Trending

അപരിചിതർ: ചെറുകഥ രചന : ദിവ്യ ഷഫീക്ക്‌

അപരിചിതർ
ചെറുകഥ
രചന : ദിവ്യ ഷഫീക്ക്‌


കുഞ്ഞു മകളുടെ കയ്യും പിടിച്ചു തിരയിൽ കാലു നനച്ചു നിൽക്കുമ്പോൾ ആരതിയുടെ കണ്ണുകൾ ദൂരെ ചക്രവളത്തിൽ പതിഞ്ഞു.അവളുടെ ഓർമകൾ വർഷങ്ങൾ പിന്നിലേക്ക് പോയി.....

പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം പുറമെ കോൺഫിഡന്റ് എന്ന് തോന്നിയാലും തെല്ലു നെഞ്ചിടിപ്പോടെ ആരതി ഓഫീസിലേക്കു കയറി . റിസപ്ഷനിൽ തിരക്കിയ ശേഷം മാനേജരുടെ ക്യാബിനിലേക് പോയി.



ആരതി : മെയ് ഐ കം ഇൻ,             സർ?
സർ: എസ് , കം ഇൻ
ആരതി : ഗുഡ് മോർണിംഗ് സർ,ഐ ആം ആരതി,പുതിയ  അപ്പോയ്ന്റ്മെന്റ് ആണ് .
സർ: ഓ,ആരതി  ! ഗുഡ് മോർണിംഗ്  , പ്ളീസ് ബി സീറ്റെഡ് .ഐ ആം ആസിഫ് .

( കോളിങ് ബെൽ അടിക്കുന്നു, ഒരു ലേഡി സ്റ്റാഫ് ക്യാബിനിലേക്കു വന്നു )

ആസിഫ് :  മെറിൻ,ഇത് ആരതി,ജോബ് ഡീറ്റെയിൽസ് ഒക്കെ ഒന്ന് പറഞ്ഞു കൊടുക്കണം .

മെറിൻ: ഷുവർ സർ. ആരതി , പ്ളീസ് കം .




അവർ ക്യാബിനിൽ നിന്നും ഇറങ്ങിയതും എല്ലാ കണ്ണുകളും അവളിലേക്കായി . മുഖത്ത് ചെറിയ ഒരു ചിരിയോടെ അവൾ മെറിന്റെ അടുത്ത ടേബിളിൽ ചെന്നിരുന്നു. ബ്രേക്ക് ടൈം ആയപ്പോഴേക്കും എല്ലാവരും  വന്നു പരിചയപെട്ടു .അവൾക്കു സന്തോഷമായി. കൂടുതൽ കംഫർട്ടബിൾ  ആയ പോലെ തോന്നി. ആദ്യ ദിനം കടന്നു കിട്ടി.  ദിവസങ്ങൾ കടന്നു പോകവെ ജോലി ഒക്കെ പഠിച്ചു. അവളുടെ ജോലിയിൽ മാനേജരും ഇമ്പ്രെസ്സ്ഡ്  ആയി. ഒരു പ്രധാന അസ്സയ്ൻമെൻറ്  വന്നപ്പോ പതിവിനു വിപരീതമായി മെറിനൊപ്പം ആരതിയെ കൂടെ ആസിഫ് ക്യാബിനിലേക് വിളിപ്പിച്ചു. ഈ വർക്ക്  ആരതി കൂടെ അസ്സിസ്റ്റ്‌ ചെയ്യട്ടെ, എന്തെങ്കിലും  ഡൌട്ട് ഉണ്ടെങ്കിൽ മെറിനോട് ചോദിക്കാൻ ആരതിയോട്  പറഞ്ഞു. മെറിന് അത് തീരം ഇഷ്ടപ്പെട്ടില്ല.എന്നാലും അവൾ അത് പുറത്തു കാണിച്ചില്ല.

ആരതി കിട്ടിയപാടെ അസ്സയ്ൻമെൻറ്  നന്നായി റിസർച്ച് ചെയ്യാൻ തുടങ്ങി ഡൌട്ട്  വന്നപ്പോ മെറിനോട് ചോദിച്ചെങ്കിലും മെറിൻ മനഃപൂർവം ഒഴുഞ്ഞു മാറുന്നതായി അവൾക്കു മനസിലായി.

