾ ഏറ്റുചൊല്ലുന്നു. പള്ളിയിൽനിന്നും ഇറങ്ങി വരുന്നവർക്ക് എന്തോ പൊതി കൊടുക്കുന്നുണ്ട് ഭക്ഷ്യവസ്തുക്കളാവാനാണ് സാധ്യത.മുതിർന്നവരും കുട്ടികളുമടക്കം വളരെ സന്തോഷത്തോടെ അത് സ്വീകരിച്ച് വീട്ടിലേക്ക് മടങ്ങുന്ന അതിമനോഹരമായ കാഴ്ച. സുബഹി ബാങ്ക് വിളിച്ചാൽ പോലും ഉറക്കമുണരാത്ത ചിലർ ബാങ്കിന് മുന്നേ തന്നെ പള്ളിയിലേക്ക് പോകുന്നു. ഇതിൽ അത്ഭുതപ്പെടാനില്ലെന്ന് പിന്നെ എനിക്ക് മനസ്സിലായി. എല്ലാ പള്ളികളും മദ്രസകളും വർണ്ണവൈവിധ്യങ്ങളാലും ലൈറ്റുമാലകളാലും അലങ്കരിക്കപ്പെട്ടിട്ടുണ്ട്. ഞാൻ വീണ്ടും കിടക്കാൻ ഒരുങ്ങുമ്പോഴാണ് പുറത്തുനിന്നും പ്രവാചക മദ്ഹുകൾ കേൾക്കുന്നത്. ആ വരികൾ എന്നെ വല്ലാതെ ആകർഷിപ്പിച്ചു. ഞാൻ ആകാംക്ഷയോടെ ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഒരുകൂട്ടം ജനങ്ങൾ മിക്കവരും വെള്ള വസ്ത്രധാരികളാണ് സൂക്ഷിച്ചു നോക്കിയപ്പോൾ കുട്ടികളുമുണ്ടെന്ന് മനസ്സിലായി.എല്ലാവരും പ്രവാചകന്റെ മധുഹുകൾ ഏറ്റുപാടുന്നുണ്ട്. എല്ലാവരുടെയും മുന്നിൽ രണ്ടുപേർ ഒരു വലിയ ബാനർ പിടിച്ചു നിൽക്കുന്നതായും കണ്ടു അതിനുമുന്നിൽ കുറച്ചു കുട്ടികൾ ദഫ് കളിക്കുന്നുണ്ട് വീണ്ടും ഒന്ന് കണ്ണുമിഴിച്ച് നോക്കിയപ്പോൾ കറുത്ത ഷർട്ടും പാന്റ്സും ധരിച്ച് സ്കൗട്ട് ടീമും അണിനിരന്നതായി കാണാൻ കഴിഞ്ഞു. കയ്യിൽ ഗ്ലൗസ് ഉണ്ട് ട്ടോ.. അവരുടെ പ്രകടനം ഞാൻ സസൂക്ഷ്മംവീക്ഷിച്ചുകൊണ്ടിരുന്നു. ആരോ എന്നെ കൂവി വിളിക്കുന്നതായി തോന്നുന്നു. ആരാണെന്ന് തിരിഞ്ഞു നോക്കിയപ്പോൾ രമേശൻ ങ്ഗേ.....ഇവനെന്താ ഇവിടെ കാര്യം പിന്നാലെ മാവേലിയും ഉണ്ടല്ലോ ഓ .. ഇന്ന് ഓണം ആണെന്ന കാര്യം ഞാൻ വീണ്ടും ഓർത്തെടുത്തു . റാലിയിൽ നടക്കുന്നവർക്കൊക്കെ എന്തൊക്കെയോ തിന്നാനും കുടിക്കാനും കിട്ടുന്നുണ്ട്.കുറച്ചു നേരമായി വെള്ള തൊപ്പി ധരിച്ച ഒരു ചെറുപ്പക്കാരൻ എന്നെ ശ്രദ്ധിക്കുന്നു.പെട്ടെന്ന് ഒരു പൊതിയുമായി വന്നു അതെൻ്റെ കയ്യിൽ തന്നിട്ട് പോയി . ആരാണെന്ന് പറഞ്ഞതുമില്ല ഞാൻ അന്വേഷിച്ചതുമില്ല.ഇതിലും അത്ഭുതപ്പെടാനില്ലെന്ന് എനിക്ക് മനസ്സിലായി.കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പോയി കിടന്നു. ഉറക്കം കിട്ടാതെ ആയപ്പോൾ ഫോണെടുത്ത് വെറുതെ വാട്സ്ആപ്പ് തുറന്നുനോക്കി.കുറേ പേർ ഓണാശംസകൾ എന്ന് സ്റ്റാറ്റസ് വെച്ചിട്ടുണ്ട്, കുറേ പേർ നബിദിനാശംസകൾ, മറ്റുചിലർ നബിദിനോണാശംസകൾ എന്നും . നാട്ടിലെ ഗ്രൂപ്പിൽ എന്തോ ഒരു വീഡിയോ വന്നിട്ടുണ്ട് എടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത് റാലി മാത്രമല്ല കുട്ടികളുടെ വിവിധതര കായികമത്സരങ്ങൾ രാവിലെ നടന്നിട്ടുണ്ടെന്ന് . ഓട്ടം , ചാട്ടം എന്നിങ്ങനെ തുടങ്ങി മിഠായി പറക്കൽ വരെ ഉണ്ടായിരുന്നു.ഇതിലും അത്ഭുതപ്പെടാൻ ഒന്നുമില്ല.കായിക പരിപാടികൾക്കപ്പുറം അതിഗംഭീരമായി കലാപരിപാടികളും സംഘടിപ്പിക്കപ്പെടുന്നുണ്ടെന്ന റിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമായി.പ്രവാചക സ്നേഹം വെളിപ്പെടുത്തുന്നത് പല രീതികളിലാണെങ്കിലും ബാക്കിയാകുന്നത് അവിടത്തേക്കുള്ള സ്നേഹം മാത്രമാണ്.അവർക്ക് തൻറെ പ്രവാചകനോടുള്ള സ്നേഹത്തെ അളക്കുവാൻ സാധിക്കുമെന്നെനിക്ക് തോന്നുന്നില്ല.പ്രവാചകന് തൻറെ ജനതയോടുള്ള സ്നേഹവും പറഞ്ഞറിയിക്കുവാൻ പറ്റാത്തതാണ്.ഇതിലും അത്ഭുതപ്പെടേണ്ടതില്ല എന്ന് എനിക്ക് മനസ്സിലായി കാരണം തൻ്റെ മരണസമയം കഠിനവേദന അനുഭവിക്കുന്ന സമയത്തും പ്രവാചകൻ ഓർത്തത് തൻ്റെ ജനതയെയാണെങ്കിൽ തൻ്റെ ഉമ്മത്തിനെ യാണെങ്കിൽ പ്രവാചകനോട് അവർ കാണിക്കുന്ന സ്നേഹത്തിന് ഞാൻ എന്തിന് അത്ഭുതപ്പെടണം.
Tags:
Articles