കലാലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി: ബലിപെരുന്നാൾ ഇശൽ വിരുന്നും ആദരിക്കലും നടത്തി
മാവൂർ: കേരള കലാലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ഇശൽ വിരുന്നും പ്രമുഖരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കലാലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ചെറൂപ്പ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ ഗാനവിരുന്ന് ഉദ്ഘാടനം ചെയ്തു. കേരള കലാലീഗ് സംസ്ഥാന പ്രസിഡന്റ് ടി.എം.സി. അബൂബക്കർ മുഖ്യാതിഥിയായിരുന്നു.
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. വിദേശത്തും നാട്ടിലും മുസ്ലിം ലീഗ് അനുകൂല സംഘടനകൾക്ക് രൂപം നൽകി സാമൂഹിക-ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ടി.എം.സി. അബൂബക്കർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ കലാലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി. മുനീറത്ത് ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ സന്ദേശം ജനങ്ങളിലെത്തിച്ച 'കില്ലിംഗ് ഡ്രഗ്സ്' എന്ന ടെലിസിനിമയിലെ നായകനും കലാലീഗ് ജില്ലാ പ്രസിഡന്റുമായ സുബൈർ നെല്ലൂളി, സിനിമ-സീരിയൽ രംഗത്തെ സജീവ സാന്നിധ്യവും ഹിപ്നോതെറാപ്പിസ്റ്റുമായ തൽഹത്ത് കുന്ദമംഗലം, സാമൂഹിക സേവനരംഗത്തെ മാതൃകാ പ്രവർത്തനങ്ങൾക്ക് കലാലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുജീബ് എടക്കണ്ടി, സാമൂഹിക പ്രവർത്തകൻ അബ്ദുള്ളക്കുട്ടി ചെറൂപ്പ എന്നിവരും ആദരവ് ഏറ്റുവാങ്ങി. ചെയർമാൻ തൽഹത്ത് കുന്ദമംഗലം ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി. ഉമ്മർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സുബൈർ നെല്ലൂളി ഗാനവിരുന്ന് നിയന്ത്രിച്ചു. എൻ.സി. മുഹമ്മദ്, ഉമ്മയ്യ കുതിരാടം, നജ്മ ബഷീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മാവൂർ ബഷീർ കൽപള്ളി സ്വാഗതവും സുബൈദ പി.ടി. നന്ദിയും പറഞ്ഞു.
Tags:
Mavoor News