രണ്ടു ദിവസത്തിനു ശേഷം അപ്ഡേറ്റിനായി ആസിഫ് വീണ്ടും അവരെ വിളിപ്പിച്ചു ഡൗട്ട്ക്ലിയർ ചെയ്യാത്തതിന് മെറിന് താക്കിത് നൽകി . ചെയ്ത വർക്കിന്‌ ആരതിയെ പ്രശംസിക്കുകയും ചെയ്തു. ഇതോടെ ഓഫീസിലെ അന്തരീക്ഷം ആകെ മാറി .

പിറ്റേന്ന് മുതൽ ഓഫീസിൽ ആകെ പിറുപിറുപ്പു, കളിയാക്കി ചിരികൾ ,അടക്കം പറച്ചിലുകൾ ആരതി ആകെ ഒറ്റപ്പെട്ടു.....

 കുറച്ചു ദിവസങ്ങൾ കഴിഞ്ഞു....അവൾ പതിവുപോലെ വീട്ടിൽ വന്നു ഫ്രഷായി ഭക്ഷണം ഒക്കെ കഴിഞ്ഞു ഫോൺ നോക്കിയൊരിക്കുകയായൊരുന്നു .അവളുടെ ഫോണിലേക്കു ഒരു കാൾ വന്നു .നമ്പർ മാത്രമേ ഉള്ളു .അറിയാത്ത നമ്പർ ആയതുകൊണ്ട് തന്നെ അവൾ അത് എടുത്തില്ല. രണ്ടു തവണ വിളിച്ചപ്പോൾ അവൾ കാൾ എടുത്തു.

ആരതി :  ഹലോ
മറുവശത്തു : ഹലോ, ഞാൻ ആസിഫ് ആണ്. ഇതെന്റെ 
പേഴ്സണൽ നമ്പർ ആണ്. 

ആരതി( അവൾ ഒന്ന് പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു) : എന്താ സർ ?

ആസിഫ് : ഓഫീസിൽ നടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ട് .തന്നോട് ചോതിച്ചില്ലെന്നേ ഉള്ളു.വിഷമിക്കണ്ട ,എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് ചോദിച്ചോളൂ ഞാൻ ക്ലിയർ ചെയ്തു തരാം.

ആരതി: അതൊന്നും ഞാൻ സീരിയസ് ആയി എടുത്തിട്ടില്ല സർ.

ആസിഫ് : ഞാൻ തന്നെ സപ്പോർട്ട് ചെയ്യുന്നതാണ് അവിടുത്തെ വിഷയം.കഴിവുള്ളവരെ സപ്പോർട്ട് ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് എന്റെ പക്ഷം. 

ആരതി : താങ്ക് യു സർ .

ആസിഫ്: ഓക്കേ, ബൈ, ടേക്ക് കെയർ.

ആരതിക്ക് അത് വലിയ ആശ്വാസമായി. വലിയ ഒരു ഭാരം ഇറങ്ങിയപോലെ തോന്നി. കുറെ ദിവസങ്ങൾക്കു ശേഷം അവൾ സ്വസ്ഥമായി ഉറങ്ങി.പിറ്റേന്ന് എന്നത്തേതിലും ഉത്സാഹത്തോടെ അവൾ ഓഫീസിൽ  എത്തി. മറ്റെല്ലാം മറന്നു ജോലിയിൽ മുഴുകി. വൈകിട്ട് വീട്ടിലെത്തി പതിവ്പോലെ ഫ്രഷായി ഫോൺ നോക്കി കിടന്നു .ഫോൺ റിങ് ചെയ്യുന്നു അവൾ ഫോണെടുത്തു.

ഞാൻ ആസിഫ് ആണ്. ഇന്ന് ഒഫീസിൽ എങ്ങനെ ഉണ്ടായിരുന്നു. താൻ ഓക്കേ അല്ലെ.

ആരതി : അതെ സർ

ആസിഫ്: വെറുതെ വിളിച്ചതാണ്. താൻ ഇന്ന് വർക്ക് ചെയ്യുന്നത്  കണ്ടപ്പോൾ  കൂൾ ആണെന്നു തോന്നി. അതാ വിളിച്ചത്.

(അവളുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു .)

ആസിഫ്: എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട. ഓക്കേ ഗുഡ് നൈറ്റ് .
ആരതി: ഗുഡ് നൈറ്റ്

പിറ്റേന്ന് ഓഫീസ്കഴിഞ്ഞു വീട്ടിലെത്തി കിടക്കാൻ പോയ അവൾ എന്തോ പ്രതീക്ഷിച്ചു...തെറ്റിയില്ല ഫോൺ റിങ് ചെയ്യുന്നുണ്ട് .... ഒറ്റ ബെല്ലിൽ  അവൾ ഫോൺ എടുത്തു... അതെ  ആസിഫ് സർ തന്നെ...

ആസിഫ്: താൻ ഉറങ്ങിയില്ലേ
ആരതി : ഇല്ല
ആസിഫ് : തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?

ആ സംഭാഷണം  പതിനഞ്ചു മിനുട്ടോളം നീണ്ടു. തികച്ചും കാഷ്വൽ ആയ സംഭാഷണം. അവൾക്കു ഒരു നല്ല സുഹൃത്തിനെ കിട്ടിയ ആശ്വാസം.

പിറ്റേന്ന് ഓഫീസിൽ  എത്തിയ അവൾ ,തലേ ദിവസം തന്നോട് സംസാരിച്ച സുഹൃത്തിനോടുള്ള അതേ അടുപ്പത്തിൽ ഉള്ളിൽ അല്പം വിറയലോടെ ക്യാബിനിലേക്  ചെന്നു.

ആസിഫ് : ഇന്നലത്തെ ഫയൽസ് സെൻറ് ചെയ്തോ ? (തികച്ചും ഗൗരവത്തോടെ ഉള്ള ചോദ്യം .)

ആരതി :ചെയ്തു സർ.

ആസിഫ്: എല്ലാം അപ്ഡേറ്റ് ചെയ്യണം.

ആരതി : ഷുവർ സർ, ചെയ്യാം .

അവൾ തെല്ലു സംശയത്തോടെ പുറത്തേക്കിറങ്ങി. ഇന്നലെ തന്നോട് സംസാരിച്ച ഒരു ഭാവവും ആ മുഖത്തില്ല. അവൾക്കു വല്ലാത്തൊരു തരിപ്പ് തോന്നി. പതിവ് പോലെ വീട്ടിലെത്തി... കിടക്കാറായപ്പോ ഫോൺ റിങ് ചയ്തു.. അവൾ എടുത്തു. അവൾ അൽപം ഗൗരവത്തോടെ ഹലോ പറഞ്ഞു.
ആസിഫ് : എന്താടോ തന്റെ ശബ്ദത്തിനൊരു ഘനം.
ആരതി : ഈ ആൾ തന്നെ അല്ലെ ഇന്ന് ഓഫീസിൽ ഉണ്ടായിരുന്നത്.

ആസിഫ് : (ഒന്ന് ചിരിച്ചിട്ട് പറഞ്ഞു ) അതെ ഞാൻ തന്നെ ഓഫീസിൽ നമ്മൾ അപരിചിതർ ആയിരിക്കും. തനിക്കു വേണ്ടുന്ന സപ്പോർട്ട് ഞാൻ ചെയ്യും അത് പോരെ. എന്റെ പരിചയം തനിക്കു അവിടെ ഗുണം ചെയ്യില്ല. വെറുതെ അവർക്കു കൂടുതൽ പറഞ്ഞുണ്ടാക്കാൻ അവസരം കൊടുക്കണോ. തനിക്കൊരു നല്ല സുഹൃത്തായി ഞാൻ ഉണ്ടാകും .

ആരതി :ഉം 

ദിവസങ്ങൾ കടന്നുപോയി....

 സംഭാഷണത്തിന്റെ ദൈർഘൃം  കൂടി. ഓഫീസിലെ അപരിചിതത്വം അതുപോലെ നിന്നു.പക്ഷെ ആസിഫിന്റെ സൗഹൃദം അവൾക്കു ആശ്വാസവും ബലവും ആയി.

ഒരു ദിവസം ആസിഫ് പതിവുപോലെ വിളിച്ചു.

ആസിഫ്: തനിക്കെന്നെ എത്രനാളായി അറിയാം?
ആരതി:നാല് മാസം .
ആസിഫ്: എന്നെ കുറിച്ച് എന്താ തന്റെ അഭിപ്രായം.
ആരതി : (ഒന്ന് ചിരിച്ചു ) നല്ല അഭിപ്രായം
ആസിഫ്: താൻ കരുതുന്നപോലെ ഞാൻ അത്ര പെർഫെക്റ്റ് ഒന്നും  അല്ല .
ആരതി: എന്തു പറ്റി സർ? എന്താ വല്ലാതെ?ചോതിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്.കുടിച്ചിട്ടുണ്ടോ?!!
ആസിഫ് : ഇന്നിത്തിരി ഓവർ ആയി.
(ആരതി  നിശബ്ദയായി  )
ആസിഫ് തുടർന്നു : ഞാൻ ഒരു ഡിവോർസീ ആണ് .ഇത് ഓഫീസിൽ ആർക്കും അറിയില്ല .ഇന്ന്  എന്റെ വിവാഹ മോചനം കഴിഞ്ഞിട്ട് ഒരു  വർഷം ആയി .

(ആരതി ഒന്ന് ഞെട്ടി ,അവൾക്കു ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല )

ആസിഫ് തുടർന്നു :ഞാൻ ഓഫീസിൽ നിന്നെത്തിയാൽ കുറച്ചു സമയം വ്യായാമം ചെയ്യും , പിന്നെ ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ചിട്ട് രണ്ടു പെഗ് കഴിക്കും. ആർക്കും ശല്യമില്ല.....എന്റെ റൂമിലാണ്. എന്റെ വീട്ടിൽ ഉമ്മയും ,ഉപ്പയുമെ ഉള്ളു.രണ്ടുപേരും റിട്ടയേർഡ്  ആയവരാണ്. തനിക്കു ഉറങ്ങാറായില്ലേ...

ആരതി : ആയി

ആസിഫ്: അപ്പൊ ഓക്കേ നാളെ കാണാം

ഫോൺ വെച്ച ശേഷം അവൾ എന്തോ ആലോചിച്ചു കുറെ നേരം കിടന്നു . മനസ്സാകെ ഇളകി മറിയുന്ന പോലെ .സങ്കടം വരുന്നുണ്ടോ? അറിയില്ല! എപ്പോഴൊ അവൾ ഉറങ്ങിപ്പോയി...

പിറ്റേന്ന്  ഓഫീസിൽ എത്തി ക്യാബിനിലേക് ചെന്നു.പതിവുപോലെ തന്നെ...മാറ്റമൊന്നുവില്ല....
അതെ  ഗൗരവം, അതെ അപരിചിതത്വം ... ബോസ്...

രാത്രിയായി ....  ആസിഫ് വിളിച്ചു .... കാൾ എടുക്കണൊ എന്നവൾ ആലോചിച്ചു.... രണ്ടു മൂന്നുതവണ ആയപ്പോ അവൾ കാൾ എടുത്തു .

ആരതി : ഹലോ
ആസിഫ്: എന്താടോ ഫോൺ എടുക്കാനൊരു താമസം .
ആരതി: ഞാൻ ഇത്തിരി ജോലിയിലാരുന്നു.
ആസിഫ്: ഓ! അപ്പൊ ഞാൻ വെക്കണോ
ആരതി: സർ, പറഞ്ഞോളൂ
ആസിഫ് :രണ്ടു മാസത്തിനകം ഞാൻ യുകെയ്ക്ക്  പോകും.തന്നോടാ ഞാൻ ആദ്യം പറയുന്നത്.
(അവൾ വീണ്ടും നിശബ്ദയായി)

ആസിഫ്: അവിടെ മഴ പെയ്യുന്നുണ്ടോ ?
ആരതി:ഇല്ല
ആസിഫ്: ഇവിടെ പെയ്യുന്നുണ്ട്. ഞാനിപ്പോൾ പതിവ് പെഗ് കഴിച്ചിട്ടു കാറിൽ ഇരിക്കുകയാണ് .എന്താ മഴയുടെ ഭംഗി,തണുപ്പ്......

( ആരതിയുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ട് ,അവൾ നിശബ്ദയായി)

ആസിഫ്: നമുക്കൊരു ഡ്രൈവ് പോയാലോ ?
ആരതി : ഇപ്പോഴോ? !!
ആസിഫ്: അയ്യോ താൻ വരണ്ട, ജസ്റ്റ് ഇമാജിൻ .
ആരതി: ഓ !!!
ആസിഫ്: എന്നാൽ താൻ കാറിൽ കയറിക്കോ ,ഫ്രണ്ട് സീറ്റിൽ ഇരിക്കണം.
ആരതി: മ്മ്മ്
ആസിഫ്: തനിക്കു ഡ്രൈവിംഗ് അറിയുവോ?
ആരതി: ഇല്ലാ!!
ആസിഫ്:ഓക്കേ ,എന്ന ഞാൻ ഡ്രൈവ് ചെയ്യാം .നമുക്ക് ബീച്ചിൽ പോകാം.
ആരതി: ഈ മഴയത്തൊ ?
ആസിഫ്: അതെ, മഴക്കെന്താ കുഴപ്പം ?
(ആരതി  ഒന്നും മിണ്ടാതെ ഇരുന്നു .)
ആസിഫ്:ദേ ബീച്ച് എത്തി ഇറങ്ങിക്കോളൂ.. കണ്ടോ!!! മഴ തോർന്നു ,ആകെ തണുപ്പ്, ഇരുട്ട്..,........   കടലിന്റെ ഇരമ്പൽ തനിക്കു കേൾക്കാമോ ?
ആരതി : കേൾക്കാം..
ആസിഫ്: താനെന്റെ കയ്യിൽ ഒന്ന് പിടിച്ചേ..നമുക്ക് കടൽ തീരത്തേക്ക് നടക്കാം...

ആരതി: (പരിഭ്രമത്തോടെ) അഹ് എന്ന് പറഞ്ഞു ...

ആസിഫ് : എന്താ തനിക്കു നെഞ്ചിടിക്കുന്നുണ്ടോ? വാടോ ...
ആരതി :ആഹ്
ആസിഫ്: ഇപ്പോൾ ഈ തിരയിൽ കാലു നനച്ചു നിൽക്കുമ്പോൾ തനിക്കെന്തു തോന്നുന്നു??

ആരതി : അറിയില്ല...

ആസിഫ്: ഞാൻ പറയട്ടെ... അല്ലെങ്കിൽ വേണ്ട......

ആരതി ഒന്ന് പകച്ചു....ആകെ പരവേശം...ശരീരം വിറക്കുന്നുണ്ട്.....സംസാരിക്കാൻ കഴിയുന്നില്ല.....

ആസിഫ്: ഞാൻ പിന്നോട്ട് നടക്കുകയാണ്... താൻ ഇനി എന്നെ തിരിഞ്ഞു നോക്കരുത്....

ആരതിക്കു ഒന്നും മനസിലാകുന്നില്ല....

ആസിഫ്: തനിക്കു നല്ലൊരു സുഹൃത്തിനെ ആവശ്യമായിരുന്നപ്പോൾ ഞാൻ ഉണ്ടായിരുന്നു ....ഇപ്പോൾ തനിക്കെന്റെ ആവശ്യം ഇല്ല... ഓഫീസിൽ മാനേജ് 
ചെയ്യാൻ തനിക്കു കഴിയും...... അതെനിക്കുറപ്പുണ്ട് ... അതിനുമപ്പുറം എന്നെ തനിക്കാവശ്യം ഇല്ല.....

ആരതി ആകെ തളർന്നു...കണ്ണുകൾ നിറയുന്നുണ്ട്.... ചുണ്ടുകൾ വിറക്കുന്നുണ്ട്.... അവൾ നിശബ്ദയായി.....

പിറ്റേന്ന് മടിച്ചു മടിച്ചു അവൾ ഓഫീസിൽ എത്തി.... ക്യാബിനിൽ ആസിഫ് ഉണ്ട്.... പതിവ് തിരക്കുകൾ തന്നെ.. അതെ ഗൗരവം... ബോസ്.... ഇപ്പോൾ അവർ തികച്ചും "അപരിചിതർ"....

വീട്ടിലെത്തി ജോലി ഒതുക്കി കിടക്കാൻ പോയി ...സമയം ഏറെ വൈകി... അവൾ ഉറങ്ങിയില്ല....ഉറങ്ങാൻ കഴിയുന്നില്ല... ഫോൺ നിശ്ചലം.... അത് ഇനി അടിക്കില്ലെന്നു അവൾക്കു ബോദ്ധ്യമായി.... കുറെ ആലോചിച്ചു കിടന്ന ശേഷം കലങ്ങി മറിഞ്ഞ മനസ്സുമായി അവൾ എപ്പോഴോ ഉറക്കത്തിലേക്കു വീണു ....

എന്തിനു വന്നു, എന്തിനു പോയി, അയാൾ തനിക്കു ആരായിരുന്നു ഒന്നും മനസിലാകാതെ ഒരുപാടു  ചോദ്യങ്ങൾ ബാക്കി ആക്കി അയാൾ അകന്നു.....

പെട്ടന്നു ഒരു തണുത്ത കൈ അവളെ തൊട്ടു.... പോകണ്ടേ..... (അവൾ അയാളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു)  പോകാം രോഹൻ....

ചില ബന്ധങ്ങൾ ഇങ്ങനെയാ.... നിർവ്വചനങ്ങളില്ലാതെ എന്തൊക്കെയോ   ആയി അവശേഷിക്കും......
രചന : ദിവ്യ ഷഫീക്ക്‌

Post a Comment

Previous Post Next Post